റബ്ബര്‍ കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സംസ്ഥാന സര്‍ക്കാര്‍

വിലത്തകര്‍ച്ചമൂലം സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിവരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ നീക്കം. റബ്ബറിന് ആഭ്യന്തരവിപണിയില്‍ ഡിമാന്റുണ്ടാക്കി കര്‍ഷകര്‍ക്ക് താങ്ങാകാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായി കേരളത്തില്‍ റബ്ബറിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഏതൊക്കെ ഉത്പന്നത്തില്‍ റബ്ബറിന്റെ ഉപയോഗം വര്‍ധിപ്പിക്കാമെന്നതും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുളള വ്യവസായ സാധ്യതകള്‍ പഠിക്കാനും വിദഗ്ധ സമിതയെ നിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. വിവിധ മേഖലയിലുളള വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുക ചീഫ് സെക്രട്ടറിയുടെ ചുമതലയായിരിക്കും. റബറിന്റെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തി കര്‍ഷകര്‍ക്ക് നല്ല വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗുജറാത്തിലെ അമൂല്‍ മാതൃകയില്‍ റബ്ബര്‍ ഉല്‍പാദകരുടെ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിനെക്കുറിച്ചും സമിതി പഠനം നടത്തും. റബ്ബറിന് അടിക്കടി വിലകുറയുന്നതിനാല്‍ കര്‍ഷകര്‍ പലവട്ടം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്.

Top