അവാര്‍ഡ്ദാന ചടങ്ങിനിടെ കടന്നുപിടിച്ചു; ഫിഫ മുന്‍ മേധാവി ബ്ലാറ്റര്‍ക്കെതിരേ വനിതാ താരം

അഴിമതിയാരോപണങ്ങളെത്തുടര്‍ന്നു രാജിവച്ച ഫിഫയുടെ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കെതിരേ ലൈംഗികാരോപണം കൂടി പുറത്ത് വന്നു. അമേരിക്കയുടെ വനിതാ ടീം ഗോള്‍കീപ്പറായ ഹോപ്പ് സോളോയാണ് തന്നോട് ബ്ലാറ്റര്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. അമേരിക്കന്‍ ടീമിനൊപ്പം ലോകിരീടം നേടിയ താരമാണ് 36 കാരിയായ സോളോ. ഗോള്‍കീപ്പറാണ് ഇവര്‍. 2013ലെ ബാലണ്‍ ഡിയോര്‍ പുരസ്‌കാര ചടങ്ങിനിടെയാണ് ബ്ലാറ്ററുടെ ഭാഗത്തു നിന്നു തനിക്കു മോശം അനുഭവമുണ്ടായതന്ന് സോളോ പറയുന്നു. പോര്‍ച്ചുഗീസ് പത്രമായ എക്‌സ്പ്രസോയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സോളോയുടെ ഗുരുതര ആരോപണം. അമേരിക്കന്‍ വനിതാ ഫുട്ബോളിലെ ഇതിഹാസതാരങ്ങളിലൊരാളാണ് സോളോ. ദേശീയ ടീമിനായി 202 മല്‍സരങ്ങളില്‍ താരം ഗോള്‍വല കാത്തിട്ടുണ്ട്. തുടര്‍ച്ചയായി 17 വര്‍ഷം ഫിഫയെ നിയന്ത്രിച്ചത് ബ്ലാറ്ററായിരുന്നു. 2015ല്‍ അഴിമതിയാരോപണം പുറത്തുവന്നതോടെയാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളില്‍ നിന്നും ആറു വര്‍ഷത്തേക്ക് ഫിഫ അദ്ദേഹത്തെ വിലക്കുകയും ചെയ്തിരുന്നു. 2013ലെ ഫിഫ ബാലണ്‍ഡിയോര്‍ പുരസ്‌കാര ദാനച്ചടങ്ങില്‍ അവാര്‍ഡ് ദാനത്തിനായി തന്നെയും ക്ഷണിച്ചിരുന്നു. അവാര്‍ഡ് നല്‍കുന്നതിനായി താന്‍ സ്റ്റേജില്‍ കയറിയപ്പോഴായിരുന്നു സംഭവം. ബ്ലാറ്ററും അപ്പോള്‍ വേദിയിലുണ്ടായിരുന്നു. വേദിയിലെത്തിയ തന്നെ അദ്ദേഹം ഹസ്തദാനം ചെയ്തു. പെട്ടെന്നാണ് അപ്രതീക്ഷിതമായി അദ്ദേഹം തന്റെ ശരീരത്തിന്റെ പിറകില്‍ ലൈംഗികച്ചുവയോടെ പിടിച്ചതെന്നും സോളോ വെളിപ്പെടുത്തി. അതേസമയം സോളോയുടെ ആരോപണം 81 കാരനായ ബ്ലാറ്റര്‍ നിഷേധിച്ചു. താരത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ബ്ലാറ്ററുടെ വിശദീകരണം. 2013ല്‍ സംഭവം നടന്നിട്ടും നാലു വര്‍ഷത്തോളം ഇതേക്കുറിച്ച് മൂടിവയ്ക്കാന്‍ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ സോളായുടെ മറുപടി ഇങ്ങനെയായിരുന്നു. ലോക ഫുട്‌ബോളിലെ പരമോന്നത പുരസ്‌കാരമായ ബാലണ്‍ഡിയോര്‍ സമ്മാനിക്കാന്‍ ക്ഷണിച്ചപ്പോള്‍ തന്നെ താന്‍ പരിഭ്രമത്തിലായിരുന്നു. അന്ന് അതു കൊണ്ടാണ് ഇതേക്കുറിച്ച് പുറത്തുപറയാതിരുന്നത്. അന്നത്തെ സംഭവത്തിനു ശേഷം ബ്ലാറ്ററെ നേരിട്ടു കണ്ടിട്ടില്ല. ഇനിയൊരിക്കലും തന്റെ ശരീരത്തില്‍ തൊട്ടുപോവരുതെന്ന് ബ്ലാറ്ററോട് പറയാന്‍ തനിക്കു അവസരം കിട്ടിയില്ലെന്നും സോളോ പറഞ്ഞു. സാധാരണ ഇത്തരം അനുഭവമുണ്ടാവുമ്പോള്‍ ഇങ്ങനെയാണ് ചെയ്യാറുള്ളത്. ഏതു കാര്യവും നേരിട്ടു തന്നെ കൈകാര്യം ചെയ്യാനാണ് താന്‍ ശ്രമിക്കാറുള്ളതെന്നും സോളോ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ പ്രമുഖ നടിമാരും മോഡലുകളുമെല്ലാം ഹോളിവുഡിലെ്പ്രശസ്ത നിര്‍മാതാവായ ഹാര്‍വി വിന്‍സ്റ്റനെതിരേ ലൈംഗിരോപണവുമായി രംഗത്തുവന്നിരുന്നു. സിനിമാ മേഖലയില്‍ മാത്രമല്ല ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് സോളോ വെളിപ്പെടുത്തി. വനിതാ ഫുട്‌ബോളില്‍ ലൈംഗികമായുള്ള ചൂഷണം വ്യാപകമാണെന്നും അവര്‍ തുറന്നടിച്ചു. കരിയറിലുടനീളം അത്തരം കാര്യങ്ങള്‍abuse താന്‍ നേരിട്ടു കണ്ടിട്ടുണ്ടെന്നും സോളോ പറഞ്ഞു. കോളേജ് തലത്തില്‍ തങ്ങളെ പഠിപ്പിച്ചിരുന്ന കോച്ചുമാരെ പ്രണയിച്ച് വിവാഹം കഴിക്കുകയാണ് കുറച്ചു കാലമായി പല വനിതാ താരങ്ങളും ചെയ്തിരുന്നത്. കോച്ചുമാരില്‍ നിന്നും വനിതാ താരങ്ങള്‍ക്ക് മോശം അനുഭവമാണ് പലപ്പോഴും ഉണ്ടാവാറുള്ളത്. കോച്ചുമാരില്‍ നിന്നു മാത്രമല്ല, ടീം ഡോക്ടര്‍മാര്‍, ട്രെയിനര്‍മാര്‍, പ്രസ് ഓഫീസര്‍മാര്‍ എന്നിവരെയെല്ലാം അരുതാത്ത സാഹചര്യത്തില്‍ താരങ്ങളോടൊപ്പം ഡ്രസിങ് റൂമില്‍ പല തവണ കണ്ടിട്ടുണ്ടെന്നും സോളോ വെളിപ്പെടുത്തി. എന്നാല്‍ എന്തുകൊണ്ടാണ് താരങ്ങള്‍ തങ്ങള്‍ക്കു നേരെയുണ്ടാവുന്ന ഇത്തരം ചൂഷണങ്ങളെക്കുറിച്ച് പുറത്തു പറയാന്‍ മടിക്കുന്നതെന്നും അമേരിക്കന്‍ താരം ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top