തന്ത്രിയില്ലാതെ ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ നടത്തി; കനത്ത മഴയും ഉരുള്‍പൊട്ടലും തന്ത്രിയുടെ യാത്ര മുടക്കി…

പമ്പ: പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ശബരിമല തീര്‍ത്തും ഒറ്റപ്പെട്ടു. തന്ത്രിയെത്താതെ ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ നടത്തി. വാര്‍ത്താ വിനിമയ സൗകര്യങ്ങളും തകരാറിലായി. മേല്‍ശാന്തി ഉള്‍പ്പെടെ നൂറോളം പേര്‍ ശബരിമലയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഴ തുടര്‍ന്നാല്‍ ഭക്ഷണം പോലും അങ്ങോട്ടേക്ക് എത്തിക്കാനാവാത്ത സ്ഥിതി വരും. ശബരിമലയില്‍ നിറ പുത്തരി ചടങ്ങുകള്‍ മുന്‍ നിശ്ചയിച്ച സമയത്ത് തന്നെ നടന്നുവെങ്കിലും തന്ത്രിക്ക് എത്താനായില്ല. പമ്പയില്‍ നിന്നും രണ്ട് തൊഴിലാളികള്‍ നെല്‍ക്കതിരുമായി പമ്പയ്ക്ക് കുറുകെ കട്ടിയ വടത്തില്‍ പിടിച്ച് നീന്തി മറുകരയെത്തിയ ശേഷം ട്രാക്ടറില്‍ സന്നിധാനത്തെത്തുകയായിരുന്നു.

ഈ നെല്‍ കതിരുകള്‍ ഉപയോഗിച്ച് ക്യത്യ സമയത്ത് തന്നെ നിറപുത്തരി ചടങ്ങുകള്‍ നടത്തുകയായിരുന്നു. പെരിയാര്‍ കടുവാ സങ്കേതം ക്യാമ്പില്‍ തങ്ങുന്ന തന്ത്രിയും സംഘത്തിനും പേമാരിയില്‍ സന്നിധാനത്ത് എത്താനായില്ല. കാലാവസ്ഥ അനുകൂലമാകാത്തതായിരുന്നു ഇതിന് കാരണം. ഈ സാഹചര്യത്തില്‍ മേല്‍ശാന്തിയാണ് ചടങ്ങുകള്‍ നടത്തിയത്. ഭക്തര്‍ക്ക് ആര്‍ക്കും പമ്പയില്‍ നിന്നും സന്നിധാനത്ത് എത്താനായില്ല. അണക്കെട്ടുകള്‍ തുറന്നു വിട്ടതോടെ പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് ആര്‍ക്കും പോകാനാവാത്ത അവസ്ഥയുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് തിരിച്ചറിഞ്ഞാണ് ഉള്‍വനത്തിലെ പാതയിലൂടെ പുല്‍മേട് വഴി തന്ത്രിയെ ക്ഷേത്രത്തിലെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മഴ കനത്തതോടെ ഉരുള്‍പൊട്ടല്‍ ശക്തമായി. ഇതോടെ ഇതുവഴി തന്ത്രിയുമായെത്തുന്നതും പ്രതിസന്ധിയിലായി. കനത്ത മഴ കാരണം ഭക്തരും മലയിലെത്തിയില്ല. തൊഴാനെത്തുന്നവരെ പമ്പയില്‍ നിന്ന് തന്നെ മടക്കി അയക്കുകയാണ് പൊലീസ്. ശബരിമല തീര്‍ത്ഥാടന കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇതെന്നാണ് വിലയിരുത്തല്‍. തന്ത്രിയുടെ സാന്നിധ്യമില്ലാതെ നട തുറക്കുക, ഭക്തര്‍ക്ക് മലകയറാന്‍ തടസ്സംവരിക തുടങ്ങി ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങള്‍ക്കാണ് ചൊവ്വാഴ്ച ശബരിമല സന്നിധാനം സാക്ഷ്യംവഹിച്ചത്. ശബരിഗിരി പദ്ധതിയുടെ പമ്പ, ആനത്തോട് ഡാമുകള്‍ തുറന്നതോടെ പമ്പ മണപ്പുറത്തുണ്ടായ വെള്ളപ്പൊക്കമാണ് ശബരിമലയില്‍ പ്രതിസന്ധിയിലായത്.

തടസ്സങ്ങളറിയാതെയെത്തിയ അയ്യപ്പന്മാരെ തിരിച്ചയക്കേണ്ടിവന്നതും ഇതാദ്യം. വണ്ടിപ്പെരിയാര്‍, പുല്ലുമേട് വഴി സന്നിധാനത്തേക്ക് നടപ്പാതയുണ്ടെങ്കിലും തീര്‍ത്ഥാടനകാലത്ത് മാത്രമേ അതു തുറക്കാന്‍ അനുമതിയുള്ളൂ. ശബരിമല നിറപുത്തിരിക്ക് തന്ത്രി ഉണ്ടാകണമെന്ന ആചാരം പാലിക്കാനാണ് ഈ പാതയിലൂടെ കണ്ഠര് മഹേശ്വരര് മോഹനരെയും സംഘത്തെയും വിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. പക്ഷേ അതും നടന്നില്ല. നിറപുത്തിരിച്ചടങ്ങിന് ചൊവ്വാഴ്ച വൈകീട്ട് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയാണ് നടതുറന്നത്. തന്ത്രിയുടെ അനുജ്ഞയോടെയാണിത് ചെയ്തത്. സോപാനത്ത് നടതുറക്കുമ്പോള്‍ ശംഖുവിളിക്കേണ്ട വാദ്യകലാകാരന്മാരായ രാജീവ്, ബിജു തുടങ്ങിയവര്‍ പമ്പയില്‍നിന്ന് മലകയറാന്‍ കഴിയാതെ കുടുങ്ങി.

സാഹസികരായ നാലു തൊഴിലാളികളുടെ നിശ്ചയദാര്‍ഢ്യത്തിലാണ് നെല്‍ക്കതിരുകള്‍ പമ്പയില്‍നിന്ന് സന്നിധാനത്തെത്തിച്ചത്. പമ്പയില്‍നിന്ന് നെല്‍ക്കതിര്‍ ചാക്കില്‍ക്കെട്ടി നീന്തിയ നാറാണംതോട് സ്വദേശികളായ ജോബിന്‍, കറുപ്പ്, കൊട്ടാരക്കര അമ്ബലംകുന്ന് സന്തോഷ്, കണമല സ്വദേശി ജോണി എന്നിവരാണ് പുഴയിലെ കുത്തൊഴുക്കിനെ തോല്‍പ്പിച്ചത്.

അക്കരെയെത്തിയശേഷം ട്രാക്ടറില്‍ കതിരുമായി പോകുമ്പോള്‍ സ്വാമി അയ്യപ്പന്‍ റോഡില്‍ മരം വീണതും തടസ്സമായി. ഇത് വെട്ടിനീക്കിയശേഷമാണ് യാത്രതുടര്‍ന്നത്. രണ്ടുമണിക്കൂര്‍കൊണ്ടാണ് ഇവര്‍ സന്നിധാനത്തെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ നാലിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ നിറപുത്തിരിച്ചടങ്ങുകള്‍ തുടങ്ങി. ആറിന് നെല്‍ക്കറ്റകള്‍ ശ്രീകോവിലിലെത്തിച്ച് മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ഭഗവാന് സമര്‍പ്പിക്കുകയായിരുന്നു.

Top