കമാന്‍ഡോകള്‍, ദ്രുതകര്‍മ്മ സേന, റിസര്‍വ് ബറ്റാലിയന്‍, ദുരന്തനിവാരണ സേന: ശബരിമല കനത്ത കാവലില്‍; വനിതാ പോലീസ് സന്നിധാനത്ത്

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കേ യുദ്ധ സമാനമായ ഒരുക്കങ്ങളാണ് പമ്പ മുതല്‍ സന്നിധാനം വരെ പോലീസ് ഒരുക്കുന്നത്. കമാന്‍ഡോകള്‍, ദ്രുതകര്‍മ്മ സേന, റിസര്‍വ് ബറ്റാലിയന്‍, ദുരന്തനിവാരണ സേന എന്നിങ്ങനെ മുമ്പെങ്ങുമില്ലാത്ത വിധം ജാഗ്രതയിലാണ് ശബരിമലയില്‍ പൊലീസ്. മണ്ഡലകാലത്തിനു മുന്നോടിയായുള്ള ട്രയല്‍ റണ്ണാണ് ഇനി മൂന്നു നാള്‍.

എ.ഡി.ജി.പിമാരായ എസ്.ആനന്ദകൃഷ്ണന്‍, അനില്‍കാന്ത് എന്നിവരുടെ നേതൃത്വത്തില്‍ 2,300 പൊലീസുകാരെ ഇന്നുച്ചയോടെ വിന്യസിക്കും. നൂറിലേറെ വനിതാ പൊലീസുമുണ്ട്. 500 പേരെ കരുതലായി നിലയ്ക്കലില്‍ സൂക്ഷിക്കും. തുലാമാസ പൂജാവേളയിലെ പോരായ്മകള്‍ പരിഹരിക്കാനായി ഡി.ജി.പി നേരിട്ടാണ് സുരക്ഷാ ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുലമാസ പൂജ സമയത്തേക്കാള്‍ കനത്ത പൊലീസ് സന്നാഹമാണ് ശബരിമലയില്‍. നാളെ രാവിലെ എട്ടിനു ശേഷമേ ഭക്തരെയും മാദ്ധ്യമങ്ങളെയും കടത്തി വിടൂ. പൊലീസ് വിന്യാസവും നിലയ്ക്കലിലെ ഒരുക്കങ്ങളും റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളെ കടത്തിവിട്ടില്ല. നിലയക്കലിലെ പ്രധാന കവാടത്തിനു മുന്നിലെ റോഡിലും പൊലീസ് ബാരിക്കേഡ് വച്ച് വാഹനങ്ങള്‍ തടയുന്നുണ്ട്.

സ്ത്രീ പ്രവേശനം ഉണ്ടായാല്‍ തടയാന്‍ സ്ത്രീകളെ തന്നെ അണിനിരത്തി കൊണ്ടുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 50 വയസ്സ് കഴിഞ്ഞ സി.ഐ, എസ്.ഐ റാങ്കിലുള്ള 30 വനിതാ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് വിന്യസിക്കാനാണ് ആലോചന. ഇവരെല്ലാം ശനിയാഴ്ച വൈകിട്ട് തന്നെ നിലയ്ക്കലില്‍ എത്തിയിട്ടുണ്ട്.

ആവശ്യമെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ ഇവരെ സന്നിധാനത്ത് വിന്യസിക്കാനാണ് തീരുമാനം. ഇത്തരത്തിലുള്ള ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളാണ് നടക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഭക്തരെ സന്നിധാനത്ത് പ്രവേശിപ്പിക്കുക. ഒരു ദിവസത്തേക്കാണ് നട തുറക്കുന്നതെങ്കിലും ഏത് തരത്തിലുള്ള പ്രശ്നങ്ങളേയും നേരിടാനുള്ള സജ്ജീകരണത്തിലാണ് പോലീസ്.

എന്നാല്‍, ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധത്തിന് രാഹുല്‍ ഈശ്വര്‍ വീണ്ടും മലകയറാന്‍ എത്തി. തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് രാഹുല്‍ ഈശ്വര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞതവണ അഞ്ചുദിവസം പ്രതിരോധിച്ചതുപോലെ ഇനി ഒരുദിവസം കൂടി പ്രതിരോധിച്ചാല്‍ അത് ചരിത്രവിജയമായിരിക്കും അയ്യപ്പ ഭക്തന്മാരെ കാത്തിരിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ വീഡിയോയില്‍ പറയുന്നു. സുപ്രീംകോടതിയില്‍ നിന്നടക്കം അനുകൂലമായ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ പറയുന്നു.

നിലയ്ക്കല്‍ മുതല്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കെ രാഹുല്‍ ഈശ്വര്‍ എങ്ങനെ പമ്പയില്‍ എത്തിയെന്നത് വ്യകതമല്ല. വീഡിയോയില്‍ പമ്പ പോലീസ് സ്റ്റേഷന്റെ മുന്നില്‍ നിന്ന് ചിത്രീകരിച്ച ഭാഗങ്ങളുമുണ്ട്. പോലീസുകാര്‍ നല്ല തയ്യാറെടുപ്പിലാണെന്നും പോലീസുകാരേപ്പോലെ നമ്മളും നല്ല തയ്യാറെടുപ്പിലാണെന്ന് രാഹുല്‍ അവകാശപ്പെടുന്നു.

Top