ഒരു മഹാപാപി മാനം നശിപ്പിച്ചപ്പോള്‍ മറ്റൊരാള്‍ അവള്‍ക്ക് ദൈവമായി’;അനുഭവം വിവരിച്ച് ഡോക്ടറുടെ കുറിപ്പ്

ഒരു മഹാപാപി മാനം നശിപ്പിച്ചപ്പോള്‍ മറ്റൊരാള്‍ അവള്‍ക്ക് ദൈവമായി’;അനുഭവം വിവരിച്ച് ഡോക്ടറുടെ കുറിപ്പ്…ഷിനു ശ്യാമളന്‍ എന്ന ഡോക്ടറുടെ ഒരു അനുഭവകഥ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ചികിത്സ തേടിയ ഒരു ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ജീവിതമാണ് ആ ഫെയ്‌സ്ബുക്ക് കുറിപ്പിന് ആധാരം. പെണ്‍കുട്ടിയുടെ പേര് രാധ, പ്രായം പതിനെട്ട് വയസ്.രണ്ടാമത്തെ പ്രസവമാണെന്ന് അറിഞ്ഞതോടെ ഡോക്ടര്‍ ഷിനു ശ്യാമളന്‍ ഞെട്ടി. ആദ്യ പ്രസവം നടന്നത് അവള്‍ക്ക് കേവലം 16 വയസ്സുള്ളപ്പോള്‍. അച്ഛന്റെ സുഹൃത്തിന്റെ പീഡനത്തെ തുടര്‍ന്നാണ് അവള്‍ അന്ന് ഗര്‍ഭിണിയായത്.അത് നാട്ടിലാകെ പരക്കുകയും ചെയ്തു. ഒടുവില്‍ അവള്‍ നേരിട്ട പ്രതിസന്ധികള്‍ കേട്ടറിഞ്ഞ ഒരു യുവാവ് നിറവയറോടെയിരുന്ന അവളെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടി. അയാളില്‍ നിന്നുമാണ് രണ്ടാം തവണ അവള്‍ ഗര്‍ഭിണിയായിരിക്കുന്നത്.ആദ്യ പ്രസവത്തിലെ ആണ്‍കുഞ്ഞിനെ അയാള്‍ സ്വന്തം മകനെ പോലെ വളര്‍ത്തുന്നു. ഗര്‍ഭിണികളുടെ കൂട്ടിരിപ്പിക്കുകാര്‍ക്കിടയില്‍ താന്‍ തിരഞ്ഞത് ആ യുവാവിനെയാണെന്ന് ഷിനു ശ്യാമളന്‍ പറയുന്നു.അയാളെ കണ്ടപ്പോള്‍ മനസ്സുകൊണ്ട് തൊഴുതുപോയി. അയാളുടെ മുഖം ഇപ്പോഴും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുകയാണ്. ഒരു പുരുഷന്‍ അവളുടെ മാനം നശിപ്പിച്ചപ്പോള്‍ മറ്റൊരാള്‍ അവള്‍ക്ക് ദൈവമായെന്നും ഡോക്ടര്‍ കുറിച്ചു.ഇതല്ലേ ഭൂമിയില്‍ നമ്മള്‍ തൊഴുകേണ്ട ദൈവങ്ങള്‍ എന്നു ചോദിച്ചുകൊണ്ടാണ് ഡോക്ടര്‍ കുറിപ്പ് ഉപസംഹരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

**ഒരു ഡോക്ടറുടെ ഡയറി കുറിപ്പ്**

2015 ഡിസംബർ 12

പതിവുപോലെ രാവിലെ ആശുപത്രിയിലെത്തി. രണ്ടുവർഷം മുൻപ് അവസാനവർഷം ഹൗസ് സർജൻസി ചെയ്യുന്ന കാലം.

രാവിലെ 8 മണിക്ക് റൗണ്ട്സ് എടുക്കുമ്പോൾ ലേബർ റൂമിൽ ഓരോരോ ഗർഭിണികൾ കിടക്കുന്നുണ്ട്.

ചിലർക്ക് മാസം തികഞ്ഞു,മറ്റുചിലർ ബ്ലീഡിംഗ് ഒക്കെയായി എത്തിയവർ.

പെട്ടെന്ന് ഒരു കുട്ടിയെ ഞാൻ ശ്രദ്ധിച്ചു.ഒരു പക്ഷേ ചെറിയ കുട്ടിയെ പോലെ തോന്നിയത് കൊണ്ടാകും.

sir കുട്ടിയോട് ലാസ്റ്റ് മാസക്കുളി എന്നാണായതെന്ന് ചോദിച്ചു.9 മാസം ആയിരിക്കുന്നു.ഡെലിവറി ഡേയിറ്റിന് രണ്ടു ദിവസം മാത്രം ബാക്കി.സർ എന്നോട് ആ കുട്ടിയുടെ കേസ് ഷീറ്റ് വായിക്കാൻ പറഞ്ഞു.

DR-1

പേര്: രാധ (എന്ന് വിളിക്കാം).18 വയസ്സ്.

പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത് രണ്ടാമത്തെ ഗർഭമാണ്.ഒരു നിമിഷം ഞാൻ ഒന്ന് പതറി.അപ്പോ ആദ്യത്തെ ഡെലിവറി??

രണ്ട് വർഷം മുൻപായിരുന്നു രാധയുടെ ആദ്യത്തെ ഡെലിവറി.16 വയസ്സിൽ!!വല്ലാത്ത ഒരു മരവിപ്പ് തോന്നി.മനുഷ്യത്വമുള്ള ഓരോ മനസ്സും ഒരു നിമിഷമെങ്കിലും ഒന്നു പിടയും.

സ്കൂളിൽ പഠിക്കുമ്പോൾ അവളുടെ വയറു വീർത്തത് ആരും അങ്ങനെ ശ്രദ്ധിച്ചില്ല.തല കറങ്ങി വീണപ്പോളാണ് അമ്മ അവളേം കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടിയത്.

ആ അമ്മ തകർന്നു പോയി.

അവൾ 6 മാസം ഗർഭിണിയാണ്.ചോദിച്ചപ്പോൾ അവൾപൊട്ടി കരഞ്ഞു.സ്വന്തം അച്ഛന്റെ കൂട്ടുകാരനായിരുന്നു ആ മഹാപാപി.ആ കഥ തീപോലെ നാട്ടിലാകെ പാട്ടായി.

പക്ഷേ അവൾക്കുവേണ്ടി ഭൂമിയിൽ ഒരു ദൈവമുണ്ടായിരുന്നു.കല്ലിൽ കൊത്തിയ ശിൽപമല്ല.ജീവനുള്ള ഒരു ഹൃദയം അവൾക്ക് വേണ്ടി തുടിച്ചു.സുരേഷ് എന്നു വിളിക്കാം ആ ചെറുപ്പകാരനെ.ഒരു ലോറി ഡ്രൈവറായിരുന്നു.അവളുടെ കഥ അറിഞ്ഞ് അവൻ സ്വമേധയാ അവളെ കെട്ടി.ആരോ ചെയ്ത തെറ്റ് പക്ഷേ അവൻ അവളെ നിറഞ്ഞ വയറുമായി തന്നെ താളികെട്ടി.

2 വർഷം കഴിഞ്ഞ് അവൾ ഇപ്പോൾ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നു.ആദ്യത്തെ കുട്ടിയെ സുരേഷ് സ്വന്തം മകനെ പോലെ ജീവനുതുല്യം സ്നേഹിക്കുന്നു. റൗണ്ട്സ് ഒക്കെ കഴിഞ്ഞ് ആ കഥ പറഞ്ഞു തീർന്നതും രോഗികളുടെ കൂട്ടിരുപ്പുകാരെ വിളിച്ചുവരുത്തി.എന്റെ കണ്ണുകൾ തിരഞ്ഞത് ആ ചെറുപ്പക്കാരനെയായിരുന്നു.

“”രാധ യുടെ കൂടെ വന്നവർ വരൂ” എന്ന് സിസ്റ്റർ വിളിച്ചതും ദ്ദേ നിൽക്കുന്നു സുരേഷ്.അറിയാതെ മനസ്സുകൊണ്ട് തൊഴുത് പോയി. ഇന്നും ആ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു കത്തുന്നൂ.

ഇന്നവർ എവിടെയാണെന്ന് അറിയില്ല.എങ്കിലും ദൈവം അവർക്ക് നല്ലത് മാത്രം വരുതട്ടെ.

ഒരു പുരുഷൻ അവളുടെ മാനം നശിപ്പിച്ചപ്പോൾ മറ്റൊരു പുരുഷൻ അവൾക്ക് ദൈവമായി.
ഇതല്ലേ ഭൂമിയിൽ നമ്മൾ തൊഴുതേണ്ട ദൈവങ്ങൾ??

Dr Shinu Syamalan

(N.B രാധയും സുരേഷും അവരുടെ മക്കളും എവിടെയോ സന്തോഷത്തോടെ ജീവിച്ചിരിപ്പുണ്ട്.പക്ഷേ പീഡനത്തിനിരയായി എത്രയോ പെൺകുട്ടികളുടെ ജീവിതം പൊലിഞ്ഞു പോയി.അവരെ ഒരു നിമിഷം ഓർക്കാം)

Top