വിമര്‍ശനം ഉന്നയിച്ച ഭരണപക്ഷ എംഎല്‍എമാര്‍ക്ക് സഭയില്‍ സംസാരിക്കാന്‍ അവസരം കൊടുത്തില്ല. സംസാരിക്കുന്നവരുടെ ലിസ്റ്റില്‍ സജി ചെറിയാനെയും രാജു എബ്രഹാമിനെയും ഉള്‍പ്പെടുത്തിയില്ല.

തിരുവനന്തപുരം :യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ ഡാം തുറന്നുവിട്ട് ഭരണകൂടമാണ് പലയിടത്തും പ്രളയമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമിന് എതിരല്ല പ്രതിപക്ഷം. ഡാം മാനേജ്മെന്റിന്റെ വീഴ്ചകളാണ് ചൂണ്ടിക്കാട്ടുന്നത്. ഇടുക്കിയില്‍ മാത്രമാണ് കുറച്ചെങ്കിലും മുന്നൊരുക്കങ്ങള്‍ നടത്തിയത്. മറ്റെവിടെയും ഡാം തുറന്നുവിട്ടപ്പോള്‍ മുന്നൊരുക്കം നടത്തിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എവിടെയെങ്കിലും റെഡും, ബ്ലൂവും, ഓറഞ്ചും എഴുതി വെച്ചത് കൊണ്ടായില്ല. ജനങ്ങളെ അറിയിക്കേണ്ടിയിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം പ്രളയം ചർച്ചചെയ്യാനായി ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനും റാന്നി എംഎൽഎ രാജു എബ്രഹാമിനും സംസാരിക്കാൻ അവസരമില്ല. പ്രളയകാലത്ത് വിമർശനമുന്നയിച്ച രണ്ട് ഭരണപക്ഷ എംഎൽഎമാർക്കാണ് അവസരം ലഭിക്കാതെ പോയത്.

സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയം ചർച്ച ചെയ്യാനാണ് ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേർന്നത്. നാല് മണിക്കൂറാണ് ചർച്ചയുടെ സമയം. പാർട്ടികൾക്ക് സമയം അനുവദിച്ച് നൽകുകയും അതത് പാർട്ടികൾ സംസാരിക്കുന്നവരെ തീരുമാനിക്കുകയുമായിരുന്നു. ഇതനുസരിച്ചുള്ള ലിസ്റ്റ് പുറത്തു വന്നപ്പോൾ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനും റാന്നി എംഎൽഎ രാജു എബ്രഹാമും പട്ടികയിൽ ഇടം പിടിച്ചില്ല. പതിനായിരങ്ങൾ മുങ്ങിചാകുമെന്ന സജി ചെറിയാന്റെ പ്രസ്താവനയാണ് ചെങ്ങന്നൂരിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. വെള്ളം തലയ്ക്കുമുകളിലൂടെ എത്തിയപ്പോഴാണ് മുന്നറിയിപ്പ് നൽകിയത് എന്ന വിമർശനമാണ് രാജു എബ്രഹാം ഉന്നയിച്ചത്. സർക്കാരിനെ വിമർശിച്ച രണ്ട് ഭരണപക്ഷ എംഎൽഎമാർക്കും സഭാ സമ്മേളനത്തിൽ പ്രസംഗിക്കാൻ അവസരം നൽകാത്തത് പൊതുവെ വിമർശ വിധേയമായിട്ടുണ്ട്.

പ്രളയം ഏറെ ബാധിക്കാത്ത കായംകുളം മണ്ഡലത്തിലെ എംഎൽഎ പ്രതിഭാ ഹരിക്ക് വരെ അവസരം ലഭിച്ചപ്പോഴാണ് ഈ രണ്ട് പേരെയും മാറ്റിനിർത്തിയത് എന്നതും ശ്രദ്ധേയമാണ്. സത്യസന്ധമായ അഭിപ്രായ പ്രകടനം നടത്തിയത് കൊണ്ടാണോ ഇവരെ മാറ്റി നിർത്തിയതെന്ന് കെ എസ് ശബരിനാഥൻ എംഎല്‍എ ഫേസ് ബുക്കിൽ ചോദിച്ചു.

“നിയമസഭയിൽ ചട്ടം 130 അനുസരിച്ചുള്ള പ്രളയത്തെക്കുറിച്ചുള്ള പ്രത്യേക ചർച്ച ഇപ്പോൾ തുടരുകയാണ്. പ്രളയബാധിത പ്രദേശങ്ങളിലെ എംഎല്‍എമാരുടെ അഭ്യർഥന മാനിച്ചുകൊണ്ട് കൂടുതൽ സമയം ബഹുമാനപെട്ട സ്പീക്കർ അനുവദിച്ചത് മാതൃകാപരമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും സാമാജികരും അടക്കം 141ൽ ഏകദേശം 46 അംഗങ്ങൾ ഇപ്പോൾ ചർച്ചയിൽ പങ്കെടുക്കുകയാണ്.

എന്നാൽ ഒരു കൗതുകം തോന്നിയത് ഏറ്റവും ദുരിതമുണ്ടായ ചെങ്ങന്നൂർ, റാന്നി നിയോജകമണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ പേര് സിപിഎം നൽകിയ ലിസ്റ്റിൽ കാണുന്നില്ല. പ്രളയസമയത്ത് ചാനലുകളിലൂടെ സത്യസന്ധമായ അഭിപ്രായം തുറന്നുപറഞ്ഞതുകൊണ്ടാണോ പാർട്ടി അവരെ ഈ ചർച്ചയിൽ നിന്ന് ഒഴിവാക്കിയത്?” എന്നാണ് ശബരീനാഥന്‍റെ ചോദ്യം.

അതേസമയം പരിസ്ഥിതിക്ക് മേലുള്ള കടന്നുകയറ്റം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയെന്ന് വി എസ് അച്യുതാനന്ദന്‍ നിയമസഭയിൽ പറഞ്ഞു . വികസന കാഴ്ചപ്പാടുകൾ ശാസ്ത്രീയമായി പുനർ നിർവചിക്കണം. ഗാഡ്ഗിൽ റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായാണ് സമീപിച്ചത്. മൂന്നാറില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നിര്‍ത്താനിടയായ സാഹചര്യം പരിശോധിക്കണമെന്നും വിഎസ് നിയമസഭയില്‍ പറഞ്ഞു.

Latest
Widgets Magazine