മട്ടൺ ബിരിയാണി കിട്ടിയില്ല; സീരിയൽ നടി തെറിവിളിയും അടിപിടിയും; സംഭവം കോഴിക്കോട്

മട്ടൺ ബിരിയാണി ലഭിക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരനെ കയ്യേറ്റം ചെയ്ത സീരിയൽ നടിയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. സീരിയൽ നടി തൃശൂർ കുന്നംകുളം പൂനഞ്ചേരി വീട്ടിൽ അനു ജൂബി(23), നടിയുടെ സുഹൃത്തുക്കളായ മംഗലാപുരം ബന്തർ സോണ്ടിഹത്തലു സ്വദേശി മുനീസ(21) എറണാകുളം ആലിഞ്ഞല മൂട്ടിൽ നവാസ്, പൂവാട്ടുപറമ്പ് സ്വദേശി എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് കോഴിക്കോട് റഹ്മത്ത് ഹോട്ടലിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ നാൽവർ സംഘം മട്ടൺ ബിരിയാണി ആവശ്യപ്പെട്ടു. എന്നാൽ മട്ടൺ ബിരിയാണി തീർന്നു പോയെന്ന് അറിയിച്ചതോടെ സീരിയൽ നടി ഉൾപ്പെടെയുള്ളവർ ജീവനക്കാരനോട് ക്ഷോഭിച്ചു. ബഹളത്തിനൊടുവിൽ സീരിയൽ നടിയും സുഹൃത്തായ യുവതിയും ഹോട്ടൽ ജീവനക്കാരനെ കയ്യേറ്റം ചെയ്തു. ബഹളവും വഴക്കും കേട്ട് ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മറ്റൊരാൾ പ്രശ്നത്തിൽ ഇടപെട്ടു. പ്രശ്നത്തിൽ ഇടപെട്ടയാൾക്ക് നേരെയായിരുന്നു പിന്നീട് സംഘത്തിന്റെ അതിക്രമം. സീരിയൽ നടിയും സുഹൃത്തുക്കളും ഇയാളെ അസഭ്യം പറഞ്ഞെന്നും, മർദ്ദിച്ചെന്നുമാണ് ആരോപണം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോഴിക്കോട് ടൗൺ പോലീസാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്.

Latest