റിലയൻസിൽ ഇനി അംബാനിയ്ക്കു ശമ്പളമില്ല: നഷ്ടം പരിധിവിട്ടു

സ്വന്തം ലേഖകൻ

മുംബൈ: കോടികളുടെ നിക്ഷേപവും, കോടികളുടെ സ്വത്തുമുള്ള റിലയൻസ് ചെയർമാൻ അനിൽ അംബാനിക്കു ഇനി ശമ്പളമില്ല. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന റിലയൻസ് കമ്മ്യൂണിക്കേഷനിൽ നിന്ന് ശമ്പളമോ മറ്റ് കമ്മീഷനുകളോ വാങ്ങേണ്ടെന്നാണ് ചെയർമാൻ അനിൽ അംബാനി തീരുമാനിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം റിലയൻസ് കമ്മ്യൂണിക്കേഷന്റെ (ആർ കോം) നഷ്ടക്കണക്ക് ഏകദേശം 45,000 കോടി കടന്നിരിക്കുകയാണ്.
നഷ്ടം നികത്താനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനിയുടെ പ്രമോട്ടർമാരെല്ലാം ഇത്തരത്തിൽ കടുത്ത തീരുമാനങ്ങളെടുത്തതെന്ന് ആർകോം വക്താവ് പറഞ്ഞു. മാർച്ചിൽ അവസാനിച്ച കഴിഞ്ഞ പാദത്തിൽ 966 കോടിയുടെ ബാധ്യതയാണ് റിലയൻസിനുള്ളത്. അടുത്ത ഒരു വർഷത്തേക്ക് കമ്പനിയുടെ മുതിർന്ന ഉദ്ദ്യോഗസ്ഥരെല്ലാം പ്രതിമാസം 21 ദിവസത്തെ ശമ്പളം മാത്രമേ വാങ്ങുകയുമുള്ളൂ. ഒരുകാലത്ത് വിപണിയിൽ തരംഗം സൃഷ്ടിച്ച റിലയൻസ് ടെലികമ്മ്യൂണിക്കേഷൻസ് ഇപ്പോൾ മറ്റ് കമ്പനികളിൽ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്. അടുത്തിടെ സ്വന്തം സഹോദരൻ മുകേശ് അംബാനി തുടങ്ങിയ റിലയൻസ് ജിയോ എൽപ്പിക്കുന്ന പരിക്കും ചില്ലറയല്ല.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലും അനിൽ അംബാനി ശമ്പളമോ കമ്മീഷനോ ആർ കോമിൽ നിന്ന് വാങ്ങിയിരുന്നില്ല. പകരം കമ്പനിയുടെ ബോർഡ് മീറ്റിങുകളിൽ പങ്കെടുത്തതിനുള്ള സിറ്റിങ് ഫീസായി 5.6 ലക്ഷം രൂപ മാത്രമാണ് വാങ്ങിയത്. 2011 വരെ 17 കോടി ശമ്പളം വാങ്ങിയിരുന്ന അനിൽ അംബാനി 2011-12 സാമ്പത്തിക വർഷത്തിൽ ഇത് 5.5 കോടിയായി വെട്ടിച്ചുരുക്കുകയായിരുന്നു. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി തിരിച്ചറിഞ്ഞായിരുന്നു മൂന്നിലൊന്ന് ശമ്പളം മാത്രം വാങ്ങാനുള്ള തീരുമാനം. എന്നാൽ ഇവിടെ നിന്ന് 2017 ആയപ്പോഴേക്കും ശമ്പളമായി ഒരു രൂപ പോലും വാങ്ങാത്ത സ്ഥിതിയിലേക്ക് കമ്പനിയുടെ സാമ്പത്തിക സ്ഥിതി മാറി. ഇപ്പോൾ സ്വീകരിക്കുന്ന ചില അടിന്തര നടപടികളിലൂടെ വരുന്ന സെപ്തംബർ ആവുമ്പോഴേക്കും കട ബാധ്യത 45,000 കോടിയിൽ നിന്ന് 25,000 കോടിയാക്കി കുറയ്ക്കാനാവുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

Latest
Widgets Magazine