പീഡനശ്രമത്തിനെതിരെ പരാതിയുമായെത്തിയ വിദ്യാര്‍ഥിനിയോട് ദൃശ്യങ്ങള്‍ പകര്‍ത്തി വരാന്‍ ആവശ്യപ്പെട്ട് പോലീസ്

മൂവാറ്റുപുഴ: വീട്ടിലെത്തി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ പരാതി നല്‍കാനെത്തിയ ദളിത് വിദ്യാര്‍ഥിനിയോട് വീട്ടില്‍ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ട് വരാന്‍ പോലീസ് ആവശ്യപ്പെട്ടെന്ന് പരാതി. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ കുടുംബാംഗങ്ങളെ മുഴുവന്‍ ആക്രമിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. പരാതി സ്വീകരിക്കാന്‍ ആദ്യം വിസമ്മതിച്ച പോലീസ് പിന്നീട് ദളിത് സംഘടനാ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് അതിന് തയ്യാറായതെന്നും പെണ്‍കുട്ടി പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും നല്‍കിയ പരാതിയില്‍ പറയുന്നു. ഡിഗ്രി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിക്ക് നേരെ ചൊവ്വാഴ്ച്ചയായിരുന്നു ആക്രമണമുണ്ടായത്. സംഭവ സമയം വീട്ടിലുണ്ടായിരുന്ന അമ്മയും മുത്തശ്ശിയും എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മദ്യലഹരിയിലായിരുന്ന പ്രദേശവാസി അവരെയും മര്‍ദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വീടുകളിലുള്ളവര്‍ എത്തിയതോടെയാണ് ഇയാള്‍ പിന്മാറിയതെന്നും പെണ്‍കുട്ടി പറയുന്നു. മുന്‍പും ഇയാളുടെ ശല്യമുണ്ടായിട്ടുള്ളതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തിയപ്പോഴാണ് പോലീസ് അപമാനിച്ചത്. പീഡിപ്പിക്കാന്‍ വരുന്നതിന്റെയും ആക്രമണത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വീട്ടില്‍ ക്യാമറ സ്ഥാപിക്കാനാണ് സ്റ്റേഷന്‍ ഓഫീസര്‍ നിര്‍ദേശിച്ചത്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ബന്ധിച്ചെന്നും വഴങ്ങാതിരുന്നപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി പറയുന്നു.

Top