സേതുലക്ഷ്മിയുടെ കണ്ണീരിന് പരിഹാരവുമായി നടി പൊന്നമ്മ ബാബു; വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണെന്നറിയിച്ച് താരം

പ്രശസ്ത സഹനടി സേതുലക്ഷ്മിയുടെ മകന്റെ ഇരു വൃക്കകളും തകരാറിലായി അത്യന്തം അപകടകരമായ അവസ്ഥയിലാണെന്ന വിവരം അവരുടെ കണ്ണീരൊഴുക്കിയ ഫേസ്ബുക്ക് ലൈവിലൂടെയാണ് ജനം അറിഞ്ഞത്. ചികിത്സയ്ക്ക് മതിയായ പണം തങ്ങളുടെ കയ്യിലില്ലെന്നും അവയവ ദാനത്തിന് ആരെങ്കിലും തയ്യാറാകണമെന്നും സേതുലക്ഷ്മി വീഡിയോയില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി മൂന്നുപേര്‍ രംഗത്തെത്തി.

നേര്‍ച്ചകാഴ്ചകളും പ്രാര്‍ത്ഥനകളും നിറഞ്ഞു നിന്ന തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ സന്തോഷത്തിന്റെ പൊന്‍കിരണം തെളിയിക്കുന്നതായിരുന്നു ആ വാര്‍ത്ത. മകനെയോര്‍ത്ത് കണ്ണീര്‍വാര്‍ത്തിരുന്ന. സേതുലക്ഷ്മിയമ്മയ്ക്ക് അപ്രതീക്ഷിതമെന്നോണമാണ് അവയവദാനത്തിന് സമ്മതവുമായി ആളുകള്‍ രംഗത്തെത്തിയത്. അതില്‍ ഒരാളെ കണ്ട് ഏവരും ഞെട്ടി. മറ്റാരുമല്ല സഹപ്രവര്‍ത്തകയും നടിയുമായ പൊന്നമ്മബാബുവാണ് വൃക്ക ദാനം ചെയ്യാമെന്ന് അറിയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപ്രതീക്ഷിതമായിട്ടാണ് ആ ഫോണ്‍ കോള്‍ വന്നത്. അങ്ങേത്തലയ്ക്കലില്‍ നിന്നും: ചേച്ചി….പൊന്നമ്മയാണ്. ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നില്‍ക്കാന്‍ എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടെപ്പിറപ്പുകളല്ലേ ചേച്ചീ…കിഷോറിന് ഞാനെന്റെ കിഡ്‌നി നല്‍കും. എന്റെ വൃക്ക അവന്‍ സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പുണ്ടോ എന്നെനിക്കറിയില്ല. എനിക്കു വയസായില്ലേ……ഡോക്ടര്‍മാരോടു ചോദിക്കണം വിവരം പറയണം. ഞാന്‍ വരും…. ആനന്ദാശ്രു അനുസ്യൂതം പൊഴിഞ്ഞ ആ വേളയില്‍ സേതുലക്ഷ്മി ആ സന്തോഷവാര്‍ത്ത മകനോട് പങ്കുവച്ചു. വേദനയുടെ കടലാഴം കണ്ട കിഷോറിന്റെ മുഖത്തും നിറകണ്‍ചിരി.

ഇനിയും വൈകിയാല്‍ കിഷോറിനെ എനിക്ക് നഷ്ടമാകുമെന്ന് ഡോക്ടറുടെ വാക്കുകളില്‍ നിന്നും എനിക്കുറപ്പായിരുന്നു. വല്യ വല്യ താരങ്ങള് പറയുമ്പോലെ എനിക്ക് ഇമേജൊന്നുമില്ലപ്പാ…പിന്നെ എന്നെ സ്‌നേഹിക്കുന്നവര്‍ക്കു മുന്നില്‍ വന്ന് എന്റെയൊരു ആവശ്യം പറയാനുള്ള മടിയും എനിക്കില്ലായിരുന്നു. എനിക്കീ വാട്‌സപ്പും, ഫെയ്‌സ്ബുക്കും ഒന്നും അറിയില്ല…കിഷോറിന്റെ കൂട്ടുകാര് പിള്ളേരാണ് പറഞ്ഞത് ക്യാമറയ്ക്കു മുന്നില്‍ വന്ന് ഞങ്ങളുടെ വേദന പറയാന്‍. എല്ലാം ദേവിയുടെ അനുഗ്രഹമാണ്, പിന്നെ എന്റെ കണ്ണീരിന്റെ ബാക്കിയും. നന്മയുള്ള ഒത്തിരിപ്പേര്‍ എന്റെ മകന് സഹായവുമായി എത്തിക്കൊണ്ടേയിരിക്കുന്നു. ഇനി എല്ലാം ദൈവത്തിന്റെ കൈയ്യില്‍…പ്രാര്‍ത്ഥിക്കണേ…അവനു വേണ്ടി- സേതുലക്ഷ്മി പറയുന്നു.

ഇക്കണ്ട 14 വര്‍ഷത്തിനിടയ്ക്ക് ഏകദേശം ഒരു അഞ്ചാറ് ആശുപത്രിയെങ്കിലും ഞാനും അവനും കയറിയിറങ്ങിയിട്ടുണ്ട്. ചികിത്സാ ചെലവ് കൈയ്യില്‍ നില്‍ക്കാതെ വന്നതോടെ പല ആശുപത്രിയില്‍ നിന്നും ഗതിയില്ലാതെ തിരിച്ചിറങ്ങുകയായിരുന്നു. ഫെയ്‌സ്ബുക്കില്‍ എന്റെ വിഡിയോ കണ്ടിട്ട് ഒരുപാട് പേരാണ് സഹായം വാഗദാനം ചെയ്ത് എത്തിയിട്ടുള്ളത്. നിങ്ങളെല്ലാവരുടേയും പ്രാര്‍ത്ഥനയുടേയും ധൈര്യത്തിന്റേയും സഹായത്തിന്റേയുമെല്ലാം ധൈര്യത്തില്‍ തിരുവനന്തപുരത്തെ മെച്ചപ്പെട്ട ഒരു ആശുപത്രിയിലേക്ക് അവനെ മാറ്റിയിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥ തീരെ വഷളാണ്. എല്ലു നുറുങ്ങുന്ന വേദനയ്ക്ക്, 6500 രൂപയുടെ ഇഞ്ചക്ഷനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എത്രയും പെട്ടെന്ന് കിഡ്‌നി മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. മാത്രമല്ല ഓപ്പറേഷന് വേണ്ടി ഇറങ്ങിത്തിരിക്കുന്ന പക്ഷം കുറഞ്ഞത് 35 ലക്ഷം രൂപയെങ്കിലും കരുതിവച്ചിട്ടേ ഇറങ്ങാവൂ എന്നാണ് സാറന്‍മാര്‍ പറയുന്നത്. അല്ലെങ്കില്‍ ഈ ചെയ്തതൊക്കെ വെറുതെയാകുമത്രേ. നടി പൊന്നമ്മബാബു ഉള്‍പ്പെടെ മൂന്ന് പേര്‍ കിഡ്‌നി തന്ന് സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കിഡ്‌നി ആരെങ്കിലും തന്ന് സഹായിച്ചാല്‍ ചെലവ് എല്ലാം കൂടി 25 ലക്ഷത്തില്‍ നില്‍ക്കുമെന്നാണ് കരുതുന്നത്. ഞാന്‍ ഫെയ്‌സ്ബുക്കിലിട്ട വിഡിയോയില്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയിട്ടില്ല എന്ന് പലരും പറഞ്ഞു കേട്ടു. അതു കൊണ്ട് സുഹൃത്തുക്കള്‍ വഴി എന്റെ മകനെ സഹായിക്കുന്നതിനു വേണ്ടിയുള്ള അക്കൗണ്ട് വിവരങ്ങളും ഫെയ്‌സ്ബുക്ക് വഴി പിള്ളേര് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്-സേതുലക്ഷ്മി പറഞ്ഞു.

ഇതിനെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എന്ന് പറഞ്ഞ് വലുതാക്കരുതേ എന്നാണ് പൊന്നമ്മ ബാബുവിന്റെ പ്രതികരണം. വാര്‍ത്തയാക്കാന്‍മാത്രം എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന ഭാവവും എനിക്കില്ല, സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തില്‍ അഭിനയിക്കുന്ന നാള്‍ തൊട്ടേ എനിക്കു ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി, ക്യാമറയ്ക്കു മുന്നില്‍ നിന്ന് കരഞ്ഞ ആനിമിഷമുണ്ടല്ലോ….അതെനിക്ക് സഹിക്കാനായില്ല. കാശ് വാരിയെറിയാനൊന്നും എനിക്കാവില്ല, എന്റെ കൂടപ്പിറപ്പിനു വേണ്ടി, അവരുടെ മകനു വേണ്ടി എനിക്കിപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ഇതാണ്. ഞാനിത് പറയുമ്പോള്‍ സേതുചേച്ചി എന്നോടു പറഞ്ഞത് കാശിന്റെ കണക്കാണ്. കാശ് കൊണ്ട് അളക്കാന്‍ വേണ്ടി മാത്രമേയുള്ളോ ചേച്ചീ നമ്മുടെ ബന്ധം എന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്. കിഷോര്‍ എന്റെ വൃക്ക സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പുണ്ടോ എന്നെനിക്കറിയില്ല. എനിക്കു വയസൊക്കെയായില്ലേ…. എല്ലാം ഒത്തുവന്നാല്‍ ഞാനതിന് ഒരുക്കമാണ്. ഞാനവന് വൃക്ക ധാനം ചെയ്യും. ബാക്കി കാര്യങ്ങള്‍ ഡോക്ടര്‍മാരുടേയും ദൈവത്തിന്റേയും കൈയ്യില്‍- പൊന്നമ്മ ബാബു പറഞ്ഞു

Top