പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; വിവാഹ നിശ്ചയത്തലേന്ന് യുവാവ് അറസ്റ്റിലായി

ക്രൈം ഡെസ്‌ക്
മണർകാട്: വിവാഹ വാഗ്ദാനം നൽകി പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ വിവാഹ നിശ്ചയത്തലേന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. മണർകാട്ടെ യൂസ്ഡ് കാർ ഷോറൂമിലെ ജീവനക്കാരനായ ചിറയിൽ ലാലിനെ(25)യാണ് എസ്‌ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. വിദ്യാഭ്യാസം കഴിയുന്നതോടെ കുട്ടിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത് പ്രതി രണ്ടു വർഷത്തിലേറെയായി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസം പ്രതി മറ്റൊരു വിവാഹത്തിനു ഒരുങ്ങുന്നതായി പെൺകുട്ടിയ്ക്കു വിവരം ലഭിച്ചു. തുടർന്നു പെൺകുട്ടിയുടെ ബന്ധുക്കൾ ലാലിനെതിരെ പാമ്പാടി സിഐ സാജു വർഗീസിനു പരാതി നൽകുകയായിരുന്നു.
തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നലെ ലാലിനെ അറസ്റ്റ് ചെയ്തു. ഇന്ന് ഇയാളുടെ വിവാഹം നിശ്ചയിക്കുന്നതിനായി പെൺകുട്ടിയുടെ വീട്ടുകാർ വീട്ടിലേയ്ക്കു എത്താനിരിയ്‌ക്കെയായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Top