ശബരിമല തീപിടിത്തം: മരത്തില്‍ താമസിച്ചിരുന്ന കോടാലി സ്വാമിയുടെ പങ്കെന്ത്? 68 വര്‍ഷത്തിന് ശേഷം അന്വേഷണ വിവരങ്ങൾ വെളിച്ചം കാണുന്നു

ശബരിമല സ്ത്രീ പ്രവേശന വിധി നാനാവിധമായ ചര്‍ച്ചകളാണ് സമൂഹത്തില്‍ ഉയര്‍ത്തുന്നത്. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ചും അയ്യപ്പനാണോ ശാസ്താവാണോ ശബരിമലയിലെ പ്രതിഷ്ഠ എന്നു തുടങ്ങി അനേകം വ്യത്യസ്ത ചര്‍ച്ചകള്‍ അന്തരീക്ഷത്തിലുണ്ട്. ആദിവാസികളുടെ ആരാധനാ മൂര്‍ത്തിയാണെന്നും ബൗദ്ധ പാരമ്പര്യമുള്ള സ്ഥലമാണെന്നും ഒക്കെ ചരിത്രപരമായി ചര്‍ച്ച ചെയ്യുന്നവരുണ്ട്. ഇതില്‍ ചില ചര്‍ച്ചകള്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ഉപകരണമാക്കുന്നവരും ഉണ്ട്.

ജനങ്ങളെ തമ്മിലടിപ്പിച്ച് ചോര ഇറ്റിക്കണമെന്ന് ആഗ്രഹിക്കുന്നവരും ശബരിമല പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ട്. ഇത്തരക്കാരുടെ പ്രധാന ചര്‍ച്ചാ വിഷയം ശബരിമല തീവച്ചുതുമായി ബന്ധപ്പെട്ടതാണ്. ശബരിമലയിലെ തീവയ്പ്പ് നടന്നത് 1950ല്‍ ആണ്. ആരോ മനപൂര്‍വ്വം കത്തിച്ചതാണെന്ന തെളിവുകള്‍ സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാല്‍ അന്വേഷണം നടത്തിയ സര്‍ക്കാര്‍ റിപ്പോര്‍ട്ട് വെളിച്ചം കാണിച്ചില്ല. ഇതെല്ലാം ഒരു പ്രത്യേക പാര്‍ട്ടിക്കാരും വിഭാഗക്കാരും ചെയ്തതാണെന്നാണ് ഇപ്പോഴത്തെ പ്രചരണം ഇത് തെറ്റാണെന്ന് മാധ്യമ പ്രവര്‍ത്തകനായ അജിംസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിൻ്റെ പൂർണ്ണരൂപം:

ശബരിമല പോലെ ജനകീയമായ ഒരു ആരാധനാലയം വേറെയുണ്ടാവില്ല. മനുഷ്യര്‍ക്കെല്ലാം വേണ്ടി തുറന്നു കിടക്കുന്ന ഈ ആരാധനാലയം കേരളത്തിലെ കെട്ടുറപ്പുള്ള സാമൂഹിക ബന്ധങ്ങള്‍ക്ക് വലിയ സംഭാവന നല്‍കുന്നുണ്ടെന്നതില്‍ തര്‍ക്കവുമുണ്ടാവില്ല.

1950ല്‍ കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ് ശബരിമല ക്ഷേത്രം ആരോ തീയിട്ട് നശിപ്പിച്ചു. അന്ന് ശബരിമലയില്‍ സ്ഥിരമായി ആരും തങ്ങാത്തതിനാല്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് ക്ഷേത്രത്തിന് തീവെച്ച വിവരം ആളുകളറിയുന്നത്. തീപടര്‍ന്നതല്ല, ആരോ തീവെച്ചതാണെന്ന് സാഹചര്യത്തെളിവുകളില്‍ നിന്ന് വ്യക്തവുമാണ്. കോടാലി കൊണ്ട് ശ്രീകോവില്‍ വെട്ടിത്തുറന്ന് വിഗ്രഹം വരെ നശിപ്പിച്ചിരുന്നു. ശബരിമല പോലെ ഒരു ക്ഷേത്രത്തിന് തീവെച്ച സംഭവത്തില്‍ അന്ന് തിരു-കൊച്ചി ഭരിച്ചിരുന്ന പറവൂര്‍ ടികെ നാരായണ പിള്ള സര്‍ക്കാര്‍ അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. 1951ല് തന്നെ പുനഃപ്രതിഷ്ഠയും നടത്തി പുതുക്കിപ്പണിതു.

ആരാണ് ഇത് ചെയ്തത് എന്നത് സംബന്ധിച്ച് രണ്ട് രേഖകളാണ് ഇന്ന് നമുക്ക് മുമ്പിലുള്ളത്. ഒന്ന് അന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിഐജി കെ കേശവമേനോന്‍റെ റിപ്പോര്‍ട്ടാണ്. ഇത് നിയമസഭയുടെ മേശപ്പുറത്ത് വെച്ചതിനാല്‍ സഭാ ആര്‍ക്കൈവ്സില്‍ ലഭ്യമാണ്. ഇഎംഎസ് സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ചുവെന്നും റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നുമൊക്കെ പ്രചാരണം ഇപ്പോള്‍ വ്യാപകമാണ്.

sabarimala2

വസ്തുത എന്താണെന്ന് പരിശോധിക്കാം:

“കേസന്വേഷണത്തില്‍ മതപരമായ ഉദ്ദേശമാണ് ഈ കുറ്റത്തിന് പ്രേരണ നല്‍കിയതെന്നും കുറ്റകൃത്യത്തിന് ഉത്തരവാദികള്‍ കൃസ്ത്യാനികളാണെന്നും കാണപ്പെടുന്നതിനാല്‍ കുറ്റക്കാരെ കണ്ടുപിടിക്കാന്‍ തക്ക എന്തെങ്കിലും സൂചനയോ തെളിവോ കിട്ടുക അസാധ്യമാണ്. എന്തെന്നാല്‍ അടിവാരത്തില്‍ നിന്ന് മലയിലേക്കുള്ള മാര്‍ഗങ്ങളിലെല്ലാം മുഖ്യമായും കൃസ്ത്യാനികളാണ് പാര്‍ക്കുന്നത്. ചുറ്റുമുള്ള എസ്റ്റേറ്റുകളുടെ ഉടമസ്ഥരും കൃസ്ത്യാനികള്‍ തന്നെയാണ്. ”

ഇതാണ് റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തല്‍. ഇതിനുപോല്‍ബലകമായി ചില കാര്യങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1950 മെയ് പന്ത്രണ്ടിന് നടന്ന ഹിന്ദു മഹാമണ്ഡലം (നായരീഴവ ഐക്യം ലക്ഷ്യം വെച്ച് കൊല്ലത്ത് ചേര്‍ന്നത്) അവസാനിച്ച് ഏതാനും ദിവസങ്ങള്‍ക്കകമാണ് തീപിടുത്തമുണ്ടായത്. ക്രൈസ്തവ മതപരിവര്‍ത്തനത്തിനെതിരെ ആ സമ്മേളനത്തിലുയര്‍ന്ന് തീവ്രമായ പ്രസംഗങ്ങളില്‍ പ്രകോപിതനായ ആരെങ്കിലുമാകും തീവെച്ചത് എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കുറ്റം ക്രൈസ്തവര്‍ക്ക് മേല്‍ ചാര്‍ത്താന്‍ ഹിന്ദുമണ്ഡലക്കാര്‍ ആരെങ്കിലും ചെയ്തതാണോയെന്ന കാര്യം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ആ സാധ്യത തള്ളിക്കളയുകയും ചെയ്യുന്നു.

ഈ വിഷയത്തിലെ തികച്ചും വ്യത്യസ്തമായ മറ്റൊരു വിശദീകരണം മിന്നല്‍ പരമേശ്വരന്‍ നായര്‍ എന്ന സബ് ഇന്‍സ്പെക്ടറുടേതാണ്. തിരു-കൊച്ചിയില്‍ പേര് കേട്ട സത്യസന്ധനും ധീരനുമായ പൊലീസുദ്യോഗസ്ഥനായിരുന്നു മിന്നല്‍ പരമേശ്വരന്‍ നായര്‍. 2013ലാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്‍റെ മിന്നല്‍ കഥകള്‍ എന്ന ആത്മകഥ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വിശദീകരണപ്രകാരം, ശബരിമലക്ക് തീവെച്ച സംഭവം നടന്നയുടന്‍ തന്നെ, സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് അന്നത്തെ പോലീസ് മേധാവി എന്‍ ചന്ദ്രശേഖരന്‍ നായര്‍ കേസ് രഹസ്യമായി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ സംഘത്തില്‍ മിന്നലുമുണ്ടായിരുന്നു.

അവരുടെ പ്രാഥമികാന്വേഷണത്തില്‍ ശബരിമല ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു അരശുമരത്തിന്‍റെ പൊത്തില്‍ താമസിച്ചിരുന്ന ഒരു സന്യാസിയുണ്ടായിരുന്നു. കോടാലി സ്വാമി എന്നറിയപ്പെട്ടിരുന്ന ഇയാളെ സംഭവത്തിന് ശേഷം കാണാതായെങ്കിലും സംഭവസ്ഥലത്ത് നിന്ന് ഇയാളുടെ കൈവശം സദാ ഉണ്ടാവാറുള്ള കോടാലി കണ്ടെത്തിയിരുന്നു. ഈ കോടാലി ഉപയോഗിച്ചാണ് ഇയാള്‍ ശ്രീകോവില്‍ വെട്ടിത്തുറന്നതെന്ന് ഇവരുടെ അന്വേഷണത്തില്‍ വ്യക്തമായി. പൊലീസ് സംഘം ഇയാളെ പിടികൂടിയെങ്കിലും സംഭവം വൈകാരികമായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ ഇയാളെ വിദേശത്തേക്കയക്കുകയായിരുന്നു അന്നത്തെ പോലീസ് മേധാവി ചെയ്തതെന്ന് മിന്നല്‍ പരമേശ്വരന്‍ പിള്ള പറയുന്നു.

ഈ രണ്ട് വിശദീകരണങ്ങളിലൊന്ന് ശരിയും മറ്റൊന്ന് തെറ്റുമാവാം. രണ്ടും തെറ്റായിരിക്കാം. എന്തായാലും, ഈ കേസ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിയത് ഇഎംഎസ് സര്‍ക്കാരാണ് എന്ന് ഇപ്പോള്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ കേരള സംസ്ഥാനം പോലും രൂപം കൊണ്ടിട്ടില്ല. ഇത് സംബന്ധിച്ച് സംഭവത്തെ കുറിച്ച് ഔദ്യോഗികമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത് സ്പെഷ്യല്‍ ബ്രാഞ്ചാണെന്നും മുകളില്‍ സൂചിപ്പിച്ചു. ഈ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചിട്ടുണ്ട്. ആര്‍ക്കും ലഭ്യവുമാണ്. മറ്റൊന്ന് മിന്നല്‍ പരമേശ്വരന്‍റെ വിശദീകരണമാണ്. ഇത് രണ്ടും വായിച്ച് ഒരു നിഗമനത്തിലെത്തുകയേ നിവൃത്തിയുള്ളൂ.

Top