സ്വാശ്രയ ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ നിരാഹാരമിരിക്കുന്ന ലീഗ് എംഎല്‍എ മകളെ എംബിബിഎസിന് ചേര്‍ത്തത് ലക്ഷങ്ങള്‍ മുടക്കി,സോഷ്യല്‍ മീഡിയയില്‍ ട്രോള്‍

തിരു:സ്വാശ്രയ കോളേജുകള്‍ക്കെതിരെ നിയമസഭയില്‍ അനുഭാവ സത്യാഗ്രഹമിരിക്കുന്ന ലീഗ് എംഎല്‍എ മകളെ സ്വാശ്രയ കോളേജില്‍ ചേര്‍ത്തതു ലക്ഷങ്ങള്‍ മുടക്കി. മുസഌംലീഗ് നേതാവും മണ്ണാര്‍കാട് എംഎല്‍എയുമായ എന്‍ ഷംസുദീനെതിരെയാണ് ആരോപണം ഉയരുന്നത്. എംഎല്‍എ മകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി സീറ്റ് നേടിയതിന് ശേഷമാണ് സത്യാഗ്രഹത്തിന് നിയമസഭയിലെത്തിയതെന്നാണ് ആരോപണം.
സോഷ്യല്‍ മീഡിയയിലാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എംഎല്‍എയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. പാലക്കാട് കരുണ മെഡിക്കല്‍കോളേജിലാണ് ഷംസുദീന്‍ മകള്‍ ഷെഹര്‍സാദിനെ എംബിബിഎസിന് ചേര്‍ത്തത്. 50 ശതമാനം സീറ്റ് സര്‍ക്കാരിന് കൊടുക്കാന്‍ തയ്യാറാകാത്ത സ്വകാര്യ മെഡിക്കല്‍കോളേജാണ് പാലക്കാട് കരുണ. എല്ലാസീറ്റും മാനേജ്‌മെന്റായി പരിഗണിച്ച് ലക്ഷങ്ങളാണ് ഇവിടെ വാര്‍ഷിക ഫീസ് ഈടാക്കുന്നത്.ആചാരപരമായ കാരണങ്ങളാല്‍ ഭക്ഷണം കഴിച്ചാണ് ലീഗ് എംഎല്‍എമാരുടെ സത്യഗ്രഹം. പാലക്കാട് കരുണയില്‍ കുറഞ്ഞ ഫീസ് 10 ലക്ഷമാണ്. എങ്കിലും ഇവിടെ പ്രവേശനം ലഭിക്കിണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കണം.
ഒരുകാലത്തും സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാതെ 100 ശതമാനം സീറ്റിലും സ്വന്തം നിലയില്‍ ലക്ഷങ്ങള്‍ ഫീസ് വാങ്ങി പ്രവേശനം നടത്തുന്ന ഈ കോളേജിലെ പ്രവേശനം സുതാര്യമാകാത്തതിനാല്‍ മേല്‍നോട്ട സമിതിയായ ജസ്റ്റിസ് ജയിംസ് കമ്മിറ്റി രണ്ടുതവണ താക്കീത് നല്‍കി. ഈ കോളേജിലെ പ്രവേശന തിരിമറിക്കെതിരെ ജയിംസ് കമ്മിറ്റി മുമ്പാകെ നിരവധി പരാതി നിലവിലുണ്ട്. ഇവിടെയാണ് ലക്ഷങ്ങള്‍ നല്‍കി മകളെ എംബിബിഎസിന് ചേര്‍ത്തശേഷം സത്യാഗ്രഹമിരിക്കുന്നത്.
സര്‍ക്കാരിന് 50 ശതമാനം സീറ്റു വിട്ടുകൊടുത്ത കോളേജുകളില്‍ 30 ശതമാനം സീറ്റില്‍ 2.5 ലക്ഷം ഫീസ് ഇടാക്കിയതിനെതിരെയാണ് കോണ്‍ഗ്രസിന്റെ അക്രമ സമരം. 20 ശതമാനം സീറ്റില്‍ 25,000 രൂപമാത്രമാണ് ഫീസ്. പാലക്കാട് കരുണയില്‍ ഒരു സീറ്റിലും 2.5 ലക്ഷം ഫീസില്ല.

അതേസമയം സ്വാശ്രയ ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ കക്ഷിയോഗത്തിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. നിയമസഭയില്‍ സ്വാശ്രയ വിയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് പിണറായി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. സ്വാശ്രയപ്രശ്‌നത്തില്‍ ദിവസങ്ങളായി സമരം നടക്കുമ്പോള്‍ ഇത്ര ലാഘവത്തോടെ മുഖ്യമന്ത്രി മറുപടി പറയരുതെന്നാണ് പ്രതിപക്ഷം പറയുന്നത്. മുഖ്യമന്ത്രിയുെ മറുപടിയില്‍ പ്രതിഷേധിച്ച് കേരളാകോണ്‍ഗ്രസും പ്രതിപക്ഷവും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.വ്യാഴാഴ്ചയാണ് സ്പീക്കറുടെ ചേമ്പറില്‍ സര്‍വ കക്ഷിയോഗം നടന്നത്. ആരോഗ്യമന്ത്രി കെകെ ഷൈലജ, പാര്‍ലമെന്ററി കാര്യമന്ത്രി എകെ ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്ത യോഗത്തിലേക്ക് മുഖ്യമന്ത്രിയെത്തിയിരുന്നില്ല. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ തലവരിപ്പണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിട്ടുണ്ട്. തലവരിപ്പണം വാങ്ങുന്ന കോളേജുകളെ കുറിച്ച് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാശ്രയ കോളേജുകളില്‍ തലവരിപ്പണം വാങ്ങുന്നത് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് വിടി ബലറാം എംല്‍എയാണ് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്തു നിന്നും നോട്ടീസ് നല്‍കിയത്. നിയമസഭയില്‍ നിരാഹാര സമരം തുടരുന്ന എംഎല്‍എമാരുടെ കാര്യം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനൂപ് ജേക്കബ് എന്നിവര്‍ നിരാഹാര സമരം തുടരുകയാണ്.

Latest
Widgets Magazine