ഇത് ഇസ്രയേലിലെ മരുന്ന്; കുത്തിവെച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ല; കോഴിക്കോട് നടന്നത്

സ്കൂളിൽ നടത്തിയ റൂബൈല്ല വാക്സിൻ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പ് ഒരു സംഘമാളുകൾ തടസപ്പെടുത്തി. കോഴിക്കോട് എംഎം സ്കൂളിൽ സംഘടിപ്പിച്ച കുത്തിവെയ്പാണ് കഴിഞ്ഞദിവസം തടസപ്പെടുത്തിയത്. സ്കൂളിലെത്തിയ ഒരു വിഭാഗം രക്ഷിതാക്കളാണ് പ്രതിരോധ കുത്തിവെയ്പ് തടഞ്ഞത്. കഴിഞ്ഞദിവസം രാവിലെ 10 മണിയോടെയാണ് കോഴിക്കോട് എംഎം സ്കൂളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. രണ്ട് ദിവസങ്ങളിലായി പ്രതിരോധ കുത്തിവെയ്പ് ക്യാമ്പ് നടത്താനായിരുന്നു ആരോഗ്യവകുപ്പിന്റെ തീരുമാനം. ആദ്യ ദിവസം 1000 വിദ്യാർത്ഥികൾക്കും, രണ്ടാം ദിവസം 1500 വിദ്യാർത്ഥികൾക്കും കുത്തിവെയ്പെടുക്കാനാവശ്യമായ സജ്ജീകരണങ്ങളും ക്യാമ്പിൽ ഒരുക്കിയിരുന്നു. കുത്തിവെയ്പിന് മുന്നോടിയായി ആരോഗ്യവകുപ്പ് അധികൃതർ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. എന്നാൽ ആദ്യദിവസം വളരെ ചുരുക്കം വിദ്യാർത്ഥികൾ മാത്രമാണ് കുത്തിവെയ്പെടുത്തത്. റൂബെല്ല വാക്സിനെതിരെയുള്ള വ്യാജ പ്രചരണത്തെ തുടർന്നാണ് പലരും കുത്തിവെയ്പെടുക്കാൻ വിസമ്മതിക്കുന്നത്. അഞ്ചാംപനി,റൂബെല്ല രോഗത്തെ പ്രതിരോധിക്കാനാണ് ആരോഗ്യവകുപ്പ് റൂബെല്ല കുത്തിവെയ്പ് നൽകുന്നത്. എന്നാൽ റൂബെല്ല വാക്സിനെതിരെ സംസ്ഥാന വ്യാപകമായി വ്യാജ പ്രചരണമാണ് നടക്കുന്നത്.

കോഴിക്കോട് എംഎം സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ ആയിരം വിദ്യാർത്ഥികളിൽ വെറും 209 പേർ മാത്രമാണ് ആദ്യദിവസം കുത്തിവെയ്പെടുത്തത്. ബാക്കിയുള്ള കുട്ടികൾക്ക് കുത്തിവെയ്പെടുക്കാൻ രക്ഷിതാക്കൾ അനുവദിച്ചില്ല. ഇസ്രേയേലിൽ നിന്നെത്തിച്ച മരുന്നാണ് കുട്ടികളിൽ കുത്തിവെയ്ക്കുന്നതെന്നും, ഇത് കുത്തിവെച്ചാൽ പ്രത്യുൽപാദന ശേഷി നഷ്ടപ്പെടുമെന്നാണ് റൂബെല്ല വാക്സിനെതിരായി നടക്കുന്ന വ്യാജ പ്രചരണം. ഇത് കുത്തിവെച്ചാൽ ഓട്ടിസം ബാധിക്കുമെന്നും പ്രചരിപ്പിക്കുന്നുണ്ട്. ക്യാമ്പ് തടസപ്പെടാതിരിക്കാൻ വൻ പോലീസ് സംഘമാണ് സ്കൂളിലെത്തിയത്. ഇതിനിടെ, കുട്ടികൾക്ക് കുത്തിവെയ്പ് നൽകുമെന്ന് പ്രഖ്യാപിച്ച് മറ്റൊരു സംഘം രക്ഷിതാക്കളും സ്കൂളിലെത്തിയിരുന്നു. റൂബൈല്ല വാക്സിനെതിരെ പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും, ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Latest
Widgets Magazine