റിൻസിയുടെ കിടപ്പുമുറിയിൽ ആരോ വന്നിട്ടുണ്ട്; രാത്രി 12 മണി വരെ ഉള്ള കാര്യങ്ങള്‍?

പിറവന്തൂരിലെ റിൻസി ബിജുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. റിൻസിയുടെ മാതാപിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യത്തെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് റിൻസിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെയും കണ്ടിരുന്നു. പത്തംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സിനി ഡെന്നീസാണ് കേസ് അന്വേഷിക്കുക. അഞ്ച് എസ്ഐമാരും ഒമ്പത് സിവിൽ പോലീസ് ഓഫീസർമാരും അടങ്ങുന്നതാണ് അന്വേഷണസംഘം. പിറവന്തൂർ വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടിൽ ബിജു-റീന ദമ്പതികളുടെ മകളും കലഞ്ഞൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വിദ്യാർത്ഥിനിയുമായ റിൻസി ബിജുവിനെ ജൂലായ് 29ന് രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂലായ് 29ന് രാവിലെയാണ് റിൻസിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിൻസിയുടെ കഴുത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും, മരണം കൊലപാതകമാണെന്നുമായിരുന്നു രക്ഷിതാക്കൾ തുടക്കം മുതലേ ആരോപിച്ചിരുന്നത്. എന്നാൽ റിൻസിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസ് കണ്ടെത്തിയത്. കയറോ മറ്റു വസ്തുക്കളോ കയറിൽ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. എന്നാൽ മരണം കൊലപാതകമാണെന്ന് തന്നെയായിരുന്നു രക്ഷിതാക്കളുടെ നിലപാട്. ഇതോടെ, മകൾ ആത്മഹത്യ ചെയ്തതാണെന്ന് പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന മാനക്കേടോർത്താണ് രക്ഷിതാക്കൾ കൊലപാതകമെന്ന് ആവർത്തിക്കുന്നതിന് പിന്നിലെന്ന സംശയവും ഉടലെടുത്തു. അന്വേഷണവുമായി ബന്ധപ്പെട്ട് റിൻസിയുടെ ബന്ധുക്കളെയും നാട്ടുകാരെയും നിരവധി തവണയാണ് പോലീസ് ചോദ്യം ചെയ്തത്. റിൻസിയുടെ മാതാപിതാക്കളെ ഒൻപത് തവണ ചോദ്യം ചെയ്തിരുന്നു. മരണം കൊലപാതകമാണെന്ന ആരോപണത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്റെ നേതൃത്വത്തിലുള്ള ഫോറൻസിക് സംഘവും റിൻസിയുടെ വീട്ടിൽ പരിശോധന നടത്തി. എന്നാൽ ഫോറൻസിക് പരിശോധനയിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. മരിക്കുന്നതിന് തലേദിവസം രാത്രി 12 മണി വരെ മകൾ മുറിയിലിരുന്ന് പഠിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നാണ് റിൻസിയുടെ അമ്മ പറയുന്നത്. രാവിലെ മകളെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ കഴുത്തിൽ മുറിവുകളുണ്ടായിരുന്നുവെന്നും, മാല നഷ്ടപ്പെട്ടിരുന്നതായും ഇവർ നേരത്തെ പറഞ്ഞിരുന്നു. മുറിക്കുള്ളിൽ ആരോ പ്രവേശിച്ചിരുന്നതായാണ് ഇവർ സംശയിക്കുന്നത്. ആദ്യം കേസ് അന്വേഷിച്ച പുനലൂർ പോലീസിന് കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല. മരണം ആത്മഹത്യ തന്നെയാണെന്നാണ് പോലീസ് സംഘം ഉറപ്പിച്ച് പറഞ്ഞത്. ഇതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ദുരൂഹത നീങ്ങുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

Top