വൈദികര്‍ക്കെതിരായ കേസ്: അന്വേഷണത്തിന് എല്ലാ സഹായങ്ങളും കാതോലിക്ക ബാവ വാഗ്ദാനം ചെയ്തതായി ഐജി എസ് ശ്രീജിത്ത്; വൈദികര്‍ക്കെതിരെ പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണ കേസിന്റെ അന്വേഷണത്തിന് സഹകരിക്കുമെന്ന് കാതോലിക്ക ബാവ അറിയിച്ചു. എല്ലാ സഹായവും പരിശുദ്ധ കാതോലിക്ക വാഗ്ദാനം ചെയ്‌തെന്ന് ഐജി എസ് ശ്രീജിത്ത് പറഞ്ഞു. അന്വേഷണം നിയമപരമായി മുന്നോട്ട് പോകട്ടെയെന്ന് കാതോലിക്ക ബാവ പറഞ്ഞതായി ഐജി വെളിപ്പെടുത്തി.

അതേസമയം വൈദികര്‍ക്കെതിരെ പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതി നിര്‍ദേശം നല്‍കി. രണ്ട് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. നാളെ വരെ അറസ്റ്റ് തടയണമെന്നായിരുന്നു വൈദികരുടെ ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈംഗിക അപവാദക്കേസില്‍ നാല്  വൈദികര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗമടക്കം രണ്ടു കുറ്റങ്ങള്‍ ചുമത്തിയാണ്‌ കേസെടുത്തത്. വൈദികരായ എബ്രഹാം വര്‍ഗീസ്(സോണി), ജെയ്‌സ് കെ. ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി. മാത്യു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ച് വൈദികര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരുന്നത്.

നിരണം, തുമ്പമൺ, ഡൽഹി ഭദ്രാസനങ്ങളിലെ അഞ്ച് വൈദികര്‍ക്കെതിരെ പീഡനത്തിനിരയായ യുവതി  സത്യവാങ്മൂലം നൽകിയിരുന്നു. യുവതിയുടെ ഭർത്താവ് നിരണം ഭദ്രാസന മെത്രാപോലീത്തയ്ക്ക് നൽകിയ പരാതിയോടൊപ്പമാണ് സത്യവാങ്മൂലം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സഭാ നേതൃത്വം ആരോപണ വിധേയരായ വൈദികർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ആരോപണവിധേയരായ വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് സഭ താത്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

കേസില്‍  ഇരയായ യുവതിയുടെയും പരാതിക്കാരന്റെയും മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  വൈദികര്‍ക്കെതിരെ കേസെടുത്തത്. ക്രൈം ബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് മൊഴിയെടുത്തത്.

Top