ജീവന് ഭീഷണി: തോക്ക് ആവശ്യപ്പെട്ട് സാക്ഷി ധോനി

റാഞ്ചി: ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഭാര്യ സാക്ഷി തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയതായി സീ മീഡിയ റിപ്പോര്‍ട്ട്. ഒരു പിസ്റ്റളോ, അല്ലെങ്കില്‍ പോയിന്റ് 32 റിവോള്‍വറിനോ ലൈസന്‍സ് നല്‍കണമെന്നാണ് ആവശ്യം. 2010ല്‍ ധോണിക്ക് ആയുധം കൈവശം വെക്കാനുളള ലൈസന്‍സ് ലഭിച്ചിരുന്നു.

മിക്ക സമയവും ഒറ്റയ്ക്ക് വീട്ടിലുളളത് കൊണ്ടും, പല സമയത്തും സ്വകാര്യ ജോലിക്കായി പുറത്ത് പോവേണ്ടത് കൊണ്ടും തന്റെ ജീവന് അപായം ഉണ്ടാകാമെന്ന് സാക്ഷി അപേക്ഷയില്‍ വ്യക്തമാക്കുന്നു. ഇത്‌കൊണ്ട് തന്നെ കൂടെ ഒരു ആയുധം കൊണ്ടുപോവാനാണ് ലൈസന്‍സിന് അപേക്ഷിച്ചത്. 2008ല്‍ 9എഎം കൈതോക്കിന് ധോണി അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇത് തളളിയിരുന്നു. തുടര്‍ന്ന് 2010ലും ധോണി അപേക്ഷ നല്‍കിയപ്പോള്‍ ആഭ്യന്തര മന്ത്രാലയം ലൈസന്‍സ് അനുവദിക്കുകയായിരുന്നു.

നിലവില്‍ ധോണിക്ക് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. കൂടാതെ അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീട്ടിന് 24 മണിക്കൂര്‍ പൊലീസ് സുരക്ഷയുമുണ്ട്. 2017ല്‍ പാക്കിസ്ഥാനോട് ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോറ്റതിന് പിന്നാലെ സുരക്ഷ ശക്തമാക്കുകയും ചെയ്തു.

ഷൂട്ടിംഗില്‍ കഴിവ് തെളിയിച്ചയാളാണ് ധോണി. വെടിവെപ്പിലും തന്റെ പ്രാഗത്ഭ്യം തെളിയിക്കുന്ന വീഡിയോ ആണ് അദ്ദേഹം നേരത്തേ പുറത്തുവിട്ടിരുന്നു. കൂടാതെ കൊല്‍ക്കത്ത പൊലീസ് ട്രെയിനിംഗ് സ്‌കൂളില്‍ വെടിയുതിര്‍ക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

‘പരസ്യം ഷൂട്ട് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ രസകരമാണ് ഷൂട്ടിംഗ് ഗണ്‍’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉന്നം പിടിച്ച് വെടിവെച്ചിടുന്ന ധോണിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Latest
Widgets Magazine