ടിന്റു ലൂക്കയ്ക്കും ജിസ്ന മാത്യുവിനും ഒരു സഹായവും നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ലെന്ന് പിടി ഉഷ

തിരുവനന്തപുരം: കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനോ സഹായിക്കാനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ലെന്ന് ഒളിംപ്യന്‍ പിടി ഉഷ. താന്‍ പരിശീലിപ്പിക്കുന്ന ടിന്റു ലൂക്കയ്ക്കും ജിസ്ന മാത്യുവിനും ഒരു സഹായവും നല്‍കിയില്ല.

അതിനാല്‍ ചില സ്പോണ്‍സര്‍മാരോട് ഒഴികെ ആരോടും കടപ്പാടില്ലെന്നും പിടി ഉഷ തുറന്നടിച്ചു. 2014 കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയില്‍ 2015ലാണ് ടിന്റുലൂക്കയെ ഉള്‍പ്പെടുത്തിയത്. ഒരു കായികതാരത്തിന് ഈ പദ്ധതി പ്രകാരം 30 ലക്ഷം രൂപ ലഭിക്കും. ഒപ്പം വിദേശ പരിശീലനം, പരിശീലന സാമഗ്രികള്‍ എന്നിവയും ലഭ്യമാക്കും. പക്ഷേ ബില്ലുകള്‍ സഹിതം എല്ലാരേഖകളും നല്‍കിയിട്ടും ഇതുവരെ യാതൊരു ധനസഹായവും ലഭിച്ചിട്ടില്ലെന്ന് പി ടി ഉഷ പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിച്ചെങ്കിലും ടിന്റുവിനും ജിസ്നയ്ക്കും വേണ്ടതെല്ലാം തങ്ങള്‍ ഒരുക്കി. അതിനാല്‍ അവര്‍ മികച്ച പ്രകടനം നടത്തിയാല്‍ വലിയ സന്തോഷമുണ്ടാകുമെന്നും ഉഷ വ്യക്തമാക്കി. ലോക കായിക വേദിയില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താന്‍ പരിശ്രമിക്കുന്ന താരങ്ങള്‍ സഹായം കിട്ടാന്‍ അപേക്ഷ നല്‍കി പുറകെ നടക്കണമെന്നതാണോ സര്‍ക്കാരുകളുടെ നിലപാടെന്ന ചോദ്യമാണ് ഉഷയുടെ വെളിപ്പെടുത്തലോടെ ഉയരുന്നത്.

Latest
Widgets Magazine