നെയ്യാറ്റിന്‍കര സബ്ജയിലില്‍ ഹരികുമാര്‍ ഭയപ്പെട്ടത് എന്തിനെ? മരണം തിരഞ്ഞെടുക്കാനുള്ള കാരണം ബിനുവിന്റെ മൊഴിയില്‍

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അകപ്പെട്ടതിനാല്‍ ഒളിവില്‍ പോയ ഡിവൈഎസ്പി ബി ഹരികുമാര്‍ ആത്മഹത്യ ചെയ്ത കേസില്‍ ദുരൂഹത നീങ്ങുന്നില്ല. ഹരികുമാറിനെ ആത്ഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് അജ്ഞാതമായി തുടരുന്നത്. നിയമ പരിജ്ഞാനവും ഉന്നത ബന്ധങ്ങളുമുള്ള പ്രതി എന്തിനാണ് ജീവന്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന ചോദ്യമാണ് ഉയരുന്നത്.

മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജാമ്യം ലഭിക്കില്ലെന്നും ജയിലില്‍ പോകേണ്ടി വരുമെന്നും ഹരികുമാര്‍ മനസിലാക്കിയത് അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വളരെ നാള്‍ ജയിലഴിക്കുള്ളില്‍ കഴിയേണ്ടി വന്നാല്‍ നേരത്ത താന്‍ തന്നെ പല കേസിലും അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കപ്പെട്ടവര്‍ ആക്രമിക്കുമെന്ന് ഡിവൈഎസ്പി ഭയന്നിരുന്നു. ഇതായിരിക്കാം അദ്ദേഹം ആത്മഹത്യ തെരഞ്ഞെടുത്തതെന്നും പോലീസ് കരുതുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതി റിമാന്റ് ചെയ്ത് നെയ്യാറ്റിന്‍കര ജയിലില്‍ പാര്‍പ്പിക്കാന്‍ ഇടയായാല്‍ അവിടെ കഴിയുന്ന വിചാരണ തടവുകാരില്‍ നിന്നും തനിക്ക് ശാരീരിക മാനസീക പീഡനങ്ങള്‍ ഉണ്ടാകുമെന്ന ഭീതി ഹരികുമാറിനെ വലച്ചിരുന്നതായി പിടിയിലായ സഹായി ബിനുവാണ് വ്യക്തമാക്കിയത്. ഹരികുമാര്‍ തന്നെ വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ നെയ്യാറ്റിന്‍കര സബ്ജയിലില്‍ ഉണ്ട്. ഇവര്‍ പക വീട്ടിയേക്കുമെന്ന ആശങ്ക ഹരികുമാറിനെ ഭരിച്ചിരുന്നു. മൂന്‍കൂര്‍ ജാമ്യം കിട്ടുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്ന ഹരികുമാറിനെ അതിന് സാധ്യതയില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് താനുമായി കീഴടങ്ങാനിരിക്കെയാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്തതെന്നും ബിനു പറഞ്ഞു.

ഒരുമിച്ച് കീഴടങ്ങാം എന്ന ധാരണയോടെയായിരുന്നു കഴിഞ്ഞ ദിവസം രാത്രി ഇരുവരും പിരിഞ്ഞതും ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടിലേക്ക് പോയതും. എന്നാല്‍ അപ്പോള്‍ പോലും ഹരികുമാര്‍ ആത്മഹത്യ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നില്ലെന്നും പിറ്റേന്ന് മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ താന്‍ ഞെട്ടിപ്പോയെന്നും ബിനു ക്രൈം ബ്രാഞ്ചിനോട് വ്യക്തമാക്കി. ഒരു സാധാരണ സംഭവം പോലെ പോകുമെന്ന് കരുതിയ സനല്‍കുമാറിന്റെ മരണം ഇത്രയും വാര്‍ത്താ പ്രാധാന്യം നേടുമെന്ന് കരുതിയിരുന്നില്ലെന്നും ബിനു വ്യക്തമാക്കി.

നവംബര്‍ 7 ന് രാത്രി പത്തുമണിയോടെ കൊടുങ്ങാവിളയിലെ ബിനുവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിവരുമ്പോഴായിരുന്നു സനലിന്റെ കൊലപാതകം നടന്നത്. തന്റെ കാറിന് മുന്നില്‍ മറ്റൊരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് രോഷാകുലനായി തൊട്ടടുത്ത തട്ടുകടയില്‍ ഭക്ഷണം കഴിക്കുകയായരുന്ന സനലുമായി വഴക്കു കൂടുകയും പിന്നീട് അമിത വേഗത്തില്‍ വന്ന കാറിന് മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തുടര്‍ന്ന് ഹരികുമാറിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ഡ്രൈവര്‍ രമേശായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മണിയോടെ തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ഹരികുമാറിനെ കണ്ടെത്തുകയായിരുന്നു.

Top