പി.വി സിന്ധു ഇനി ഡെപ്യൂട്ടി കലക്ടർ; ഒളിംപിക് മെഡൽ ജേതാവിനു ആന്ധ്രസർക്കാരിന്റെ ആദരം

സ്‌പോട്‌സ് ഡെസ്‌ക്

ഹൈദരാബാദ്: ഇന്ത്യയുടെ ഒളിംപിക് വെള്ളി മെഡൽ ജേതാവ് പി വി സിന്ധു ഇനി ഒളിംപ്യൻ സിന്ധു മാത്രമല്ല, ഡെപ്യൂട്ടി കലക്ടർ കൂടിയാണ്.സിന്ധുവിനെ ഡെപ്യൂട്ടി കലക്ടറാക്കാൻ ആന്ധ്രാ സർക്കാർ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തി. ജിഎസ്ടി ബിൽ പാസാക്കാനായി ചേർന്ന നിയമസഭാ സമ്മേളനമാണ് സിന്ധുവിനെ ഗ്രൂപ്പ് വൺ ഓഫീസറാക്കാനുള്ള ബിൽ പാസാക്കിയത്.
സംസ്ഥാന ധനമന്ത്രി യാനമാല രാമകൃഷ്ണുഡു അവതരിപ്പിച്ച ബിൽ ഏകകണ്ഠേനയാണ് നിയമസഭ പാസാക്കിയത്. ബിൽ പിന്നീട് നിയമസഭാ കൗൺസിലും പാസാക്കി. സിന്ധുവിനെ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡറാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മികവ് തെളിയിച്ച മറ്റ് കായികതാരങ്ങൾക്കും സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയിൽ പറഞ്ഞു.
നിലവിൽ ഭാരത് പെട്രോളിയത്തിന്റെ ഹൈദരാബാദ് ഓഫീസിൽ ഡെപ്യൂട്ടി മാനേജരായി പ്രവർത്തിക്കുന്ന സിന്ധുവിന് റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയതിന് പിന്നാലെ മൂന്ന് കോടി രൂപയും സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാനം ഉയർന്നുവരുന്ന അമരാവതിയിൽ വീട്വയ്ക്കാൻ സ്ഥലവും സമ്മാനിച്ചിരുന്നു. സിന്ധുവിന് താത്പര്യമുള്ള വകുപ്പിൽ ഗസറ്റഡ് റാങ്കിലുള്ള ഗ്രൂപ്പ്-1 ഉദ്യോഗസ്ഥായായി നിയമിക്കുമെന്ന് മുഖ്യമന്ത്രി അന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതാണിപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.
ആന്ധ്രാ സർക്കാർ നൽകിയ ജോലി സ്വീകരിക്കുമെന്ന് സിന്ധുവിന്റ അമ്മ വിജയ പറഞ്ഞു. സിന്ധുവിന് തെലങ്കാന സർക്കാരും സമാനാമായ വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും ആന്ധ്ര സർക്കാരിന്റെ ഓഫർ സ്വീകരിക്കാനാണ് അവർ താൽപര്യപ്പെട്ടത്. റിയോ ഒളിംപിക്‌സിൽ വെള്ളി മെഡൽ നേടിയശേഷം തെലങ്കാന സർക്കാർ സിന്ധുവിന് 5 കോടി രൂപ പാരിതോഷികം നൽകിയിരുന്നു.
1994ലെ റെഗ്യുലേഷൻ ഓഫ് അപ്പോയിന്റ്മെന്റ്സ് ടു പബ്ലിക് സർവീസസ് ആൻഡ് റേഷണലൈസേഷൻ ഓഫ് സ്റ്റാഫ് പാറ്റേൺ ആൻഡ് പെ സ്ട്രക്ചർ ആക്ട് അനുസരിച്ച് പി. എസ്.സി. മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ മാത്രമേ ബാഡ്മിന്റൺ താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകാനാവൂ. ഈ നിയമത്തിലെ സെക്ഷൻ നാലാണ് സിന്ധുവിനുവേണ്ടി സർക്കാർ ബിൽ വഴി ഭേദഗതി ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top