മോഹന്‍ലാലിന്റെ ‘രണ്ടാമൂഴം സംവിധാനം നിര്‍വഹിക്കുന്നത് ഹരിഹരനല്ല

സിനിമ ഡസ്ക്

പ്രശസ്ത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമായാകുന്ന കാര്യം സൂപ്പര്‍ താരം മോഹന്‍ലാലാണ് പുറത്തുവിട്ടത്. എന്നാല്‍ നേരത്തേ കരുതിയിരുന്നത് പോലെ ഹരിഹരനല്ല ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീകുമാര്‍ മേനോനാണ് സംവിധാനം നിര്‍വ്വഹിക്കുകയെന്നാണറിയുന്നത്.

പഴശിരാജയ്ക്ക് ശേഷം മറ്റൊരു ചിത്രം കൂടി ചെയ്യണമെന്ന് ഗോകുലം ഗോപാലന്‍ ആവശ്യപ്പെട്ടിരുന്നു. എങ്കില്‍ രണ്ടാമൂഴം ആകാമെന്ന് താന്‍ നിര്‍ദ്ദേശിച്ചതായി ഹരിഹരന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എം ടിയും അനുകൂലമായിരുന്നു.

എം ടി തിരക്കഥ എഴുതാനും തുടങ്ങി. കേന്ദ്ര കഥാപാത്രമായ ഭീമനെ മോഹന്‍ലാല്‍ അവതരിപ്പിക്കാനായാണ് നിശ്ചയിച്ചത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ മോഹന്‍ലാല്‍ ഹരിഹരനെ കാണാന്‍ വീട്ടിലെത്തി. രണ്ടാമൂഴത്തിന്റെ പുസ്തകരൂപവും അന്ന് ചോദിച്ച് വാങ്ങിയിരുന്നു താരം.

എഴുത്ത് മുന്നോട്ട് നീങ്ങവെ, ഒരു സിനിമയില്‍ ഒതുക്കാനാനാവില്ലെന്ന് എം ടി പറഞ്ഞു. ഒരു സിനിമയില്‍ ഒതുക്കിയാല്‍ നോവലിലെ പല പ്രധാന ഭാഗങ്ങളും ഒഴിവാക്കേണ്ടി വരും. അതിനാല്‍ രണ്ട് ചിത്രങ്ങള്‍ ചെയ്യണം.

എന്നാല്‍ രണ്ട് ചിത്രങ്ങള്‍ ചെയ്യാന്‍ ഗോകുലം ഗോപാലന്‍ ഒരുക്കമായിരുന്നില്ല. അങ്ങനെ ആ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചെന്ന് ഹരിഹരന്‍ പറഞ്ഞു. ഇപ്പോള്‍ അത് പല ഭാഷകളിലായി എടുക്കുന്നുണ്ടെന്ന് അറിഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബഹുഭാഷാ ചിത്രമായിട്ടാണ് രണ്ടാമൂഴം ഒരുങ്ങുന്നത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, വിക്രം പ്രഭു, ഐശ്വര്യ റായി തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് കേള്‍ക്കുന്നത്.

Latest
Widgets Magazine