ശബരിമലയില്‍ സംഘര്‍ഷ സാധ്യത.ഇന്റലിജന്‍സ് മുന്നറിയിപ്പ്.കനത്ത ജാഗ്രതയോടെ പോലീസ്

കോട്ടയം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ സംഘര്‍ഷത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ പല സംഘങ്ങളായി ശബരിമലയിലേക്ക് എത്താന്‍ തയാറെടുക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്. പ്രതിഷേധക്കാര്‍ കാനനപാതവഴി എത്താനാണ് സാധ്യതയെന്നും വ്യക്തമാകുന്നു. സംഘര്‍ഷ സാധ്യത മുന്നറിയിപ്പ് വന്നതിനു പിന്നാലെ സന്നിധാനത്ത് ഉള്‍പ്പെടെ കര്‍ശന സുരക്ഷാ നടപടികളുമായി പോലീസ്. നടഅടച്ചാൽ തീർഥാടകരെ ആരെയും സന്നിധാനത്തിൽ തങ്ങാൻ അനുവദിക്കില്ല. സന്നിധാനത്ത് വിരിവയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നും ഡി.ജി.പി.ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.പുരോഹിതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാകും നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ അനുമതി.

700 യുവതികൾ മല കയറാൻ ഓൺലൈൻ ബുക്കിങ് നടത്തിയിട്ടുണ്ട്. അവർക്ക് സംരക്ഷണം നൽകും. ഏതെങ്കിലും സുരക്ഷ ആവശ്യമെങ്കിൽ വരുന്ന സമയം പൊലീസിന്റെ ഹെൽപ്‍ലൈനിൽ വിളിച്ച് അറിയിക്കാം. ഇതിനുള്ള നമ്പർ അനുവദിക്കും. വരുന്ന ദിവസവും സമയവും അവിടെ അറിയിക്കണം. വേണ്ട നിർദ്ദേശങ്ങൾ അപ്പോൾ നൽകും. തൃപ്തിദേശായി വരുന്നതു സംബന്ധിച്ച് മെയിൽ കിട്ടി.എന്നാല്‍ അവരുടെ സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.ശബരിമലയിൽ മാധ്യമങ്ങൾക്കും കർശന നിയന്ത്രണം ഉണ്ട്. വാഹനങ്ങൾ കടത്തി വിടുന്നത് നിയന്ത്രിക്കുമെന്നും ഡിജിപി പറഞ്ഞു. നിലയ്ക്കലില്‍ നടന്ന പോലീസിന്റെ ഉന്നതതല യോഗത്തിനു ശേഷമാണ് ബെഹ്‌റ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശബരിമലയിലെ ഏതു സാഹചര്യവും നേരിടാന്‍ പോലീസ് എല്ലാ തയാറെടുപ്പും നടത്തിക്കഴിഞ്ഞുവെന്നും ഡിജിപി വ്യക്തമാക്കി.

Latest
Widgets Magazine