അ​ഭി​ഭാ​ഷ​ക ഇന്ദു മ​ൽ​ഹോ​ത്ര‍ നേ​രി​ട്ട് സു​പ്രീം കോ​ട​തി ജ​ഡ്ജി പ​ദ​വി​യി​ലേ​ക്ക് ;മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫും സു​പ്രീം കോ​ട​തി ജ​ഡ്ജി പ​ദ​വി​യി​ലേ​ക്ക്

ന്യൂഡൽഹി: രാജ്യത്തിന്‍റെ നീതിന്യായ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് വനിതാ അഭിഭാഷക നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്. മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്ര‍യാണ് നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്കെത്തുന്നത്. ഇന്ദു മൽഹോത്രയേയും മലയാളിയായ ജസ്റ്റീസ് കെ.എം ജോസഫിനെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ കൊളീജിയം ശിപാർശ ചെയ്തു. ആറ് ഒഴിവിലേക്കാണ് ഇപ്പോൾ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയം രണ്ടു പേരെ ശിപാർശ ചെയ്തിരിക്കുന്നത്.

രാജ്യത്ത് ആദ്യമായാണ് ഒരു വനിത അഭിഭാഷക സുപ്രീം കോടതി ജഡ്ജിയായി നേരിട്ട് ശിപാർശ ചെയ്യപ്പെ‌ടുന്നത്. 2007 ൽ ഇന്ദു മൽഹോത്രയെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായി നിയമിച്ചിരുന്നു. മുതിർന്ന അഭിഭാഷകയായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ വനിതയായിരുന്നു ഇന്ദു. ജസ്റ്റീസ് ലീലാ സേത്താണ് ഈ ബഹുമതി ആദ്യം കരസ്ഥമാക്കിയത്.

സുപ്രീം കോടതിയിൽ നിലവിലെ 25 ജഡ്ജിമാരിൽ ജസ്റ്റീസ് ആർ. ഭാനുമതി മാത്രമായിരുന്നു വനിതാ സാന്നിധ്യം. 2014 ഓഗസ്റ്റിലാണ് ഭാനുമതി നിയമിതയായത്. സുപ്രീം കോടതി ജഡ്ജിയാകുന്ന ആറാമത്തെ വനിതയാണ് ജസ്റ്റീസ് ആർ. ഭാനുമതി. മലയാളിയായ ജസ്റ്റീസ് ഫാത്തിമാ ബീവിയാണ് ആദ്യത്തെ സുപ്രീം കോടതി വനിതാ ജഡ്ജി. 1989 ലാണ് ഫാത്തിമാ ബീവി പരമോന്നത നീതിപീഠത്തിൽ ന്യായാധിപയായി നിയമിക്കപ്പെട്ടത്.അതേസമയം ജസ്റ്റീസ് ആന്റണി ഡൊമിനിക്കിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായും നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു.

Latest
Widgets Magazine