രാജേന്ദ്രന്‍ എംഎല്‍എയുടെ വീടിരിക്കുന്ന സ്ഥലം വൈദ്യുത ബോര്‍ഡിന്റെ ഭൂമിയെന്ന് വിവരം; ഭൂമിയ്ക്ക് വില്ലേജ് ഓഫീസില്‍ രേഖകളില്ല

അനധികൃത കെട്ടിടനിര്‍മാണം തടഞ്ഞ വനിതാ സബ് കളക്ടറെ അവഹേളിച്ച് വിവാദത്തിലായ ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ വീണ്ടും പെട്ടു. എംഎല്‍എയുടെ വീടിരിക്കുന്ന ഭൂമിയുടെ രേഖകളും വില്ലേജ് ഓഫീസിലില്ല എന്നതാണ് പുതിയ വിവാദത്തിനു വഴിവെച്ചിരിക്കുന്നത്.

വൈദ്യൂതി ബോര്‍ഡിന്റെ വസ്തു കയ്യേറിയാണ് എംഎല്‍എ വീട് നിര്‍മ്മിച്ചിരിക്കുന്നത് എന്ന ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് വില്ലേജ് ഓഫീസില്‍ പോലും രേഖകള്‍ ഇല്ലാത്തത്. എം.എല്‍.എയുടെ സ്ഥലം പട്ടയഭൂമിയോ കയ്യേറ്റഭൂമിയോ എന്ന് ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കലക്ടര്‍ ഡോ.രേണു രാജ് നിര്‍ദേശം നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയത്. എം.എല്‍.എയുടെ വീടിരിക്കുന്ന മൂന്നാറിലെ സ്ഥലത്ത് മൂന്നാര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. എന്നാല്‍ ആവശ്യമായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കെ.ഡി.എച്ച്. വില്ലേജിന്റെ സഹായത്തോടെ തുടര്‍ പരിശോധന അനിവാര്യമാണെന്ന തരത്തില്‍ വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി. വൈദ്യുതി ബോര്‍ഡിന്റെ ഭൂമി കയ്യേറിയാണ് എം.എല്‍.എ. വീട് നിര്‍മിച്ചതെന്ന പരാതി നിലവിലുണ്ട്.

ഇതിനിടെയാണ് മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത കെട്ടിടനിര്‍മാണം വിവാദത്തിലാകുന്നത്. നേരത്തെ, എം.എല്‍.എയുടെ ഭൂമിയുടേത് അടക്കമുള്ള രേഖകള്‍ കെ.ഡി.എച്ച്. വില്ലേജിലായിരുന്നു. അടുത്തകാലത്താണ് മൂന്നാര്‍ വില്ലേജ് രൂപീകൃതമായത്. അതിനാല്‍ പല രേഖകളും മൂന്നാര്‍ വില്ലേജിലില്ല. ഇതാണ് പരിശോധനയ്ക്കു തടസമായതെന്നാണ് വില്ലേജ് ഓഫീസറുടെ വിശദീകരണം.

ഇതു നിലനില്‍ക്കെയാണ് സബ് കലക്ടര്‍ വില്ലേജ് ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മാത്രമല്ല ഇതിനു സമീപത്തുനിന്നും സി.പി.എം. നേതാവിന്റെ അനധികൃത മണ്ണെടുപ്പ് സബ് കലക്ടര്‍ ഇടപെട്ട് നിര്‍ത്തിവയ്പിക്കുകയും ചെയ്തു. ജെസിബി ഉപയോഗിച്ച് വന്‍തോതില്‍ മണ്ണ് നീക്കം ചെയ്തിരുന്നു. തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയശേഷമാണ് സബ് കലക്ടര്‍ വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. നേരത്തെ ഇതു വിവാദമായപ്പോള്‍ രേഖകള്‍ ഉണ്ടെന്നായിരുന്നു എംഎല്‍എ അടക്കമുള്ളവരുടെ വാദം. എന്നാല്‍ ഇപ്പറഞ്ഞ രേഖകളൊന്നും മൂന്നാര്‍ വില്ലേജ് ഓഫീസില്‍നിന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതെല്ലാം ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വില്ലേജ് ഓഫീസര്‍ നല്‍കിയിരിക്കുന്നത്.

അതേസമയം സബ് കലക്ടറെ അപമാനിച്ച വിഷയത്തില്‍ ജില്ലയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. മൂന്നാറില്‍ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. യു.ഡി.എഫ് രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ വനിതാ കളക്ടറെ അപമാനിച്ച സംഭവത്തില്‍ പാര്‍ട്ടിയും രാജേന്ദ്രനെ കൈവിട്ടിരുന്നു. പുതിയ വിവാദം രാജേന്ദ്രന്റെ നില കൂടുതല്‍ പരുങ്ങലില്‍ ആക്കിയിരിക്കുകയാണ്.

Top