ക്ഷേത്രനടയില്‍ ഭിക്ഷ; 85കാരി സമ്പാദിച്ചത് ലക്ഷങ്ങള്‍; പണം ചെലവിട്ടത് ഇങ്ങനെ…

ക്ഷേത്ര നടയില്‍ ഭിക്ഷയെടുത്ത് ജീവിച്ച വൃദ്ധ സമ്പാദിച്ചത് ലക്ഷങ്ങള്‍. മൈസൂരുവിലാണ് കൗതുകകരമായ സംഭവം നടന്നത്. എംവി സീതാലക്ഷ്മിയെന്ന സ്ത്രീയാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ പണം കൊണ്ട് ലക്ഷപ്രഭുവായത്. പ്രസന്ന ആഞ്ജനേയ സ്വാമി ക്ഷേത്രത്തിനു മുന്നിലെ സ്ഥിര സാന്നിധ്യമായിരുന്നു സീതാലക്ഷ്മി. വീടുകളില്‍ ജോലിയെടുത്താണ് സീതാലക്ഷ്മി ജീവിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി ശാരീരിക അവശതകളെ തുടര്‍ന്നു ഇവര്‍ ജോലിക്കു പോയിരുന്നില്ല. തുടര്‍ന്നാണ് ഇവര്‍ ക്ഷേത്രനടയില്‍ ഭിക്ഷയെടുക്കാന്‍ തുടങ്ങിയത്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ മുടങ്ങാതെ കണ്ടിരുന്ന മുഖം കൂടിയായിരുന്നു സീതാലക്ഷ്മിയുടേത്. 2.5 ലക്ഷം രൂപയാണ് സീതാലക്ഷ്മി ഭിക്ഷയെടുത്ത് സമ്പാദിച്ചത്. എന്നാല്‍ ഈ തുക അവര്‍ സ്വന്തം ആവശ്യത്തിനായല്ല ഉപയോഗിച്ചത്. മറിച്ച് അവര്‍ പണം ഇതേ ക്ഷേത്രത്തിനു തന്നെ സംഭാവനയായി നല്‍കുകയായിരുന്നു. സംഭാവനമായി പണം കൈമാറുമ്പോള്‍ ഒരു ആവശ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ഹനുമാന്‍ ജയന്തി ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും പ്രസാദം നല്‍കണം. സീതാലക്ഷ്മിയുടെ സംഭാവനയെക്കുറിച്ച് അറിഞ്ഞതോടെ ഭക്തരെല്ലാം ആഹ്ലാദത്തിലാണ്. ഇത്രയും വലിയ തുക നല്‍കിയ അവരെ ഭക്തര്‍ അഭിനന്ദിക്കുകയും അനുഗ്രഹം തേടുകയും ചെയ്തു. സഹോദരന്റെയും കുടുംബത്തിന്റെയും ഒപ്പമാണ് സീതാലക്ഷ്മി താമസിച്ചിരുന്നതെങ്കിലും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. ജോലിക്കു പോവാന്‍ കഴിയാന്‍ ആരോഗ്യസ്ഥിതി സമ്മതിക്കാതിരുന്നതോടെയാണ് ഇവര്‍ ക്ഷേത്രത്തില്‍ ഭിക്ഷയെടുക്കാന്‍ ആരംഭിച്ചത്. ദിവസം മുഴുവന്‍ ഇവര്‍ ക്ഷേത്രനടയില്‍ ഭിക്ഷയെടുത്ത് ജീവിക്കും. പലപ്പോഴും എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളും മറ്റുമുണ്ടായാല്‍ ക്ഷേത്ര ജീവനക്കാരാണ് ഇവരുടെ സഹായത്തിനെത്തിയിരുന്നത്. ഗണേഷോല്‍സവത്തിന്റെ സമയത്ത് ഒരാഴ്ച മുമ്പാണ് സീതാലക്ഷ്മി 30,000 രൂപ ക്ഷേത്ര കമ്മിറ്റിക്കു സംഭാവനയായി കൈമാറിയത്. പിന്നീട് ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനെ ബാങ്കിലേക്ക് കൂട്ടിക്കൊണ്ടു പോയി രണ്ടു ലക്ഷം രൂപ കൂടി ഇവര്‍ സംഭാവന ചെയ്തു. എല്ലാം കൂടി സീതാലക്ഷ്മി ഇപ്പോള്‍ 2.5 ലക്ഷം രൂപ ക്ഷേത്രത്തിനു നല്‍കിക്കഴിഞ്ഞു. ഭക്തര്‍ നല്‍കുന്ന പണം താന്‍ അതുപോലെ ബാങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്തിരുന്നതെന്ന് സീതാലക്ഷ്മി പറയുന്നു. അതുകൊണ്ടാണ് തന്നെ സംരക്ഷിച്ച ക്ഷേത്രത്തിനു തന്നെ പണം നല്‍കാന്‍ തീരുമാനിച്ചത്. പണം കൈവശം വയ്ക്കുകയാണെങ്കില്‍ മോഷണം പോവാനിടയുണ്ട്. ഇതേ തുടര്‍ന്നാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ് സീതാലക്ഷ്മിയെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ എം ബസവരാജ് പറഞ്ഞു. പണം നല്‍കണമെന്ന് അവര്‍ ഒരിക്കലും ഭക്തരോട് യാചിച്ചിരുന്നില്ല. അവര്‍ എന്താണോ നല്‍കുന്നത് അതാണ് സീതാലക്ഷമി സന്തോഷത്തോടെ സ്വീകരിച്ചിരുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയില്‍ അവരെ എംഎല്‍എ ആദരിച്ചിരുന്നു. ലക്ഷങ്ങള്‍ ക്ഷേത്രത്തിനു സീതാലക്ഷ്മി സംഭാവനയായി നല്‍കിയതറിഞ്ഞ ഭക്തര്‍ ഇപ്പോള്‍ അവര്‍ക്ക് കൂടുതല്‍ പണം നല്‍കുന്നുണ്ട്. ചിലര്‍ 100 രൂപ വരെയാണ് അവര്‍ക്ക് നല്‍കുന്നത്. ചില ഭക്തര്‍ സീതാലക്ഷ്മിയുടെ അനുഗ്രഹവും വാങ്ങുന്നതായി ബസവരാജ് വിശദമാക്കി. സീതാലക്ഷ്മിയെ എല്ലാ തരത്തിലും സഹായിച്ചിരുന്നതായി സഹോദരന്‍ കുഗേശന്‍ പറയുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അവര്‍ക്ക് ഒരു അപകടത്തില്‍ പരിക്കേറ്റിരുന്നു. അന്ന് ആവശ്യമായ മെഡിക്കല്‍ സഹായവും മറ്റുമെല്ലാം നല്‍കയിരുന്നു. എന്നാല്‍ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടാന്‍ അവര്‍ക്ക് ആഗ്രഹമില്ലായിരുന്നു. അതിരാവിലെ തന്നെ ക്ഷേത്രത്തിലേക്കു പോവുന്ന സഹോദരി വൈകീട്ട് ഏറെ വൈകിയാണ് വീട്ടിലേക്ക് തിരിച്ചുവന്നിരുന്നതെന്നും ഇയാള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top