നടതുറക്കാന്‍ രണ്ടു ദിവസം; ശബരിമല ദര്‍ശനത്തിന് കൂടുതല്‍ യുവതികള്‍

തുലാമാസ പൂജകള്‍ക്കായി നടതുറക്കാന്‍ രണ്ടു ദിവസംമാത്രം ശേഷിക്കെ സ്ത്രീപ്രവേശ വിഷയത്തില്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും നിലപാടില്‍ അയവുവരുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. നടതുറക്കുന്നതിന്റെ തലേന്നാണ് ചര്‍ച്ച. സുപ്രീംകോടതി വിധിക്കും അത് നടപ്പാക്കാനിറങ്ങിയ സര്‍ക്കാരിനുമെതിരേ രോഷം ശക്തമായതിനിടെയാണ് ദേവസ്വം ബോര്‍ഡ് കൂടിയാലോചനകള്‍ക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ ക്ഷണിച്ചിരിക്കുന്നത്. അതേസമയം, കണ്ണൂര്‍ സ്വദേശി രേഷ്മയ്ക്ക് പിന്നാലെ ശബരിമലയില്‍ പോകാന്‍ കൂടുതല്‍ സ്ത്രീകള്‍ തയാറെടുക്കുകയാണ്.

വടക്കന്‍ കേരളത്തില്‍ ഒരുകൂട്ടം യുവതികള്‍ ശബരിമല സന്ദര്‍ശത്തിനായി വ്രതമെടുത്തു വരികയാണ്. വ്രതം തുടങ്ങി, ഉടന്‍ മാലയിടും. ഭീഷണി ഉള്ളതിനാല്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്ന് യുവതി പറഞ്ഞു. സര്‍ക്കാര്‍ ആവശ്യമായ സുരക്ഷ ഒരുക്കുമെന്നാണ് വിശ്വാസമെന്നും യുവതി. വിധി നടപ്പാക്കാന്‍ സാവകാശം തേടാമെന്ന നിയമോപദേശം സര്‍ക്കാരിനു മുന്നിലുണ്ട്. സാവകാശം തേടാനുള്ള ആലോചനയും ദേവസ്വംബോര്‍ഡിന്റെ അനുരഞ്ജന നീക്കങ്ങളും വിഷയത്തില്‍ സര്‍ക്കാര്‍ അയയുന്നതിന്റെ സൂചനയാണ്. വിശ്വാസികളുടെ ഒരാവശ്യവും പരിഗണിച്ചില്ലെന്ന പരാതിക്ക് തടയിടാന്‍ ബോര്‍ഡിനും സമരത്തിന്റെ തീവ്രതയും സര്‍ക്കാരിനോടുള്ള എതിര്‍പ്പും കുറയ്ക്കാന്‍ സര്‍ക്കാരിനും ഇതൊക്കെ മാത്രമാണ് വഴികള്‍. ദിവസങ്ങള്‍ക്കുമുമ്പ് ശബരിമല തന്ത്രിമാരുമായി മുഖ്യമന്ത്രി മുന്‍കൈയെടുത്ത ചര്‍ച്ച നടക്കാതെപോയത് മുന്‍വിധിയോടെ സര്‍ക്കാര്‍ സമീപിച്ചതിനാലാണെന്ന് കുറ്റപ്പെടുത്തലുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൊവ്വാഴ്ചത്തെ ചര്‍ച്ച തുറന്ന മനസ്സോടെയാണെന്നും ശബരിമലയെ രാഷ്ട്രീയപ്രശ്‌നമായി കരുതുന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞിട്ടുണ്ട്. കോടതിവിധി വന്നതുമുതല്‍ കൂടുതല്‍ പഴികേട്ടത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡാണ്. പുനഃപരിശോധനാ ഹര്‍ജിയുടെ പേരില്‍ പ്രസിഡന്റിന് മുഖ്യമന്ത്രിയുടെ ഇഷ്ടക്കേടും നേരിടേണ്ടിവന്നു. ക്ഷേത്രാചാരങ്ങള്‍ അതേപടി തുടരണമെന്ന നിലപാട് ബോര്‍ഡിനുണ്ടായിരുന്നെങ്കിലും അത് പരസ്യമായി പ്രഖ്യാപിക്കാനായത് കഴിഞ്ഞ ബുധനാഴ്ചമാത്രമാണ്. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു. സംഘപരിവാര്‍ സംഘടനകളെ പൂര്‍ണമായി ഒഴിവാക്കി ക്ഷേത്രവുമായി ബന്ധപ്പെട്ടവരെമാത്രമാണ് ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്.

Top