മൂന്നുവര്‍ഷം മുന്‍പ് യുവതി ആത്മഹത്യ ചെയ്തത് കുമ്പസാരം ചോര്‍ന്നതില്‍ മനംനൊന്ത്; ആത്മഹത്യാ കുറിപ്പില്‍ വൈദികന് നേരെ ആരോപണം

കോട്ടയം: മൂന്നുവര്‍ഷം മുന്‍പ് യുവതി ആത്മഹത്യ ചെയ്തത് കുമ്പസാര രഹസ്യം പുറത്തായതില്‍ മനംനൊന്തെന്ന് ആരോപണം. 2015 ഒക്ടോബര്‍ 21ന് ചെങ്ങന്നൂര്‍ കോടിയാട്ട് കടവില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ലില്ലി ജോര്‍ജിന്റെ ആത്മഹത്യക്കുറിപ്പില്‍ ഒരു വൈദികന്റെ പേരുമുണ്ടായിരുന്നെന്ന് ഇടവകാംഗം ആരോപിച്ചു.

തേക്കുങ്കല്‍ സെയ്ന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമായിരുന്ന ലില്ലി ജോര്‍ജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ അന്നത്തെ ഇടവക വികാരിക്ക് പങ്കുണ്ടെന്നാണ് പരാതി. അന്വേഷണം ആവശ്യപ്പെട്ട് സഭാനേതൃത്വത്തിന് പരാതി നല്‍കിയ സഭാംഗമായ എബ്രഹാം ജോര്‍ജിനെ പത്തുവര്‍ഷത്തേക്ക് ഇടവക ചുമതലകളില്‍നിന്ന് വിലക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃതദേഹത്തിന് സമീപത്തുനിന്നു ലഭിച്ച കുറിപ്പില്‍ ഇടവക വികാരിയുടെയും ഒരു സ്ത്രീയുടെയും പേര് പറയുന്നുണ്ട്. വൈദികനെ അറസ്റ്റ് ചെയ്യണമെന്നും ഇതിലുണ്ട്. ഈ കുറിപ്പ് എബ്രഹാമിന്റെ കൈവശമുണ്ട്. സംഭവത്തില്‍ കോയിപ്രം പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പൂര്‍ത്തിയായില്ല. ഇതിനുപിന്നില്‍ സഭാനേതൃത്വത്തിന് പങ്കുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു.

കേസിന്റെ ആരംഭഘട്ടംമുതല്‍ വൈദികനെ സംരക്ഷിക്കുന്ന നിലപാടാണ് സഭാനേതൃത്വം സ്വീകരിച്ചത്. യുവതിയുടെ ഭര്‍ത്താവും താനുള്‍പ്പെടുന്ന ഇടവകാംഗങ്ങളും ആത്മഹത്യക്കുറിപ്പിന്റെ ആധികാരിത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പോലീസ് മേധാവിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കുറ്റാരോപിതനായ വൈദികന്‍ ഇന്നും സഭയില്‍ ഉയര്‍ന്ന സ്ഥാനത്ത് തുടരുന്നുണ്ടെന്നും ഇയാളെ സഹായിക്കാന്‍ ഇടവക മെത്രാപോലീത്ത ശ്രമിച്ചെന്നും എബ്രഹാം ജോര്‍ജ് പറഞ്ഞു.

ആത്മഹത്യാ കുറിപ്പ്:

എന്റെ മരണത്തിന് കാരണം അച്ചനും ……. ഉം ആണ്. അവരെ അറസ്റ്റുചെയ്യണം. എന്നെ അപമാനിച്ചു. അതുകൊണ്ട് എനിക്ക് മനോവിഷമം ഉണ്ടായി. ദയവുചെയ്ത് ഇവരെ വെറുതേ വിടരുത്. പള്ളിയില്‍ ഈ അച്ചന്‍ വന്നാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. അച്ചന്‍ ഞങ്ങളെ അപമാനിച്ചു. അതുകൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യണം.

ചോര്‍ന്ന കുമ്പസാരം

ഇടവക വികാരിയുടെ മുമ്പില്‍ ലില്ലി ജോര്‍ജ് നടത്തിയ കുമ്പസാരരഹസ്യം മറ്റൊരു സ്ത്രീ പള്ളി യോഗത്തില്‍ പരസ്യമാക്കിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ലില്ലിയും ആ സ്ത്രീയുമായി ഉണ്ടായ തര്‍ക്കത്തിന് ഇടവകാംഗങ്ങള്‍ മുഴുവന്‍ സാക്ഷികളാണ്. മരണത്തിന് മാസങ്ങള്‍ക്കുമുന്‍പാണ് യുവതി കുമ്പസാരം നടത്തിയത്. മനോനില തെറ്റി ലില്ലി ദിവസങ്ങളോളം ചികിത്സയിലായിരുന്നു. കൗണ്‍സലിങ് നടത്തിയ ഡോക്ടറോടും ഇവര്‍ ഈ സംഭവം പറഞ്ഞിരുന്നു.

പരിശോധിക്കും

സംഭവത്തില്‍ വൈദികന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട നല്‍കിയ പരാതി കണ്ടിട്ടില്ല. ഇതുസംബന്ധിച്ച ആക്ഷേപം പരിശോധിച്ച് നടപടി സ്വീകരിക്കും.- ഫാ. എം ഒ ജോണ്‍, ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി

Top