ശബരിമലയിൽ പോലീസ്‌ വീഴ്‌ച ഇന്റലിജന്‍സ്‌ അന്വേഷിക്കുന്നു..

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കേണ്ട പോലീസ്‌ സംവിധാനത്തില്‍ പാളിച്ചയുണ്ടായോയെന്ന്‌ ഇന്റലിജന്‍സ്‌ അന്വേഷിക്കുന്നു. ഐ.ജിമാരുടെ നേതൃത്വത്തിലാണു ശബരിമലയില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇന്റലിജന്‍സ്‌ എ.ഡി.ജി.പി: ടി.കെ. വിനോദ്‌കുമാര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഉടന്‍ സര്‍ക്കാരിനു കൈമാറും. നിലയ്‌ക്കല്‍ സമരത്തിനിടെ ഒരുവിഭാഗം പോലീസുകാര്‍ സമരക്കാരുടെ ബൈക്കുകള്‍ തകര്‍ത്തെന്നും ഹെല്‍മെറ്റുകള്‍ തട്ടിയെടുത്തെന്നുമുള്ള ആരോപണം അന്വേഷിക്കാന്‍ ദക്ഷിണമേഖലാ എ.ഡി.ജി.പി: അനില്‍ കാന്തിനോടു സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ ആവശ്യപ്പെട്ടു. യുവതികള്‍ക്കു പോലീസ്‌ കുപ്പായവും ഹെല്‍മെറ്റും നല്‍കിയതിനെക്കുറിച്ചും അന്വേഷിക്കും. തിരുവനന്തപുരം ഐ.ജി: മനോജ്‌ ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘത്തെക്കുറിച്ച്‌ ഉയര്‍ന്ന ആക്ഷേപങ്ങള്‍ ഇന്റലിജന്‍സ്‌ മേധാവി ടി.കെ. വിനോദ്‌കുമാര്‍ നേരിട്ട്‌ അന്വേഷിക്കും.

നിലയ്‌ക്കല്‍ സംഭവങ്ങളെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലോ പോലീസ്‌ ആസ്‌ഥാനത്തോ എത്തിയിരുന്നില്ല. ആശയവിനിമയത്തില്‍ പാളിച്ചയുണ്ടായെന്നാണു പ്രാഥമികനിഗമനം. ആക്‌ടിവിസ്‌റ്റുകളുടെ രംഗപ്രവേശം മുന്‍കൂട്ടി മനസിലാക്കാന്‍ കഴിയാത്തതും പാളിച്ചയായാണു പോലീസ്‌ നേതൃത്വം കണക്കാക്കുന്നത്‌. പോലീസിനു വീഴ്‌ചയുണ്ടായെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നു ഡി.ജി.പി: ബെഹ്‌റ വ്യക്‌തമാക്കി.

രഹ്‌ന ഫാത്തിമയ്‌ക്ക്‌ സന്നിധാനത്തേക്കു കാവലൊരുക്കിയ പോലീസ്‌ അവരെപ്പറ്റി അന്വേഷിക്കാതിരുന്നത്‌ ഇന്റലിജന്‍സിന്റെ പിഴവെന്നു സൂചന. സാമൂഹികമാധ്യമങ്ങളില്‍ ശബരിമല അയ്യപ്പനെപ്പറ്റി അധിക്ഷേപ വാക്കുകള്‍ പോസ്‌റ്റ്‌ ചെയ്‌ത ശേഷമാണ്‌ അവര്‍ പമ്പയിലെത്തിയത്‌. ഇവരെപ്പറ്റി യാതൊന്നുമറിയാതിരുന്ന പോലീസിന്റെ സുരക്ഷാകവചം അണിയിച്ച്‌ സുരക്ഷിതത്വമൊരുക്കിഎത്തും വിമര്ശനത്തിന് വഴിയൊരുക്കി . ഏതാനും ദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ രഹ്‌ന ഫാത്തിമ അയ്യപ്പന്മാരെയും ശാസ്‌താവിനെയും അവഹേളിച്ചു കൊണ്ട്‌ ഇട്ട പോസ്‌റ്റുകള്‍ ഏറെ വിമര്‍ശനത്തിന്‌ വഴിയൊരുക്കിയിരുന്നു.

കറുപ്പു വസ്‌ത്രമുടുത്ത്‌ മടക്കിക്കുത്തിയുള്ള ചിത്രം ഏറെ വിമര്‍ശനത്തിനിടയാക്കി. രഹ്‌ന വ്യാഴാഴ്‌ച തന്നെ പത്തനംതിട്ടയിലെത്തി ഉദ്യോഗസ്‌ഥരോടു സുരക്ഷയൊരുക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ആരാണെന്ന്‌ അപ്പോഴും അന്വേഷിച്ചില്ല. സന്നിധാനത്തിനു സമീപമെത്തിയപ്പോഴേക്കാണ്‌ അവരെ മാറ്റാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അറിയിപ്പെത്തിയത്‌. മന്ത്രിയുടെ നിര്‍ദ്ദേശം വന്നിട്ടും ഉദ്ദേശ്യം ഒരു മണിക്കൂര്‍ കഴിഞ്ഞാണ്‌ പോലീസ്‌ യുവതികളുമായി പിന്മാറാന്‍ തയാറായത്‌. യുവതികള്‍ മടങ്ങാന്‍ തയാറായതിനാലാണ്‌ തിരികെ കൊണ്ടുപോകുന്നതെന്ന ഐ.ജിയുടെ പ്രസ്‌താവനയും വിമര്‍ശനത്തിനു വഴിയൊരുക്കി.

Latest