മകരവിളക്കിന് മലകയറാന്‍ ദലിത് ആദിവാസി സ്ത്രീകള്‍; കുട്ടികളെ പരിചയാക്കി സന്നിധാനത്ത് എത്താന്‍ തീവ്രഇടത് ഗ്രൂപ്പുകള്‍

ഈ സീസണില്‍ തന്നെ സ്ത്രീകള്‍ക്കൊപ്പം ശബരിമലയില്‍ പ്രവേശിക്കുമെന്ന് ആദിവാസി അവകാശ പുന:സ്ഥാപന സമിതി ചെയര്‍ മാന്‍ സണ്ണി എം കപിക്കാട്. ദലിത് ആദിവാസി സ്ത്രീകള്‍ക്കൊപ്പമായിരിക്കും ശബരിമലയില്‍ പ്രവേശിക്കുക. സ്ത്രീ പ്രവേശനത്തെ തടയാന്‍ എത്തുന്ന സംഘപരിവാറുകാരെ ബലം പ്രയോഗിച്ചോ വെടിവെച്ചോ മാറ്റേണ്ട ചുമതല സര്‍ക്കാരിനും പോലീസിനുമാണെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. മലകയറുന്ന സ്ത്രീകളെ തിരിച്ചയച്ച പ്രവൃത്തി സര്‍ക്കാരും പോലീസും സംഘപരിവാറും ചേര്‍ന്ന് നടത്തുന്ന നാടകമാണെന്നും പോലീസ് സംഘപരിവാറിന്റെ ചാരപ്പണി ചെയ്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുപ്രീംകോടതി വിധി മറിക്കാന്‍ പോലീസും സര്‍ക്കാരും സംഘപരിവാറും ചേര്‍ന്ന് നടത്തുന്ന നാടകമാണ് കണ്ടുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് വിധി നടപ്പാക്കാന്‍ കഴിയില്ലെന്ന് വരുത്തിത്തീര്‍ത്ത് ജനുവരി 22 ന് ഇതേ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിധി മറിച്ചാക്കാനുള്ള ഗൂഡ നീക്കമാണ് നടക്കുന്നത്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പോലീസിനും സര്‍ക്കാരിനും ഒരു ആര്‍ജ്ജവവുമില്ല. ശബരിമലയില്‍ പ്രവേശിപ്പിക്കാതെ സ്ത്രീകളെ തിരിച്ചയയ്ക്കുന്ന സര്‍ക്കാര്‍ പരമോന്നത കോടതിയുടെ വിധി നടപ്പാക്കാന്‍ പറ്റുന്നില്ലെന്ന് കാണിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസും സര്‍ക്കാരും ശക്തമാണെങ്കില്‍ അത് അറിയിക്കാന്‍ സ്ത്രീകളെ പ്രവേശിപ്പിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമാണ് എടുക്കേണ്ടത്. സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനമാണ് പന്തളത്തെ ശശികുമാരവര്‍മ്മ നടത്തിക്കൊണ്ടിരിക്കുന്നത്. ഇയാള്‍ക്കെതിരേ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഭരണഘടന അംഗീകരിക്കാത്തവര്‍ രാജ്യദ്രോഹികളാണ്.

ശബരിമലയില്‍ നടക്കുന്നത് മനുഷ്യരെ വിഡ്ഡികളാക്കുന്ന ഈ നാടകമല്ലെങ്കില്‍ പിന്നെ ശബരിമലയില്‍ പ്രവേശനത്തിനായി എത്തുന്ന സ്ത്രീകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പോലീസ് എന്തുകൊണ്ടാണ് ഇവരുടെ ആക്രമിക്കപ്പെട്ട വീടുകള്‍ സംരക്ഷിക്കാന്‍ കൂട്ടാക്കാത്തത്. ദളിത് ആദിവാസി സ്ത്രീകളുടെ സംഘം ഈ മണ്ഡല കാലത്ത് തന്നെ ശബരിമലദര്‍ശനം നടത്തും. തടയാന്‍ എത്തുന്നവരെ ബലം പ്രയോഗിച്ചോ വെടിവെച്ചോ മാറ്റാന്‍ സര്‍ക്കാരിനാണ് ബാദ്ധ്യത. പാവപ്പെട്ട ആദിവാസികള്‍ക്ക് നേരെയാണെങ്കില്‍ പോലീസിന് വെടിവെയ്ക്കുമെല്ലോയെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍, മകരവിളക്ക് സമയത്ത് എങ്ങനെയും യുവതികളെ മലകയറ്റാന്‍ തീവ്ര ഇടതു ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതായി സൂചന. ദളിത് ആദിവാസി ഗ്രൂപ്പെന്ന് സ്വയം അവകാശപ്പെടുന്ന ചിലരാണ് ജനുവരിയില്‍ മലകയറാന്‍ നീക്കം നടത്തുന്നത്. കുട്ടികളെയും കൂട്ടിയായിരിക്കും ഇവരുടെ വരവെന്നുമാണ് റിപ്പോര്‍ട്ട്.

പുരുഷന്മാരും സ്ത്രീകളുടെ കൂടെയുണ്ടാകും. പ്രതിഷേധം പ്രതിരോധിക്കാന്‍ കുട്ടികളെ മുന്നില്‍ നിറുത്തിയാകും മലകയറുക എന്നാണ് വിവരം. ഇതുവരെ മലകയറാന്‍ വന്ന് പരാജയപ്പെട്ട യുവതികളെല്ലാം തങ്ങളുടെ അറിവോടെയാണ് വന്നതെന്ന് ഈ ഗ്രൂപ്പൂകള്‍ അവകാശപ്പെടുന്നുണ്ട്. പൊലീസില്‍ തന്നെ ഒരു വിഭാഗം സംഘപരിവാറിന് വേണ്ടി ചാരപ്പണി നടത്തുകയാണെന്നാണ് ഇവരുടെ ആരോപണം. അതിനാലാണ് യുവതികളുടെ മലകയറ്റം പ്രതിരോധിക്കാന്‍ ആയിരങ്ങള്‍ അണി നിരക്കുന്നത്. കഴിഞ്ഞ ദിവസം മലകയറാന്‍ വന്ന ബിന്ദുവിനെയും കനകദുര്‍ഗയെയും തിരിച്ചയച്ചത് സംഘപരിവാറും പൊലീസും ചേര്‍ന്ന് നടത്തിയ നാടകമാണെന്നാണ് ഇവരുടെ ആക്ഷേപം.

യുവതികള്‍ എപ്പോഴൊക്കെ മലകയറാന്‍ എത്തിയിട്ടുണ്ടോ അപ്പോഴൊക്കെ വിവരം എല്ലായിടത്തും എത്തിയിരുന്നു. അതിനാല്‍ അതീവ രഹസ്യമായിട്ടാകും മകരവിളക്ക് സമയത്ത് ചില തീവ്ര ഇടതുഗ്രൂപ്പുകള്‍ യുവതികളുമായി മലചവിട്ടാന്‍ എത്തുന്നത്. എന്ത് വിലകൊടുത്തും 27ന് മുമ്പ് ശബരിമല ദര്‍ശനം നടത്താന്‍ മുന്നൂറോളം യുവതികള്‍ തയ്യാറായി നില്‍ക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്ന വിവരവും അതിനിടെ പുറത്തായിരുന്നു.

Top