ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന റാഷിദ് തങ്ങളുടെ വീട്ടില്‍ വരാറുണ്ടെന്ന് പാലക്കാട് കാണാതായ ഇസയുടെ മാതാവ്

RASHID

പാലക്കാട്: പാലക്കാട്ട് നിന്നും കാണാതായ ഇസയ്ക്കും യഹിയയ്ക്കും ഐഎസുമായി ബന്ധമുണ്ടെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. തൃക്കരിപ്പൂരില്‍ നിന്നും ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന റാഷിദ് അബ്ദുള്ളയുമായി ഇരുവര്‍ക്കും ബന്ധമുണ്ടായിരുന്നുവെന്ന് ഇസയുടെ മാതാവ് പറയുന്നു.

റാഷിദ് അബ്ദുള്ളയും കുടുംബവും തങ്ങളുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരെന്നാണ് മാതാവ് എല്‍സി പറഞ്ഞത്. തങ്ങളുടെ വീട്ടിലും മകന്‍ താമസിക്കുന്ന വീട്ടിലും റാഷിദും കുടുംബവും നിരവധി തവണ വന്നിട്ടുണ്ട്. മക്കളുടെ വീട്ടില്‍ ഇവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കാറുണ്ടായിരുന്നുവെന്നും എല്‍സി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാസര്‍ഗോഡ് ജില്ലയില്‍ ഐഎസ് റിക്രൂട്ട്മെന്റിന് നേതൃത്വം നല്‍കിയത് റാഷിദ് അബ്ദുള്ളയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാലക്കാട് നിന്നും കാണാതായ ഇസയും യഹിയയും തമ്മില്‍ റാഷിദിന് സുഹൃത് ബന്ധമുണ്ടായിരുന്നു എന്ന മാതാവിന്റെ വെളിപ്പെടുത്തല്‍. ഇസയേയും യഹിയയേയും ഉള്‍പ്പെടെ പാലക്കാട് നിന്നും കാണാതായവരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതിന് പിന്നിലും റാഷിദ് ആണോ എന്ന സംശയം ബലപ്പെടുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാണ് ഇസയുടെ മാതാവിന്റേ ആവശ്യം. അതിനിടെ റാഷിദ് അബ്ദുള്ളയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജില്ലയില്‍ അരങ്ങേറുന്നത്. റാഷിദ് ജോലി ചെയ്തിരുന്ന പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് ബിജെപി പ്രവര്‍ത്തര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇരുപതോളം വരുന്ന ബിജെപി പ്രവര്‍ത്തകരാണ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. സ്‌കൂളിന് മുന്‍വശമെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.

പീസ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പ്രധാന ഭാരവാഹിയായിരുന്ന റാഷിദ് അബ്ദുള്ള ആറ് മാസം മുന്‍പാണ് സ്‌കൂളില്‍ നിന്നും രാജിവെച്ചത്. ശ്രീലങ്കയില്‍ ഉന്നത വിദ്യാഭ്യാസത്തിന് എന്ന് പറഞ്ഞായിരുന്നു ഇയാള്‍ സ്‌കൂളില്‍ നിന്നും രാജിവെച്ചതെന്ന് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധികൃതര്‍ പറഞ്ഞിരുന്നു. തീവ്രവാദത്തിനെതിരെ നിരന്തരം സംസാരിച്ചിരുന്ന റാഷിദ് ഐഎസില്‍ ചേര്‍ന്നു എന്ന വാര്‍ത്ത സഹപ്രവര്‍ത്തകര്‍ ഞെട്ടലോടെയാണ് കേട്ടത്.

ജില്ലയില്‍ ലൗജിഹാദിനെ ശക്തമായി പ്രോത്സാഹിപ്പിച്ച അബ്ദുള്‍ റാഷിദ് എറണാകുളം സ്വദേശിയായ സോണിയയെയാണ് മതം മാറ്റി ആയിഷയാക്കിയ ശേഷം വിവാഹം ചെയ്തത്. ആയിഷയും റാഷിദിനൊപ്പം ഐഎസില്‍ ചേര്‍ന്നതായി കരുതുന്നു. റാഷിദിനേയും ആയിഷയേയും കൂടാതെ പടന്ന സ്വദേശി ഡോ. ഇജാസ്, ഭാര്യ റഫീല, ഇജാസിന്റെ സഹോദരന്‍ ഷിയാസ്, ഭാര്യ അജ്മല, എളമ്പച്ചി സ്വദേശി മുഹമ്മദ് മന്‍സാദ്, തൃക്കരിപ്പൂരിലെ മര്‍വാന്‍, പടന്ന സ്വദേശികളായ ഹയീസുദ്ദീന്‍, അഷ്ഫാഖ്, എളമ്പച്ചി സ്വദേശി ഫിറോസ് എന്നിവരെയും കാണാതായിട്ടുണ്ട്. പാലക്കാട് നിന്നും ഇസ, സഹോദരനായ യാഹിയ ഇവരുടെ ഭാര്യമാരായ നിമിഷ ഫാത്തിമ, മറിയം എന്നിവരേയുമാണ് കാണാതായിരിക്കുന്നത്.

അതേസമയം, കേരളത്തില്‍ നിന്നും 21 പേരെയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍ഗോഡ് നിന്നും 17 പേരെയും പാലക്കാട് നിന്നും നാല് പേരേയുമാണ് കാണാതായിരിക്കുന്നത്. വിഷയത്തില്‍ മുസ്ലീം വിരുദ്ധ വികാരമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.

Top