ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി; സര്‍ക്കാര്‍ നയങ്ങളില്‍ ആര്‍എസ്എസ് ഇടപെടുന്നെന്ന് വിമര്‍ശനം

ബെംഗളൂരു: ബി.ജെ.പിയും ആര്‍.എസ്.എസ്സും ഇന്ത്യയിലെ പൊതു സ്ഥാപനങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ നയങ്ങളില്‍ ഇടപെടാന്‍ ആര്‍.എസ്.എസ്സിന് അധികാരമുള്ളതിന്റെ ഫലമാണ് നോട്ടു നിരോധനം പോലെയുള്ള തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. നാലു ദിവസങ്ങളായി കര്‍ണാടകയില്‍ നടക്കുന്ന ജനാശിര്‍വവാദ യാത്രയുടെ അവസാന ദിവസമാണ് സംരംഭകരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എല്ലാ കേന്ദ്രമന്ത്രാലയങ്ങളിലും ആര്‍.എസ്.എസ്സിന്റെ പ്രത്യേക ഉദ്യോഗസ്ഥന്‍ ഉണ്ടെന്ന് നിങ്ങളില്‍ എത്ര പേര്‍ക്കറിയാം എന്നു ചോദിച്ച രാഹുല്‍ ഗാന്ധി വകുപ്പുകളില്‍ മന്ത്രിമാര്‍ സ്വതന്ത്രരായല്ല തീരുമാനങ്ങളെടുക്കുന്നതെന്നും കുറ്റപ്പെടുത്തി. ആര്‍.എസ്.എസ്സാണ് മോദിയെ നയിക്കുന്നത്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കാനാണ് ഇതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കിയ ശേഷം പകരമായി നീതി ആയോഗ് കൊണ്ടുവരികയും അതില്‍ അവരുടെ ആളുകളെ പ്രതിഷ്ഠിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ അവരുടെ പതിനായിരക്കണക്കിന് അധ്യാപകരെയാണ് നിയമിച്ചത്. മധ്യപ്രദേശിലെ വിദ്യാഭ്യാസസമ്പ്രദായം അടിസ്ഥാനപരമായി അവര്‍തകര്‍ത്തു. അവരുടെ ആളുകളെ തിരുകി കയറ്റാന്‍ വേണ്ടിയാണ് ഇത് ചെയ്തത്.’ -രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിനെ സംബന്ധിച്ച് രാജ്യത്തെ പൊതുസ്ഥാപനങ്ങളെല്ലാം പരിശുദ്ധമായതാണ്. അവ കോണ്‍ഗ്രസിന്റെ കൈവശമായിരിക്കണമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ല. പൊതുസ്ഥാപനങ്ങള്‍ ജനാധിപത്യപരമാകണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

Top