വടിവാളുകൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജയില്‍വാസം; മാഹി കൊലപാതകത്തില്‍ അറസ്റ്റിലായ ശ്യാംജിത്ത് ആര്‍എസ്എസ്സിന്റെ കൊടും ക്രിമിനല്‍

സിപിഐ എം നേതാവ് പള്ളൂരിലെ കണ്ണിപ്പൊയില്‍ ബാബുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒരു ആര്‍എസ്എസ്സുകാരന്‍ കൂടി അറസ്റ്റില്‍. കൊലയാളി സംഘാംഗമായ പാനൂര്‍ ചെണ്ടയാട് കുന്നുമ്മലിലെ കുനിയില്‍ കമലദളത്തില്‍ ശ്യാംജിത്തിനെ (23) യാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

പാനൂര്‍ ചെണ്ടയാട് പുതിയവീട്ടില്‍ കെ ജെറിന്‍ സുരേഷ് (31), ഈസ്റ്റ് പള്ളൂര്‍ പൂശാരികോവിലിനടുത്ത കുറൂളിത്താഴെ കുനിയില്‍ ഹൗസില്‍ പി കെ നിജേഷ് (34), പന്തക്കല്‍ ശിവഗംഗയില്‍ പി കെ ശരത്ത്(25)എന്നിവരെ തിങ്കളാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. നിജേഷിന്റെ കുറ്റസമ്മത മൊഴിയും അന്വേഷണത്തില്‍ നിര്‍ണായകമായി. സിപിഐ എം പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗം കണ്ണിപ്പൊയില്‍ ബാബുവിനെ ഏഴിന് രാത്രിയാണ് വീടിന് സമീപത്ത് ആര്‍എസ്എസ്സുകാര്‍ പതിയിരുന്നാക്രമിച്ച് കൊലപ്പെടുത്തിയത്.

പാനൂര്‍, കൂറ്റേരി, ചെണ്ടയാട്, പുല്ലൂക്കര, കൊച്ചിയങ്ങാടി, മാഹി, ചെമ്പ്ര, ഈസ്റ്റ്പള്ളൂര്‍ പ്രദേശങ്ങളിലുള്ള കൊലയാളി സംഘത്തെ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം നിരവധി അക്രമക്കേസുകളില്‍ പ്രതിയാണ് ചൊവ്വാഴ്ച പിടിയിലായ ശ്യാംജിത്ത്. വടിവാളു കൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് അതിന്റെ ഫോട്ടോ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോ വൈറലാകുകയും ചെയ്തിരുന്നു. സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ ഈ ഫോട്ടോ ഉപയോഗിച്ച് ആര്‍എസ്എസ്സിന്റെ തനിനിറം  വെളിപ്പെടുത്തിയിരുന്നു.

Latest
Widgets Magazine