സി.പി.എം പാർട്ടി ഗ്രാമങ്ങൾ പിടിച്ചെടുക്കാൻ ആർ എസ് എസ് തയ്യാറെടുക്കുന്നു

ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് പാലക്കാട്ടെ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് തടയാന്‍ ശ്രമിച്ച കേരളത്തിലെ സി.പി.എം സര്‍ക്കാരിന് തിരിച്ചടി നല്‍കാന്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ കടന്നുകയറാന്‍ സംഘപരിവാര്‍ കര്‍മ്മ പദ്ധതി.

ഹിന്ദു സാമുദായിക നേതാക്കളെയും ദലിത് നേതാക്കളെയും ദലിത് വിഭാഗത്തെയും ഒപ്പം നിര്‍ത്തി ‘ധര്‍മ സംവാദം’ എന്ന പേരില്‍ ജില്ലകള്‍ തോറും പൊതുജനസമ്പര്‍ക്ക പരിപാടിക്കാണ് ആര്‍.എസ്.എസ് ഒരുങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദേശീയ നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഓരോ ജില്ലയിലും 30,000 മുതല്‍ 40,000 വരെ ആളുകളെ പങ്കെടുപ്പിച്ച് ധര്‍മ്മ സംവാദം ഒരുക്കുക. കണ്ണൂരിലെയും തിരുവനന്തപുരത്തെയും സി.പി.എം ശക്തികേന്ദ്രങ്ങളില്‍ കടന്നുകയറാനും സി.പി.എമ്മിനൊപ്പം നില്‍ക്കുന്ന ദലിത് വിഭാഗത്തെ ഒപ്പം കൂട്ടാനുമാണ് പരിപാടി.

ഹിന്ദു സാമുദായിക നേതാക്കളുടെ പിന്തുണയും തേടിയിട്ടുണ്ട്. ധര്‍മ്മ സംവാദത്തിന് നേതൃത്വം നല്‍കാന്‍ സ്വാമി ചിതാനന്ദപുരിയോട് അഭ്യര്‍ത്ഥിച്ചതായി ആര്‍.എസ്.എസിന്റെ കേരളത്തിന്റെ ചുമതലയുള്ള ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

തിരുവനന്തപുരത്തും കണ്ണൂരും ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് ദേശീയതലത്തില്‍ വാര്‍ത്തയാകുന്നുണ്ട്. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനുള്ളത്.

പിണറായിക്കെതിരെ ഡല്‍ഹിയിലും മധ്യപ്രദേശിലുംവരെ ആര്‍.എസ്.എസ് പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ ആര്‍.എസ്.എസ് ഭീഷണിയെ വകവെക്കാത്ത പിണറായിയെയും സി.പി.എമ്മിനെയും തളര്‍ത്താന്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ പിടിക്കുക എന്ന കര്‍മ്മ പദ്ധതിയാണ് ആര്‍.എസ്.എസ് ആവിഷ്‌ക്കരിക്കുന്നത്.

ദലിത് വിഭാഗം സി.പി.എമ്മിന്റെ വോട്ട് ബാങ്കായാണ് അറിയപ്പെടുന്നത്. എന്നാല്‍ കൊല്ലപ്പെട്ട 5 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ദലിത് വിഭാഗക്കാരായിരുന്നെന്നു പ്രചരണം നടത്തി ദലിത് പിന്തുണ ഉറപ്പിക്കാനാണ് നീക്കം.സമാധാന ചര്‍ച്ചക്കൊപ്പം സി.പി.എം അക്രമത്തെ പ്രതിരോധിച്ച് പ്രവര്‍ത്തകരുടെ ആത്മവീര്യം ഉയര്‍ത്തുമെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.

Top