എന്നെയും സുനന്ദയെയും അറിയാവുന്നവര്‍ക്കറിയാം ഇത് സത്യമല്ലെന്ന്, യുക്തിക്ക് നിരക്കാത്ത കുറ്റപത്രം: ആഞ്ഞടിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്നെ പ്രതിയാക്കി ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം സാമാന്യ യുക്തിക്ക് നിരക്കാത്തതാണെന്ന് ശശി തരൂര്‍ എംപി. ട്വിറ്ററിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.

‘സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് എന്നെ പ്രതി ചേര്‍ത്ത് സമര്‍പ്പിച്ച സാമാന്യ യുക്തിക്ക് നിരക്കാത്ത കുറ്റപത്രം എന്റെ ശ്രദ്ധയില്‍ പെട്ടു. സുനന്ദയെ അറിയുന്ന ആരെങ്കിലും എന്നില്‍ ദുഷ്പ്രേരണ ചാര്‍ത്തി അവര്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുമെന്ന് കരുതുന്നവരല്ല. നാല് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ഇതാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്ന നിഗമനം എങ്കില്‍ അവരുടെ അന്വേഷണം ഏത് വിധത്തിലുളളതായിരുന്നുവെന്ന് കൂടി വ്യക്തമാകേണ്ടതുണ്ട്. ആറ് മാസം മുന്‍പ് ഒക്ടോബര്‍ 17 ന് പൊലീസിന്റെ അഭിഭാഷകന്‍ ഡല്‍ഹി കോടതിയില്‍ പറഞ്ഞത് കേസില്‍ ഇതുവരെ ആരെയും സംശയിക്കുന്നില്ല എന്നാണ്. ആറ് മാസത്തിന് ശേഷം അവര്‍ പറയുന്നു, ഞാന്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന്. അവിശ്വസനീയം’ തരൂര്‍ ട്വീറ്റില്‍ കുറിച്ചു.

ശശി തരൂരിനെതിരെ ഡല്‍ഹി പൊലീസ് ചുമത്തിയത് ഉടന്‍ അറസ്റ്റ് ചെയ്യാവുന്ന വകുപ്പ്. 3000 പേജുളള കുറ്റപത്രത്തിലാണ് സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാണെന്നും ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും വ്യക്തമാക്കിയിരിക്കുന്നത്. ശശി തരൂര്‍ എംപിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306, 498 എ വകുപ്പുകളാണ് ഡല്‍ഹി പൊലീസ് ചുമത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തില്‍ കൂടുതലാകാതെ ഭാര്യയെ ഭര്‍ത്താവ് ഗാര്‍ഹികമായി പീഡിപ്പിക്കുന്ന സംഭവങ്ങളിലാണ് 498 എ വകുപ്പ് ചുമത്തിയിരിക്കുന്നത്.

ഈ വകുപ്പ് ചുമത്തുന്ന സംഭവങ്ങളില്‍ ഉടനടി തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താറുണ്ട്. ഇതിനാല്‍ തന്നെ ഡല്‍ഹി പൊലീസിന്റെ അടുത്ത നീക്കം എന്താണെന്ന് വ്യക്തമായിട്ടില്ല. പാട്യാല ഹൗസ് കോടതിയില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നയിച്ച റോമില്‍ ബാനിയ സമര്‍പ്പിച്ച കുറ്റപത്രത്തിന് 3000 പേജുകളാണ് ഉളളതെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

2010 ഓഗസ്ത് 22നായിരുന്നു സുനന്ദ പുഷ്‌കറിനെ ശശി തരൂര്‍ എംപി വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷവും മൂന്ന് മാസവും 15 ദിവസവും പിന്നിട്ടപ്പോഴാണ് സുനന്ദ പുഷ്‌കര്‍ മരിച്ചത്. പാട്യാല ഹൗസ് കോടതിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മ്മേന്ദ്ര സിങ്ങിന്റെ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മെയ് 24 നാണ് കോടതി കുറ്റപത്രം പരിഗണിക്കുക. 2014 ജനുവരിയിലാണ് ന്യൂ ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ 345-ാം നമ്പര്‍ സ്യൂട്ട് മുറിയില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആദ്യം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ പിന്നീട് ദുരൂഹതയുണ്ടെന്ന് ആരോപണം വന്നതോടെയാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിച്ചത്.

Latest
Widgets Magazine