നോട്ട് റദ്ദാക്കലിന് ശേഷം ബാങ്കുകളിലെത്തിയത് 4 ലക്ഷം കോടി രൂപയുടെ കള്ളപ്പണം

ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കലിന് ശേഷം കണക്കില്‍പ്പെടാത്ത നാല് ലക്ഷത്തോളം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി.മൂന്നു ലക്ഷത്തിനും നാല് ലക്ഷം കോടിക്കും ഇടയിലുള്ള സംഖ്യ ബാങ്കുകളില്‍ എത്തിയതായാണ് പ്രാഥമിക കണക്ക്.60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷത്തിലധികം രൂപയുടെ വീതം നിക്ഷേപം വന്നു.ധനവകുപ്പിന്റെ നിർദ്ദേശപ്രകാരം ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ബാങ്കുകളിൽ വ്യാപകമായ തോതിൽ കള്ളപ്പണം എത്തിയതായി കണ്ടെത്തിയത്. അക്കൗണ്ടുകളിലൂടെ തിരിച്ചെത്തിയ പണത്തിൽ കണക്കിൽ പെടാത്ത പണവുമുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

2016 നവംബർ ഒൻപത് മുതൽ ഇതുവരെ വിവിധ ബാങ്കുകളിലായി വൻതോതിൽ കള്ളപ്പണ നിക്ഷേപത്തിന്‍റെ കണക്കാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടത്. നവംബർ 8 മുതൽ 60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷത്തിലധികം രൂപയുടെ വീതം നിക്ഷേപമുണ്ടായയതായി ആദായനികുതി വകുപ്പ് പറയുന്നു. നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ 25,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. വിവിധ സഹകരണ ബാങ്കുകളിലൂടെ 16000 കോടി രൂപയുടെ നിക്ഷേപമെത്തിയതും പരിശോധനക്ക് വിധേയമാക്കും.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ മാത്രം 10,700 കോടി രൂപയുടെ നിക്ഷേപം വന്നു. നോട്ട് അസാധുവാക്കൽ നടപടിക്കു ശേഷം വായ്പ തിരിച്ചടിവായി 80,000 കോടി രൂപ ബാങ്കുകളിലെത്തി.പ്രാഥമികമായി നടത്തിയ പരിശോധനയിലാണ് ഇത്രയും തുകയുടെ കള്ളപ്പണം ബാങ്കിലെത്തിയതായി ആദായനികുതി വകുപ്പ് പറയുന്നത്. ഈ നിക്ഷേപങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും വകുപ്പ് പറയുന്നു

Latest
Widgets Magazine