കേരള സർക്കാരിനെ പിരിച്ചു വിടാൻ ഓൺലൈൻ പരാതിയുമായി ഹിന്ദു സംഘടനകൾ: സന്നിധാനത്തെ നിയന്ത്രണങ്ങളുടെ വീഡിയോയും ഫോട്ടോയും സഹിതം പരാതി പ്രധാനമന്ത്രിയ്ക്ക്; ശബരിമല ഏറ്റെടുക്കാൻ നീക്കവുമായി കേന്ദ്രമന്ത്രിമാരുടെ സംഘം

സ്വന്തം ലേഖകൻ
പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ പ്രധാനമന്ത്രിയ്ക്ക് ഓൺലൈൻ വഴി പരാതിയയച്ച് ഹിന്ദു സംഘടനകൾ. ശബരി ധർമ്മസഭയും, ശബരിപാഠശാല ഗ്രൂപ്പുകളുമാണ് ഇത്തരത്തിൽ പ്രധാനമന്ത്രിയ്ക്ക് ശബരിമലയിലെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും അടക്കം പരാതി അയച്ചിരിക്കുന്നത്. ഇത്തരത്തിൽ ഇവർ അയച്ച പരാതികൾ വൈറലാകുകയും ചെയ്തു. സന്നിധാനത്തെ സ്ഥിതിഗതികൾ ഗുരുതരമായതോടെ കേന്ദ്രമന്ത്രിമാരുടെ സംഘം അടുത്ത ദിവസം തന്നെ ശബരിമലയിൽ എത്തിയേക്കും. സന്നിധാനത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരും മന്ത്രിമാരും അടങ്ങുന്ന സംഘം ശബരിമലയിലേയ്ക്ക് എത്തുക. സ്ഥിതി അതീവ സങ്കീർണ്ണമാക്കി മാറ്റിയ ശേഷം സംസ്ഥാനത്തിന്റെയും, ശബരിമലയുടെയും നിയന്ത്രണം പൂർണമായും ഏറ്റെടുക്കാനുള്ള നീക്കമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ആരംഭിച്ചിരിക്കുന്നത്.
ശബരിമലയിൽ സുപ്രീം കോടതിയുടെ വിധിയുടെ മറവിൽ കടുത്ത അവകാശ ലംഘനങ്ങളും ഹിന്ദു ഭക്ത പീഡനങ്ങളുമാണ് സർക്കാർ നടത്തുന്നത് എന്നാരോപിച്ച് ഹിന്ദുവിശ്വാസികളുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ശബരി ധർമ്മസഭ, ധർമ്മ പാഠശാല ഗ്രൂപ്പുകളിൽ നിന്നാണ് പരാതി അയക്കാൻ ആരംഭിച്ചത്. ഇത്തരത്തിൽ രൂപീകരിച്ച ഗ്രൂപ്പുകളിൽ നിന്നു ലക്ഷക്കണക്കിന് പരാതികളാണ് പ്രധാനമന്ത്രിക്ക് ലഭിച്ചിരിക്കുന്നത്. മൈ ഗവ് വെബ്സൈറ്റിലെ പ്രധാനമന്ത്രിയോട് സംസാരിക്കാം എന്ന ലിങ്കിലൂടെയാണ് പരാതികൾ അയയ്ക്കുന്നത്.
വൃശ്ചികപുലരിയിൽ സന്നിധാനത്ത് ദർശനത്തിന് എത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പരാതികൾ ആരംഭിച്ചത്. തുടർന്നാണ് ഇവർ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിലുടെ പ്രധാനമന്ത്രിയുടെ അടുത്തേയ്ക്ക് എത്തിയത്. അറസ്റ്റും ഭീഷണികളുമല്ല, മറിച്ച് സന്നിധാനത്തും ഹിന്ദു ആരാധനായങ്ങളുടെ പരിസരങ്ങളും പൊലീസും സംസ്ഥാന സർക്കാരും നടത്തുന്ന അമിതമായ നിയന്ത്രണങ്ങളാണ് ഇപ്പോൾ തങ്ങളെ ഭയപ്പെടുത്തുന്നതെന്നാണ് ഈ സംഘടനകൾ ആരോപിക്കുന്നത്. ഇത്തരത്തിൽ ആദ്യാവസാനം സർക്കാരും പൊലീസും ചേർന്ന് ഹിന്ദുക്കളെയും അയ്യപ്പഭക്തരെയും മുൾമുനയിൽ നിർത്തുമ്പോൾ, ഇത് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി മാറുമെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ഹിന്ദുക്കളുടെ രക്ഷയ്ക്കായി ഇവർ ശബരിമലയിലെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും അടക്കം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമീപിച്ചിരിക്കുന്നത്. ഈ പരാതികൾ ഫലം കണ്ടതിന്റെ സൂചനയാണ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അടക്കമുള്ള കേന്ദ്രമന്ത്രിമാർ പമ്പയിലും സന്നിധാനത്തും സന്ദർശനത്തിനായി എത്തുന്നത്.
ശബരിമല സന്നിധാനത്തെ വീഡിയോകളും, പൊലീസ് പീഡനങ്ങളുടെ ഫോട്ടോകളും അടക്കമുള്ളവ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. ഈ മാസ് ക്യാമ്പെയിനു നേതൃത്വം നൽകുന്നത് പെൺകുട്ടികളും സ്ത്രീകളുമാണ്. ഇത് വൻവിജയമാണെന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്.
Latest
Widgets Magazine