ആഷസിന് മുന്നേ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്റ്റാര്‍ക്ക്…1979 നു ശേഷം ആദ്യ നേട്ടം!

സിഡ്‌നി:  ആഷസ് ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പേ ഇംഗ്ലണ്ടിന് താക്കീത് നല്‍കി ആസ്‌ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. പരിക്കിനെത്തുടര്‍ന്ന് ഓസീസ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന സ്റ്റാര്‍ക്ക് കഴിഞ്ഞ ദിവസം നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മല്‍സരത്തില്‍ ഇരട്ട ഹാട്രിക്കുകള്‍ നേടിയാണ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. 1979ല്‍ അമീന്‍ ലഖാനി നേടിയ ഇരട്ട ഹാട്രിക്കിന് ശേഷം ആദ്യമായാണ് ഈ നേട്ടം മറ്റൊരു താരം സ്വന്തമാക്കുന്നത്.
ആദ്യ ഇന്നിങ്‌സില്‍ ജെയ്‌സണ്‍ ബെഹെറെന്‍ഡോഫ്, ഡേവിഡ് മൂഡി, സിമോണ്‍ മാക്കിന്‍ എന്നിവരെ പുറത്താക്കി കരിയറിലെ ആദ്യ ഹാട്രിക്ക് പൂര്‍ത്തിയാക്കിയ സ്റ്റാര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ ബെഹെറെന്‍ഡോഫിനെയും മൂഡിയേയും ഒരിക്കല്‍ കൂടി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഒപ്പം വെല്‍സിനേയും ഗാലറിയിലേക്ക് പറഞ്ഞയച്ച സ്റ്റാര്‍ക്ക് ഇരട്ട ഹാട്രിക്ക് നേട്ടവും അക്കൗണ്ടിലാക്കി.
മല്‍സരത്തില്‍ ന്യൂസൗത്ത് വെയ്ല്‍സിന് വേണ്ടി ഇറങ്ങിയ സ്റ്റാര്‍ക്കിന്റെ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ 171 റണ്‍സിന് ടീം വിജയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത് ന്യൂ സൗത്ത് വെയ്ല്‍സ് ഒന്നാം ഇന്നിങ്‌സില്‍ 270 റണ്‍സിന് പുറത്തായപ്പോള്‍ വെസ്‌റ്റേണ്‍ ആസ്‌ത്രേലിയ 176 റണ്‍സിനും കൂടാരം കയറി. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റിന് 300 റണ്‍സ് നേടി ന്യൂസൗത്ത് വെയ്ല്‍സ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് 395 റണ്‍സ് വിജയ ലക്ഷ്യവും സമ്മാനിച്ചു. എന്നാല്‍ സ്റ്റാര്‍ക്ക് വീണ്ടും അന്തകനായതോടെ വെസ്‌റ്റേണ്‍ ആസ്‌ത്രേലിയയുടെ പോരാട്ടം 223 റണ്‍സില്‍ അവസാനിച്ചു.
ഫാസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇത് എട്ടാമത്തെ താരമാണ് ഇരട്ട ഹാട്രിക്കുകള്‍ സ്വന്തമാക്കുന്നത്. ആല്‍ഫ്രഡ് ഷാ (1884), ട്രോട്ട് (1907), മാത്യൂസ് (1912), പാര്‍ക്കര്‍ (1924),ജെന്‍കിസ് (1949), ജെ എസ് റാവു (1964), അമീന്‍ ലഖാനി (1979) എന്നിവരാണ് ഒരു മല്‍സരത്തില്‍ ഇരട്ട ഹാട്രിക്ക് നേടിയ മറ്റ് ബൗളര്‍മാര്‍.
ആസ്‌ത്രേലിയും – ഇംഗ്ലണ്ടും തമ്മിലുള്ള അഭിമാന പോരാട്ടമായ ആഷസ് ക്രിക്കറ്റ് ടെസ്റ്റ്  ഈ മാസം 23ന് ബ്രിസ്‌ബെയിനിലാണ് ആരംഭിക്കുന്നത്.

Top