റഫാല്‍ ഇടപാട്: സുപ്രീം കോടതി വിധിയിലെ പിശകില്‍ മോദിക്ക് അടിതെറ്റും; തിരുത്താനുള്ള അപേക്ഷ പുനഃപരിശോധനാ ഹര്‍ജിയാകും

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ തെറ്റ് സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. റഫാല്‍ വിമാനങ്ങളുടെ വില സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് മുമ്പാകെ വച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി പരിശോധിച്ചിരുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

എന്നാല്‍ വിധിയില്‍ വന്ന തെറ്റ് കോടതിയുടെതാണെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. തെറ്റായ രേഖ നല്‍കി കോടതിയെ തെറ്റിധരിപ്പിച്ചതാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് സുപ്രീം കോടതി വിധിയിലെ തെറ്റായി പരാമര്‍ശങ്ങള്‍ തിരുത്താന്‍ കേന്ദ്രം കത്ത് നല്‍കി. കോടതിക്കാണ് തെറ്റ് പറ്റിയതെന്ന് കോടതി സമ്മതിക്കുമോ ഇല്ലയോ എന്നത് കണ്ടറിയാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റഫാല്‍ യുദ്ധവിമാന വിലയുടെ കാര്യത്തില്‍, ‘ഈസ്’ എന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു, ‘വാസ്’ എന്നു സുപ്രീം കോടതിക്കു മനസ്സിലായി എന്ന വ്യാകരണ പ്രശ്‌നമാണ് ഉണ്ടായതെന്ന് കേന്ദ്രം പറയുന്നു. അതു സത്യമെന്നു കോടതി പറയണം. അസത്യമെങ്കില്‍, അതു തെളിയിക്കാനുള്ള ബാധ്യതയും കോടതിയുടെ തലയിലായി.

റഫാല്‍ വിലവിവരങ്ങള്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) പരിശോധിക്കുമെന്നും റിപ്പോര്‍ട്ടിന്റെ സംഗ്രഹം പാര്‍ലമെന്റില്‍ വയ്ക്കുമെന്നുമാണു തങ്ങള്‍ പറഞ്ഞതെന്നും ഇതെല്ലാം സംഭവിച്ചുകഴിഞ്ഞെന്നാണു കോടതിക്കു മനസ്സിലായതെന്നുമാണു സര്‍ക്കാര്‍ വാദം.

കോടതിക്ക് അടുത്ത മാസം 2 വരെ അവധിയാണ്. സര്‍ക്കാരിന്റെ അപേക്ഷ ഉടന്‍ പരിഗണിക്കാന്‍ സാധ്യത വിരളം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ചിന്റേതാണു റഫാല്‍ വിധി. വാക്യങ്ങള്‍ തിരുത്തണമെന്ന അപേക്ഷ, പരോക്ഷമായി പുനഃപരിശോധനാഹര്‍ജിയാണ്; വിധി പറഞ്ഞ ബെഞ്ച് തന്നെ അതു പരിഗണിക്കണം.

എന്നാല്‍, സിഎജി റിപ്പോര്‍ട്ട് പിഎസിക്കു നല്‍കിയെന്നും ചുരുക്കരൂപം പാര്‍ലമെന്റില്‍വച്ചെന്നുമുള്ളതു വിധിയിലെ അപ്രസക്തമായ രണ്ട് വാക്യങ്ങളല്ല. വിമാനവിലയുടെ വിശദാംശങ്ങള്‍ സിഎജിയും പിഎസിയും വിശദമായല്ലാതെ പാര്‍ലമെന്റും പരിശോധിച്ചെന്നു കോടതി വിലയിരുത്തി. അതായത്, വിലയില്‍ പിഴവില്ലെന്ന തങ്ങളുടെ നിലപാടിനു പിന്‍ബലമെന്നോണമാണ് ഈ പരിശോധനകളെ കോടതി എടുത്തുകാട്ടുന്നത്.

സിഎജി റിപ്പോര്‍ട്ടും പിഎസിയുടെ പരിശോധനയും സംബന്ധിച്ച വിവരങ്ങള്‍ കോടതിക്ക് എവിടെനിന്നു കിട്ടി എന്നതായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ ചോദ്യം. കാരണം, വാദത്തിനിടെ ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. തങ്ങള്‍ നല്‍കിയ രഹസ്യരേഖയില്‍നിന്നാണു കോടതിക്കു വിവരങ്ങള്‍ ലഭിച്ചതെന്ന് ഇന്നലെ സര്‍ക്കാര്‍തന്നെ വെളിപ്പെടുത്തി.

രഹസ്യമായി തങ്ങള്‍ക്കു നല്‍കിയതില്‍നിന്ന്, പുറത്തുവന്നാല്‍ കുഴപ്പമില്ലാത്ത വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്കു നല്‍കണമെന്ന് കോടതി പറഞ്ഞിരുന്നു. ഹര്‍ജിക്കാരുമായി സര്‍ക്കാര്‍ പങ്കുവച്ച വിവരങ്ങളില്‍ സിഎജിയും പിഎസിയും പാര്‍ലമെന്റുമൊന്നുമില്ല. കോടതിക്കു നല്‍കിയ രേഖയില്‍ ഉള്ളതാണെങ്കില്‍, അത് ഹര്‍ജിക്കാരില്‍നിന്നു മറച്ചുവയ്ക്കാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെട്ടത് എന്തുകൊണ്ട് ?

വിധിന്യായം എഴുതിയതു ചീഫ് ജസ്റ്റിസാണെങ്കിലും ഒപ്പുവച്ച മറ്റു രണ്ടു ജഡ്ജിമാരും വിധി വായിച്ചിട്ടുണ്ടെന്ന് അനുമാനിക്കണം. സര്‍ക്കാര്‍ നല്‍കിയ രേഖകളും അവര്‍ കണ്ടിട്ടുണ്ട്. എന്നിട്ടും, തങ്ങള്‍ ഉദ്ദേശിച്ചതൊന്ന്, കോടതിക്കു മനസ്സിലായതു മറ്റൊന്ന് എന്നു സര്‍ക്കാര്‍ വാദിക്കുന്നു. കോടതി തെറ്റായി വ്യാഖ്യാനിച്ചു എന്ന ആരോപണമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. നടപടിക്രമമെന്നു തങ്ങള്‍ ഉദ്ദേശിച്ച കാര്യം, അത്തരത്തില്‍ ജഡ്ജിമാര്‍ക്കു മനസ്സിലായില്ലെന്നാണു സര്‍ക്കാരിന്റെ വാദം.

സര്‍ക്കാര്‍ പറയുന്ന ഏതെങ്കിലും കാര്യം മനസ്സിലാക്കാന്‍ പ്രയാസമുണ്ടെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട അഭിഭാഷകരോടു ചോദിച്ച് ആശയക്കുഴപ്പം പരിഹരിക്കാനാകും. ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ല.
റഫാല്‍ ഇടപാട് സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നത് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമാണ്. ഈ വിഷയത്തില്‍ ഇതുവരെ കാര്യമായ പ്രതിപക്ഷ ഐക്യമില്ലായിരുന്നു. എന്നാല്‍, വിധിയിലെ തെറ്റുകളും നിയമസഭാ തിരഞ്ഞെടുപ്പു ഫലവും ചേരുമ്പോള്‍ പ്രതിപക്ഷത്തു കൂടുതല്‍ കക്ഷികള്‍ ജെപിസി വിഷയമുന്നയിക്കുന്ന സ്ഥിതിയായി.

Top