വിമതര്‍ വില്ലന്മാര്‍; രാജസ്ഥാനില്‍ ബിജെപിയും കോണ്‍ഗ്രസും വിയര്‍ക്കുന്നു

ജയ്പ്പൂര്‍: രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് അടുക്കും തോറും ചിത്രം കലങ്ങിമറിയുകയാണ്. ബിജെപിയും കോണ്‍ഗ്രസും വിജയിക്കാനായും വ്യക്തമായ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വിമതര്‍ വില്ലന്മാരാകുകയാണ്. എങ്കിലും ശക്തമായ ഭരണ വിരുദ്ധ വികാരം നേരിടുന്ന വസുന്ധര രാജെ സര്‍ക്കാരിനെ അനായാസമായി തറപറ്റിക്കാമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

അമ്പതോളം വിമതരാണ് കോണ്‍ഗ്രസ് വെല്ലുവിളി നേരിടുന്നതെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറയുന്നു. നാലു മുന്‍ മന്ത്രിമാരും 6 മുന്‍ എംഎല്‍എമാരും ഉള്‍പ്പെടെയുള്ള വിമതര്‍ പാര്‍ട്ടിക്ക് വലിയ ഭീഷണിയുണ്ടാകുമെന്ന് അദ്ദേഹം സമ്മതിക്കുന്നു. ബിജെപിയില്‍ നിന്നും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാവുകയാണ് വിമതശല്യം. ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമേ രാജസ്ഥാനില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ബാക്കിയുള്ളൂ. ഈ വേളയിലും പാര്‍ട്ടികള്‍ കിണഞ്ഞ് ശ്രമിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലെ വിമതന്മാരെ അനുനയിപ്പിക്കാനാണ്.
20 വിമത സ്ഥാനാര്‍ത്ഥികളാണ് ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ഭരണ വിരുദ്ധ വികാരം നേരിടാനായി നിരവധി സിറ്റിംഗ് എംഎല്‍എമാരെ ഇത്തവണ ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മന്ത്രിമാരും നിരവധി എംഎല്‍എമാരും പാര്‍ട്ടിവിട്ടിരുന്നു. സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇവരുടെ തീരുമാനം. അധികാരത്തിലെത്തിയാല്‍ സ്ഥാനമാനങ്ങള്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് പ്രധാനമായും അനുനയ നീക്കം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നതാക്കളെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളെ നിയോഗിച്ചിരിക്കുകയാണ് നേതൃത്വം. ഗുലാം നബി ആസാദും, മുകുള്‍ വാസ്‌നിക്കും, രാജീവ് ശുക്ലയുമാണ് തലസ്ഥാന നഗരത്തിലെ വിമതന്മാരെ വരുതിയിലാക്കേണ്ടവര്‍. ഇതിനായി മേഖലാടിസ്ഥാനിത്തില്‍ പ്രത്യേക സമിതിയെ തന്നെ നിയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കളും വിമതരുമായി ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. ബിജെപിയും ഇതില്‍ ഒട്ടും പിറകിലല്ല. മുഖ്യമന്ത്രി വസുന്ധര രാജെയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളുള്ള സംഘമാണ് ബിജെപിയെ നയിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മദന്‍ലാല്‍ സെയ്‌നി, സംസ്ഥാനത്തിന്റെ ചുമതലയുള്ള അവിനാശ് റായ് ഖന്ന, തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top