പണംവാങ്ങി അനര്‍ഹര്‍ക്കു പ്രവേശനം: സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി:കണ്ണൂർ കരുണ മെഡിക്കൽ കോളേജുകളുടെ അനർഹമായ നിയമനത്തെ മൂടി മഹത്വവൽക്കരിക്കാൻ ബിൽ വരെ കൊണ്ടുവന്ന കേരളം സർക്കാർ തീരുമാനം വിവാദമായിരിക്കെ സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്ത് . പണംവാങ്ങി അനര്‍ഹര്‍ക്കു പ്രവേശനം നല്‍കുന്നതു സ്വാശ്രയ മാനേജ്മെന്‍റുകളുടെ രീതിയാണ്. അര്‍ഹരായ വിദ്യാര്‍ഥികള്‍ പുറത്തു നില്‍ക്കുമ്പോള്‍ അനർഹർക്കു പ്രവേശനം നല്‍കുന്നുവെന്നും കോടതി വിമർശിച്ചു. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണു പരാമര്‍ശം. കോടതിയെ സമീപിച്ച ഒന്‍പതുപേരില്‍ അഞ്ചുപേരും ഒന്നാംവര്‍ഷം തോറ്റിരുന്നു. ഉച്ചകഴിഞ്ഞു വിശദമായ വാദം കേള്‍ക്കും.

മലബാര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തി പത്ത് വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണു കോടതിയുടെ വിമര്‍ശനം. വിദ്യാർഥികളുടെ മാര്‍ക്ക് ലിസ്റ്റ് മുദ്രവച്ച കവറില്‍ ആരോഗ്യ സര്‍വകലാശാല കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് റദ്ദാക്കിയതിനു പിന്നാലെയാണു മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളജിന്റെ കാര്യത്തിലും സുപ്രീംകോടതി ശക്തമായ നിലപാട് എടുക്കുന്നത്.

Latest