സ്പീക്കറെ‘സര്‍’എന്ന് വിളിക്കുന്നത് കൊളോണിയല്‍ സംസ്കാരം ,ഇതിനെക്കുറിച്ച് ചര്‍ച്ചയാവാം -പി. ശ്രീരാമകൃഷ്ണന്‍

പൊന്നാനി: കൊളോണിയല്‍ ഭരണസംവിധാനത്തില്‍ നിലനിന്നിരുന്ന ചില സമ്പ്രദായങ്ങള്‍ പരിഷ്കരിക്കുന്ന കാര്യം ചര്‍ച്ചക്ക് വിധേയമാക്കാമെന്ന് നിയുക്ത നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍പറഞ്ഞു. പൊന്നാനിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ മുഴുവന്‍ സഭാംഗങ്ങളും സ്പീക്കറെ ‘സര്‍’ എന്നാണ് സംബോധന ചെയ്യുന്നത്. സഭാനാഥനോട് കാര്യങ്ങള്‍ പറയാന്‍ ഇത് സഹായകരമാണെങ്കിലും സ്പീക്കറായ വ്യക്തിയേക്കാള്‍ എത്രയോ മുതിര്‍ന്നവരും പാരമ്പര്യമുള്ളവരും എല്ലാം ‘സര്‍’ എന്ന് വിളിക്കുമ്പോഴുള്ള അനൗചിത്യം പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹൈകോടതി ഉള്‍പ്പെടെയുള്ള നീതിന്യായ സംവിധാനങ്ങളില്‍ ന്യായാധിപന്മാരെ ‘ലോഡ്’ എന്ന് സംബോധന ചെയ്യുന്നതും കൊളോണിയല്‍ ഭരണ സംവിധാനത്തിന്‍െറ തുടര്‍ച്ചയാണ്. ജനാധിപത്യ സമൂഹത്തില്‍ ഇത്തരം വിഷയങ്ങളിലെല്ലാം തുറന്ന ചര്‍ച്ച നടക്കണമെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്നുമാണ് തന്‍െറ നിലപാടെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം തന്നെ തേടിയെത്തിയ നിയമസഭ അദ്ധ്യക്ഷനെന്ന അധികാര പദവി പൊന്നാനിയുടെ പ്രാദേശിക വികസനത്തിന് തടസ്സമാകുമോയെന്ന സംശയം അപ്രസക്തമാണെന്നും പൊന്നാനിയുടെ എം.എല്‍.എ എന്ന നിലയില്‍ സ്പീക്കര്‍ സ്ഥാനം മണ്ഡലത്തിന് നേട്ടമായിരിക്കുമെന്നും നിയുക്ത സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികള്‍ പടിപടിയായി പൂര്‍ത്തീകരിക്കാന്‍ ശ്രമങ്ങളുണ്ടാകും. എം.എല്‍.എ എന്ന നിലയില്‍ മണ്ഡലത്തില്‍ സാന്നിദ്ധ്യക്കുറവ് വരാതിരിക്കാന്‍ ശ്രദ്ധ വയ്ക്കും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം പൊന്നാനിയിലുണ്ടാകുന്ന വിധം പരിപാടികള്‍ ക്രമീകരിക്കാന്‍ ശ്രമിക്കും. ആയിരത്തിലേറെ വരുന്ന ജീവനക്കാരടങ്ങുന്ന നിയമസഭയുടെ ചുമതലക്കാരനെന്ന ഉത്തരവാദിത്വമാണ് സ്പീക്കര്‍
പദവിയിലൂടെ നിക്ഷിപ്തമാകുന്നത്. നിയസഭാ സമിതികളുടെയും സബ്ജക്ട് കമ്മിറ്റികളുടെയും നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതല നിര്‍വഹിക്കേണ്ടതുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണറുടെ അംഗീകാരത്തിന് സമര്‍പ്പിക്കുന്നതുള്‍പ്പെടെ വ്യത്യസ്തങ്ങളായ ചുമതലകളാണ് സ്പീക്കര്‍ക്കുളളത്. നിയമസഭ ചേരാത്ത സമയങ്ങളിലും പ്രവര്‍ത്തന ബാഹുല്യമുളള പദവിയാണെങ്കിലും പൊന്നാനിയുടെ കാര്യത്തില്‍ വീഴ്ചയില്ലാത്ത ശ്രദ്ധയുണ്ടാകുമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു
എം.എല്‍.എ ഓഫീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ സക്രിയമാക്കും. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഓഫീസില്‍ മുഴുവന്‍ സമയ ചുമതലക്കാരുണ്ടാകും. വിവിധ വകുപ്പുകളേയും മന്ത്രിമാരേയും ഏകോപിപ്പിച്ച് മണ്ഡലത്തിലേക്കാവശ്യമായ കാര്യങ്ങള്‍ കൃത്യമായി എത്തിക്കുന്നതിന് ശ്രമങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചുവര്‍ഷം മുമ്പ് അവതരിപ്പിച്ച ഡസ്റ്റിനേഷന്‍ 2015ന്റെ തുടര്‍ച്ച ഉണ്ടാകും. പൊന്നാനിയുടെ ആവശ്യങ്ങളുടെ പട്ടിക തിരിച്ച് സാക്ഷാത്കാരത്തിന്റെ വഴികളും തേടും. പൊന്നാനിയിലെ വിവിധ സാംസ്കാരിക പ്രവര്‍ത്തനങ്ങളെ പുനരുദ്ധരിക്കാന്‍ ശ്രമങ്ങളുണ്ടാകും. പൊന്നാനിയെ മലബാറിന്റെ സാംസ്കാരിക തലസ്ഥാനമാക്കി മാറ്റും. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി ഉടന്‍ തുറക്കാന്‍ ശ്രമങ്ങള്‍ നടത്തും. കര്‍മ്മ റോഡിന്റെ പൂര്‍ത്തീകരണത്തിന് സമ്മര്‍ദ്ദം ചെലുത്തും. പൊന്നാനി തുറമുഖത്തിന്റെയും കടല്‍ഭിത്തിയുടെയും കാര്യത്തില്‍ ഘട്ടംഘട്ടമായ ഇടപെടലുകള്‍ നടത്തും. പൊന്നാനി നഗരത്തിന്റെ പശ്ചാത്തല വികസനത്തിന് നഗരസഭയുമായി ആലോചിച്ച് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. ഇക്കാര്യത്തില്‍ മെട്രോമാന്‍ ഇ. ശ്രീധരനെ സഹകരിപ്പിക്കുന്ന കാര്യത്തില്‍ ഗൗരവമായ പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top