റിപ്പോര്‍ട്ടറിന്റെ ഓഹരികള്‍ വില്‍ക്കുന്നത് തടഞ്ഞു; വിവാദ വ്യവസായിക്ക് ചാനല്‍ വില്‍ക്കാനുള്ള നികേഷ് കുമാറിന്റെ നീക്കം പൊളിഞ്ഞു

കൊച്ചി: സാമ്പത്തീക പ്രതിസന്ധിയില്‍ അകപ്പെട്ട റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരിവില്‍പ്പന നടത്തുന്നത് കമ്പനി ലോ ബോര്‍ഡ് തടഞ്ഞു.ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ ലാലിയ ജോസഫ് നല്‍കിയ പരാതിയിലാണ് കമ്പനി ലോ ട്രിബ്യൂണലിന്റെ പ്രത്യേക ബഞ്ചിന്റെ ഉത്തരവ്.

ചാനല്‍ ഉടമയായ നികേഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്റെ ഓഹരികള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ലാലിയയുടെ പരാതിയിലാണ് ഇടപെടല്‍. സമാന വിഷയത്തില്‍ ക്രിമിനല്‍ കേസ് നടപടികളും നികേഷിനും ഭാര്യയ്ക്കുമെതിരെ പുരോഗമിക്കുന്നുണ്ട്. അതിനിടെയാണ് കമ്പനി ലോ ബോര്‍ഡിന്റെ ഇടപെടല്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങാന്‍ വേണ്ടി ഒന്നരക്കോടി രൂപ ലാലിയ ജോസഫ് പണമായി നല്‍കിയിരുന്നു. ഇത് കൂടാതെ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകള്‍ ഈടുനല്‍കുകയും, ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനല്‍ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് ചാനലിന്റെ കെട്ടിടം അടക്കം നിര്‍മ്മിച്ചത്. എന്നാല്‍ കോടികള്‍ ചാനലിനുവേണ്ടി ഇറക്കിയട്ടും ചാനലിന്റെ ഓഹരികളില്‍ വന്‍ അട്ടിമറി നടത്തി ലാലിയയെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി. ഓഹരി ഘടനയില്‍ മാറ്റം വരുത്തരുതെന്ന ഉ്ത്തരോവോടെ ചാനല്‍ വില്‍പ്പനയ്ക്ക് നികേഷ് നടത്തിയ നീക്കങ്ങള്‍ അവതാളത്തിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സി പി മാത്യുവും ഭാര്യ ലാലിയ ജോസഫും നല്‍കിയ 1.5 കോടി രൂപയില്‍ നിന്നാണ് റിപ്പോര്‍ട്ടര്‍ ടിവിയിലെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. തുടക്കത്തിലെ ചെലവുകള്‍ക്ക് ഉള്ളതായിരുന്നു ഈ തുക. ലാലിയയുടെ പേരിലുള്ള നിരവധി സ്വത്തുക്കളുടെ ഈടിന്മേല്‍ ആണ് പിന്നീട് 12 കോടി രൂപ കൂടി റിപ്പോര്‍ട്ടര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുന്നത്. അത് കൂടാതെ പലപ്പോഴായി കോടികള്‍ പിന്നെയും ലാലിയ നിക്ഷേപിച്ചിട്ടുണ്ട്. 55 ശതമാനം ഓഹരികള്‍ സി പി മാത്യുവിനും ലാലിയക്കും കൂടി നല്‍കാമെന്ന വ്യവസ്ഥയിലാണ് അവര്‍ നിക്ഷേപത്തിന് തയ്യാറായത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ അത് 27 ശതമാനമായി പിന്നീട് നിജപ്പെടുത്തിയതായും പറയുന്നു. ലാലിയ സി പി ദമ്പതികളുടെ പീരുമേട്ടിലുള്ള 100 ഏക്കര്‍ തോട്ടം തൊടുപുഴ തറവാടും വീടും പറമ്പും തൊടുപുഴ ആറിനു തീരത്തുള്ള 2 ഏക്കര്‍ ടൂറിസം പ്ലോട്ട് തിരുവനന്തപുരത്തെയും എറണാകുളത്തെയും ഫ്ളാറ്റുകള്‍ എന്നിവ 15 വര്‍ഷത്തേക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എറണാകുളം ബാനര്‍ജി റോഡ് ശാഖയില്‍ പണയപ്പെടുതിയാണ് ഈ പണം സമാഹരിച്ചത്. ഈ നിക്ഷേപങ്ങള്‍ക്കാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ 27 ശതമാനം ഓഹരി നല്കാന്‍ കരാര്‍ ഉണ്ടാക്കിയത്.

റിപ്പോര്‍ട്ടര്‍ ടിവി പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പ് 2011 ഏപ്രിലില്‍ 26 % ഓഹരികള്‍ ലാലിയ ജോസെഫിനു നല്‍കി. ഒട്ടേറെ നിക്ഷേപകരെ നികേഷ് ഇതിനിടയില്‍ റിപ്പോര്‍ട്ടറിലേയ്ക്ക് കൊണ്ടുവന്നിരുന്നു. ഒന്നരക്കോടി രൂപയ്ക്ക് പത്ത് ശതമാനം എന്ന നിലയില്‍ ആയിരുന്നു കൊണ്ടുവന്നിരുന്നത്. അസറ്റ് ഹോംസ് ഉടമ ഇതിനിടയില്‍ മൂന്ന് കോടി നിക്ഷേപിച്ചു. എന്നാല്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അവര്‍ പണം തിരിച്ച് വാങ്ങി ഓഹരി പങ്കാളിത്തം ഒഴിവാക്കുകയായിരുന്നു.

ചാനലിന്റെ മുഖ്യ ഓഹരി ഉടമയാക്കാമെന്നും ഡയറക്ടറാക്കാമെന്നുമാണ് പണം മുടക്കുന്നതിന്റെ പ്രതിഫലമായി ലാലിയയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. പരാതിക്കാരിയും നികേഷ് കുമാറും മാത്രമായിരിക്കും ഡയറക്ടര്‍മാര്‍ എന്നാണ് തുടക്കത്തില്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പിന്നീട് നികേഷ് കുമാറും ഭാര്യയും ചേര്‍ന്ന് പരാതിക്കാരി അറിയാതെ കമ്പനിയുടെ ഓഹരി ഘടന മാറ്റുകയും അര്‍ഹതപ്പെട്ട ഓഹരി നല്‍കാതിരിക്കുകയും പിന്നീട്, നല്‍കിയ ഓഹരി തന്നെ പരാതിക്കാരി അറിയാതെ വ്യാജരേഖ ചമച്ച് തട്ടിയെടുക്കുകയും ചെയ്തു.

സിപിഎമ്മിന്റെ ഗ്രൂപ്പിസത്തില്‍ ഏറെ കാലം നിറഞ്ഞു നിന്ന വിവാദ വ്യവസായിക്ക് ഭൂരിപക്ഷം ഓഹരികളും വില്‍ക്കാനാണ് നികേഷ് ശ്രമം നടതത്തുന്നതെന്നാണ് സൂചന. പ്രവാസി വ്യവസായിയുമായുണ്ടായ ഓഹരിതര്‍ക്കം പരിഹരിക്കാന്‍ കോടികള്‍ ഇറക്കിയത് ഈ വ്യവസായിയായിരുന്നുലെന്നണ് റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇടപ്പെട്ടാണ് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയത്.

Top