ബ്രഹമാണ്ഡ ചിത്രം രണ്ടാമൂഴത്തിന് തിരശ്ശീല വീണു!!! കരാര്‍ അവസാനിച്ചെന്ന് എംടി വാസുദേവന്‍ നായര്‍; കോടതിയെ സമീപിച്ചു

ആയിരം കോടിരൂപ ബഡ്ജറ്റില്‍ പുറത്തിറങ്ങുന്നു എന്ന് പരസ്യം ചെയ്ത മോഹന്‍ലാലിന്റെ രണ്ടാമൂഴം പുറത്തിറങ്ങിയേക്കില്ല. എംടി വാസുദേവന്‍ നായരുടെ വിഖ്യാത നോവലായ രണ്ടാമൂഴമാണ് മോഹന്‍ലാലിനെ നായകനാക്കി ബ്രഹാമാണ്ഡ ചിത്രമാക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ശ്രമിച്ചത്. എന്നാല്‍ സിനിമയുടെ ചിത്രീകരണം വര്‍ഷങ്ങളായി നീളുന്നതിനാല്‍ പദ്ധതിയില്‍ നിന്നും എംടി പിന്‍മാറുകയാണ്.

നാല് വര്‍ഷത്തിന് മുമ്പ് കരാര്‍ എഴുതിയിട്ടും സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് തിരക്കഥാകൃത്തുകൂടിയായ എം ടിയെ പിന്തിരിപ്പിച്ചതെന്നറിയുന്നു. സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചു. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു.

വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് തിരക്കഥ ഒരുക്കിയത്. എന്നാല്‍ താന്‍ കാണിച്ച ആവേശവും ആത്മാര്‍ഥതയും അണിയറ പ്രവര്‍ത്തകരില്‍നിന്നും ലഭിച്ചില്ലെന്ന തോന്നല്‍ പിന്മാറ്റത്തിന് പ്രധാന കാരണമായി. നാലുവര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ നല്‍കി. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വര്‍ഷം കൂടി സമയം നീട്ടിനല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ചിത്രത്തില്‍ ഭീമന്റെ റോളില്‍ മോഹന്‍ലാലിനെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരത്’ എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്. പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയായിരുന്നു നിര്‍മാതാവ്.

Latest
Widgets Magazine