പൊലീസുകാരന്‍റെ കണ്ണില്‍ മുളക് പൊടിയിട്ട ചായ ഒഴിച്ച് തടവുകാര്‍ ജയില്‍ ചാടി; ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം  

 

ഫഗ്‌വാര : പൊലീസുകാരന്റെ കണ്ണില്‍ മുളക് പൊടിയിട്ട ചായ ഒഴിച്ച് തടവുകാര്‍ ജയില്‍ ചാടി. പഞ്ചാബിലെ ഫഗ്‌വാരയിലെ പൊലീസ് സ്റ്റേഷനിലാണ് തടവുകാര്‍ പൊലീസിനെ കബളിപ്പിച്ച് ജയില്‍ ചാടിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മോഷണം, അടിപിടി എന്നീ കേസുകളില്‍ അറസ്റ്റിലായിരുന്ന രണ്ട് തടവുകാരാണ് ജയില്‍ ചാടിയത്. മൊത്തം 13 തടവുകാരാണ് ജയിലില്‍ ഉണ്ടായിരുന്നത്. രാവിലെ ചായ ഉണ്ടാക്കാനായി ഈ രണ്ട് പേരെയും പൊലീസുകാര്‍ അടുക്കളയിലേക്ക് അയച്ചിരുന്നു.ഡ്യൂട്ടിക്കായി പുതിയ പൊലീസുകാര്‍ വരുന്ന സമയം ജയിലിന്റെ വാതില്‍ തുറക്കാറുണ്ട്. ഇതിനെ കുറിച്ച് തടവുകാര്‍ക്ക് കൃത്യമായി നിശ്ചയമുണ്ടായിരുന്നു. ജയിലിന്റെ വാതിലിനടുത്തായി നിലയുറപ്പിച്ച തടവുകാര്‍ ഈ സമയം അവിടെയുണ്ടായിരുന്ന പൊലീസുകാരന്റെ കണ്ണില്‍ മുളക് പൊടി വിതറി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തടവു ചാടിയവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്കൊപ്പം മറ്റൊരു തടവുകാരന്‍ കൂടി ജയില്‍ ചാടാന്‍ ശ്രമിച്ചിരുന്നെങ്കിലും പൊലിസുകാര്‍ ഇയാളെ അപ്പോള്‍ തന്നെ പിടികൂടി.

Top