പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം അംബാനി കുടുംബത്തിലേക്കും; ധീരുഭായിയുടെ സഹോദരപുത്രനെ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം അംബാനി കുടുംബത്തിലേക്കും നീളുന്നു. ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐ വിളിച്ചുവരുത്തി ചോദ്യംചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ ധീരുബായ് അംബാനിയുടെ സഹോദരപുത്രനായ വിപുല്‍ അംബാനി മൂന്ന് വര്‍ഷമായി നീരവിന്റെ കമ്പനിയിലെ ജീവനക്കാരനാണ്. കമ്പനിയുമായി ബന്ധപ്പെട്ടരേഖകള്‍ വിശദമായി പരിശോധിച്ച് സിബിഐ വിപുലിനെ രണ്ടുമണിക്കൂറോളം ചോദ്യംചെയ്തു. മുംബൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് നീരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ വിപുല്‍ അംബാനിയെ സിബിഐ ചോദ്യം ചെയ്തത്. പിഎന്‍ബി ജീവനക്കാരായ പത്തുപേരെയും ചോദ്യംചെയ്തു. ഇവരില്‍ ചിലര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് സൂചന. ദക്ഷിണ മുംബൈയിലെ പിഎന്‍ബിയുടെ ബ്രാഡിഹൗസ് ശാഖയിലും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. മറ്റ് ബാങ്ക്ശാഖകള്‍ വായ്പ അനുവദിക്കുന്നതിനായി ഇടപാടുകാരന് ജാമ്യം നില്‍ക്കുന്ന ബാങ്കുകള്‍ നല്‍കാറുള്ള ‘ലെറ്റര്‍സ് ഓഫ് അണ്ടര്‍ടേക്കിങ് (എല്‍ഒയു)’ ഉപയോഗിച്ച് അടുത്തിടെ നടന്നിട്ടുള്ള എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ രാജ്യത്തെ ബാങ്കുകളോട് സിബിഐ ആവശ്യപ്പെട്ടു. അതേസമയം, അറസ്റ്റിലായ പിഎന്‍ബി മുന്‍ഡിജിഎം ഗോകുല്‍നാഥ് ഷെട്ടി, നീരവ് മോദിയില്‍നിന്ന് തട്ടിപ്പിന് പരോപകാരമായി പണംവാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്. ഒപ്പം ബാങ്കിലെ പ്രധാനപ്പെട്ട രേഖകളും ചോര്‍ത്തിനല്‍കുകയും ചെയ്തിട്ടുണ്ട്.

Top