ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെ പുറത്താക്കി..അണ്ണാ ഡിഎംകെയ്ക്ക് ഇനി ജനറല്‍ സെക്രട്ടറിയില്ല

ചെന്നൈ:അണ്ണാ ഡിഎംകെ യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശശികലയെ പുറത്താക്കി. അണ്ണാ ഡിഎംകെയുടെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ വി.കെ. ശശികലയെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കുന്നതായി പ്രമേയം പാസാക്കി. എതിർ സ്വരമുയർത്തിയ ടി.ടി.വി. ദിനകരനേയും പാർട്ടിയിൽനിന്ന് പുറത്താക്കി. ദിനകരൻ നിയോഗിച്ച പാർട്ടി ഭാരവാഹികളേയും നീക്കാൻ ജനറൽ കൗൺസിൽ തീരുമാനിച്ചു. ജയലളിതയെ സ്ഥിരം ജനറൽ സെക്രട്ടറിയായി നിലനിർത്താനും തീരുമാനിച്ചിട്ടുണ്ട്. ജയലളിത നിയമിച്ച ഭാരവാഹികളും പാർട്ടിയിൽ നിലനിൽക്കുമെന്ന് രണ്ടില ചിഹ്നം വീണ്ടെടുക്കണമെന്നും അണ്ണാ ഡിഎംകെ പ്രമേയം വ്യക്തമാക്കി.

അതേസമയം ജനറല്‍ സെക്രട്ടറിയുടെ അധികാരങ്ങള്‍ പാര്‍ട്ടിയുടെ സ്റ്റിയറിങ് കോ ഓര്‍ഡിനേറ്ററായ ഒ. പനീര്‍സെല്‍വത്തിലേക്ക് വന്നുചേരുമെന്നാണ് അറിയുന്നതും. എടപ്പാടി പളനിസ്വാമിയാണ് അസ്റ്റിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും നയിക്കുന്ന സമിതിയാകും പാര്‍ട്ടിയെ തുടര്‍ന്ന് നയിക്കുക. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും എടുക്കാനുമുളള അധികാരം ഇനി ഇവര്‍ക്കായിരിക്കും.

നേരത്തെ, രാത്രിവരെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ, എക്സിക്യൂട്ടീവ് യോഗങ്ങൾ തടയണമെന്ന ദിനകരൻ പക്ഷത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയത്. പി.വെട്രിവേൽ എംഎൽയുടെ ഹർജി രാവിലെ തന്നെ സിംഗിൾ ബെഞ്ച് തള്ളുകയും കോടതിയുടെ സമയം നഷ്ടമാക്കിയതിന് ഒരുലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വെട്രിവേൽ ചീഫ് ജസ്റ്റിസിനെ സമീപിച്ചതോടെയാണു ഹർജി ഡിവിഷൻ ബെഞ്ചിനു കൈമാറിയത്. രാത്രിവരെ നീണ്ട വാദം കേൾക്കലിനൊടുവിൽ സിംഗിൾ ബെഞ്ച് വിധി ശരിവയ്ക്കുകയായിരുന്നു.

എന്നാല്‍, കൗണ്‍സില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ കോടതിയാവും അന്തിമ വിധി പുറപ്പെടുവിക്കുക. 24നു ഹർജി വീണ്ടും പരിഗണിക്കുമ്പോൾ ഇന്നത്തെ യോഗത്തിലെ തീരുമാനങ്ങൾ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ, ജനറല്‍ കൗണ്‍സില്‍ സ്റ്റേ ചെയ്ത് ബംഗലൂരു സിറ്റി സെഷന്‍സ് കോടതി ഉത്തരവിട്ടെങ്കിലും ഹൈക്കോടതി വിധിയോടെ അത് അസാധുവായി.ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവ് കമ്മറ്റിയും നടക്കുന്ന ചെന്നൈ മധുരവയല്‍ വാ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തി അഞ്ഞൂറിലധികം പാര്‍ട്ടി ഭാരവാഹികളാണ് പങ്കെടുക്കുന്നത്.എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിനെ പുറത്താക്കുമെന്ന് ടിടിവി ദിനകരന്‍ പറഞ്ഞു. സര്‍ക്കാര്‍ ന്യൂനപക്ഷമായിട്ടും ഗവര്‍ണര്‍ നടപടി എടുക്കുന്നില്ല. ജനറല്‍ കൗണ്‍സില്‍ തീരുമാനം നിയമവിരുദ്ധമാണെന്നും കോടതിയില്‍ ചോദ്യം ചെയ്യും ടിടിവി ദിനകരന്‍ വ്യക്തമാക്കി.

Latest
Widgets Magazine