ഖത്തര്‍ തൊഴില്‍ വിസ; മെഡിക്കല്‍ പരിശോധന ഇനി സ്വദേശത്ത്

തൊഴില്‍ വിസയില്‍ ഖത്തറില്‍ എത്തുന്ന വിദേശികള്‍ക്ക് അവരുടെ രാജ്യത്തു വച്ചു തന്നെ ബയോമെട്രിക് ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ മെഡിക്കല്‍ പരിശോധന നടത്താന്‍ സംവിധാനം വരുന്നു. നാല് മാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച സൗകര്യങ്ങള്‍ നിലവില്‍ വരുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മലയാളികള്‍ ഉള്‍പ്പെടെ തൊഴില്‍ തേടിയെത്തുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് ഖത്തര്‍ സര്‍ക്കാറിന്റെ നടപടി. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിയോഗിക്കുന്ന പ്രത്യേക ഏജന്‍സിയുടെ കീഴിലായിരിക്കും മെഡിക്കല്‍ പരിശോധന നടക്കുക. വിരലടയാളം ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളും ഇവിടെവച്ച് തന്നെ പൂര്‍ത്തിയാക്കും. തൊഴില്‍ കരാര്‍ ഒപ്പിടലും നാട്ടില്‍ വച്ചായിരിക്കും. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പീന്‍സ്, ടൂണീഷ്യ, ബംഗ്ലാദേശ്, ഇന്തൊനേഷ്യ എന്നീ എട്ട് രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നോ എന്നിവിടങ്ങളിലാണ് ആരോഗ്യ പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കേരളത്തില്‍നിന്ന് ഖത്തറില്‍ തൊഴില്‍ വിസ തേടുന്നവര്‍ക്ക് ഇതോടെ കൊച്ചിയില്‍ ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയും. സിംഗപ്പൂര്‍ ആസ്ഥാനമായ ബയോമെറ്റിക് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച കരാര്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇരു രാജ്യത്തിന്റെയും പ്രതിനിധികള്‍ ഒപ്പുവെച്ചു. ശ്രീലങ്കയിലെ കൊളംബോയില്‍ ആയിരിക്കും ആദ്യ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുക. തുടര്‍ന്ന് ഓരോ കേന്ദ്രങ്ങളായി പ്രവര്‍ത്തനം തുടങ്ങും. നാലു മാസം കൊണ്ട് എട്ടു രാജ്യങ്ങളിലെയും കേന്ദ്രങ്ങള്‍ നിലവില്‍ വരും. ഇവയുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം കൂടുതല്‍ രാഷ്ട്രങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Top