കറുത്ത പര്‍ദ്ദയോ മൂടുപടമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ല. മാന്യമായ വസ്ത്രം ഏതെന്നു സ്ത്രീകള്‍ക്ക് തന്നെ തെരഞ്ഞെടുക്കാം

റിയാദ്: സൗദിയിലെ സ്ത്രീകള്‍ കറുത്ത പര്‍ദ്ദയോ മൂടുപടമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്റെ പ്രതികരണം. സൗദിയിലെ സ്ത്രീകള്‍ക്ക് ഇപ്പോഴും അവരുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സ്ത്രീകള്‍ കറുത്ത പര്‍ദ്ദയോ മൂടുപടമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ല. മാന്യമായ വസ്ത്രം ഏതെന്നു സ്ത്രീകള്‍ക്ക് തന്നെ തെരഞ്ഞെടുക്കാം.’ അറബ് മേഖലയിലെ പ്രശ്‌നങ്ങളിലും, അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലും പിറകോട്ടില്ലെന്നും ഇനി മുതല്‍ രാജ്യത്ത് സ്ത്രീപുരുഷ വിവേചനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയിലൂടെ രാജ്യത്തിന് ഓരോ വര്‍ഷവും ഇരുപത് ബില്യണ്‍ ഡോളര്‍ ആണ് നഷ്ടപ്പെടുന്നത് എന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ശക്തമായ നടപടികളിലൂടെ നൂറു ബില്ല്യണ്‍ ഡോളറിലധികം ഇതുവരെ തിരിച്ചു പിടിച്ചു. പണം തിരിച്ചു പിടിക്കുക എന്നതിനപ്പുറം അഴിമതിക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു മന്ത്രിമാരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള പ്രമുഖരെ അറസ്റ്റ് ചെയ്തതിലൂടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1979-ന് ശേഷമാണ് സൗദിയില്‍ സ്ത്രീ ശാക്തീകരണത്തിനും, സിനിമാ തീയേറ്ററുകള്‍ക്കും നിയന്ത്രണം വന്നത്. ഇനി തിയേറ്ററുകളിലും സ്ത്രീ-പുരുഷ സമത്വവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സി.ബി.എസ് ആണ് സൗദി കിരീടാവകാശിയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തത്.

Top