ഈ നടിയെ ഓര്‍മയുണ്ടോ?; സിനിമ ഉപേക്ഷിച്ച താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

ഒരു കൂട്ടം പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് നമ്മള്‍. രാഘവന്റെ മകന്‍ ജിഷ്ണുവും ഭരതന്റെ മകന്‍ സിദ്ധാര്‍ത്ഥുമായിരുന്നു പ്രധാന കഥാപാത്രങ്ങളിലെത്തിയത്. കോളേജ് കാമ്പസ് പശ്ചാത്തലത്തില്‍ സൗഹൃദത്തിന്റെയും മാതൃത്വത്തിന്റെയും കഥ പറഞ്ഞ ചിത്രം കേരളക്കര ഏറ്റെടുത്തു. ഭാവന എന്ന കഴിവുറ്റ നടിയെ മലയാളത്തിന് ലഭിച്ചതും നമ്മളിലൂടെയാണ്. എന്നാല്‍ നമ്മള്‍ എന്ന ചിത്രം മറ്റൊരു നായികയെ കൂടെ സിനിമാ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. രേണുകാ മേനോന്‍ ആണ് ആ നായിക. നമ്മളിലെ പാട്ടുകളെല്ലാം ഹിറ്റായതിനൊപ്പം തന്നെ രേണുകയും ശ്രദ്ധ നേടിയിരുന്നു. എന്‍ കരളില്‍ താമസിച്ചാല്‍ മാപ്പ് തരാം രാക്ഷസീ എന്ന് പാടിയത് രേണുകയെ നോക്കിയാണ്. സുഖമാണീ നിലാവ് എന്ന ഹിറ്റ് ഗാനത്തിലും നിറഞ്ഞു നിന്നത് രേണുക തന്നെ. മോഡലിങ് രംഗത്ത് സജീവമായിരുന്ന രേണുകയുടെയും ആദ്യ ചിത്രമാണ് നമ്മള്‍. തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്തപ്പോള്‍ നായികയായി രേണുക തന്നെ എത്തി. അതുകൊണ്ട് അന്യഭാഷയില്‍ അഭിമുഖമാകാനും രേണുകയ്ക്ക് സാധിച്ചു. തുടര്‍ച്ചയായി രണ്ട് ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കാനും ഈ തുടക്കകാരിക്ക് സാധിച്ചു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിലും മനുഷ്യമൃഗം എന്ന ചിത്രത്തിലും പൃഥ്വിയുടെ നായികയായെങ്കിലും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ രേണുകയ്ക്ക് സാധിച്ചില്ല. ഈ സിനിമയ്ക്ക് ശേഷം ഭാവനയേക്കാള്‍ ഓഫറുകള്‍ വരുന്നത് രേണുകയ്ക്ക് ആയിരിക്കുമെന്ന് കരുതി. എന്നാല്‍ എല്ലാം മാറിമറിഞ്ഞു. ഫെബ്രുവരി 14 എന്ന തമിഴ് ചിത്രത്തില്‍ ഭരതിന്റെ നായികയായി അഭിനയിച്ചെങ്കിലും വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് രണ്ട് മൂന്ന് ചിത്രങ്ങള്‍ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ആര്യയ്‌ക്കൊപ്പം അഭിനയിച്ച കലാപ കാതല്‍ എന്ന ചിത്രത്തിലൂടെയാണ്. എന്നാല്‍ തമിഴകത്ത് പിടിച്ചു നില്‍ക്കാന്‍ നടിക്ക് കഴിഞ്ഞില്ല. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ രേണുക പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടര്‍ പഠനത്തിനായി നടി യുഎസ്സിലേക്ക് പറന്നു. പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നില്ല. 2006 ലാണ് സുരാജുമായുള്ള വിവാഹം നടന്നത്. യുഎസ്സില്‍ സ്ഥിരതാമസമാക്കിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ് സുരാജ്. വിവാഹ ശേഷം രേണുക യുഎസ്സില്‍ സ്ഥിരമാക്കി.

1

Latest
Widgets Magazine