സോണിയ മാറുന്നു .കോണ്‍ഗ്രസിനെ പ്രിയങ്ക നയിക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും; കോണ്‍ഗ്രസ് അടിമുടി മാറുന്നു

ന്യുഡല്‍ഹി:പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ സോണിയാ ഗാന്ധിക്ക് പകരം മകള്‍ പ്രിയങ്കാ ഗാന്ധി മല്‍സരിച്ചേക്കും. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019ലെ തിരഞ്ഞെടുപ്പില്‍ സോണിയ മല്‍സരിക്കാനിടയില്ല. ഈ സാഹചര്യത്തിലാണ് പ്രിയങ്കയെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സംഖ്യമുണ്ടാക്കാന്‍ പ്രിയങ്ക നടത്തിയ നീക്കങ്ങള്‍ അവരുടെ സംഘടനാ പാടവം തെളിയിക്കുന്നതായിരുന്നു. സഖ്യം തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് അമരത്തേക്ക് പ്രിയങ്കയെത്തും. പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസ് വളരെ ആവേശത്തോടെയാണ് കാണുന്നത്.
അനാരോഗ്യത്തെ തുടര്‍ന്ന് സോണിയ രാഷ്ട്രീയപരമായ ചുമതലകളില്‍നിന്ന് പിന്‍മാറുന്നതിനിടെയാണ് പ്രിയങ്ക റായ്ബറേലിയില്‍ സോണിയയ്ക്ക് പകരക്കാരിയാകുമെന്ന റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം. 1999 മുതല്‍ അമേഠിയിലും റായ്ബറേലിയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചുള്ള പരിചയസമ്പത്തും പ്രിയങ്കയ്ക്കുണ്ട്.rahul-and-sonia

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ടാണ് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ വരവ്. ചര്‍ച്ചകള്‍ ഏറെക്കുറെ പാളുമെന്ന ഘട്ടത്തില്‍ രംഗത്തെത്തിയ പ്രിയങ്ക, സഖ്യരൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ചര്‍ച്ചകള്‍ വിജയത്തിലെത്തിയതില്‍ അഹമ്മദ് പട്ടേലും ഗുലാം നബി ആസാദും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രിയങ്കയെ അഭിനന്ദിക്കുകയും ചെയ്തു.
1999ല്‍ ഉത്തര്‍പ്രദേശിലെ തന്നെ അമേഠിയില്‍നിന്നാണ് സോണിയ ഗാന്ധി ആദ്യമായി ലോക്സഭയിലെത്തുന്നത്. പിന്നീട് രാഹുല്‍ ഗാന്ധി മുഖ്യധാരാ രാഷ്ട്രീയത്തില്‍ സജീവമായതോടെ അവര്‍ കുടുംബ മണ്ഡലമായ റായ്ബറേലിയിലേക്കു തട്ടകം മാറ്റി. പകരം രാഹുല്‍ അമേഠിയില്‍ സ്ഥിരം മുഖമായി. 2004 മുതല്‍ മല്‍സരിച്ച മൂന്നുതവണയും ഇവിടെനിന്ന് ജയിച്ചുകയറാനും സോണിയയ്ക്കായി. രൂപം കൊണ്ട് മുന്‍ പ്രധാനമന്ത്രിയും മുത്തശിയുമായ ഇന്ദിര ഗാന്ധിയെ ഓര്‍മിപ്പിക്കുന്ന പ്രിയങ്ക, അവരുടെ തട്ടകമായിരുന്ന റായ്ബറേലിയില്‍നിന്നുതന്നെ തുടക്കമിടുന്നതാണ് നല്ലതെന്ന് മുതിര്‍ന്ന നേതാക്കളും വിശ്വസിക്കുന്നു.അതേസമയം, പ്രിയങ്ക നേതൃത്വത്തിലേക്കു വരുന്നതോടെ നിലവില്‍ പാര്‍ട്ടി ഉപാധ്യക്ഷനായ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃപരമായ പ്രാധാന്യം കുറയുന്നില്ലെന്ന് ഉറപ്പുവരുത്താനും പാര്‍ട്ടി കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധിയുടെ പിന്‍ഗാമി രാഹുല്‍ തന്നെയായിരിക്കുമെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സഖ്യചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ്, പ്രിയങ്ക ഗാന്ധി എന്നിവരെ നിയോഗിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് എഐസിസി വക്താവ് അജോയ് ഘോഷ് വ്യക്തമാക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top